March 29, 2024

മാനന്തവാടി-മട്ടന്നൂര്‍ വിമാനത്താവള റോഡ്; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

0
Img 20221207 114813.jpg
മാനന്തവാടി: വയനാടിന്റേയും, കണ്ണൂരിന്റെ മലയോര മേഖലകളുടേയും മുഖച്ഛായ മാറ്റാനുതകുന്ന തരത്തില്‍ വിഭാവനം ചെയ്ത നിര്‍ദിഷ്ട മാനന്തവാടി – മട്ടന്നൂര്‍ വിമാനത്താവളം നാലുവരിപ്പാത അട്ടിമറിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്. മാനന്തവാടി മുതല്‍ മട്ടന്നൂര്‍ വരെയാണ് നാലുവരി പാതയെന്ന് സര്‍ക്കാര്‍ ഉത്തരവിലും , പ്രാരംഭ സര്‍വേയിലും വ്യക്തമായിട്ടും, സാങ്കേതിക പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി മാനന്തവാടിയില്‍ നിന്നും അമ്പായത്തോടു വരെയുള്ള ഭാഗത്തെ റോഡ് രണ്ടു വരിയായി മാത്രം നിലനിര്‍ത്തുന്ന തീരുമാനത്തിനെതിരെയാണ് കൊട്ടിയൂര്‍ നിവാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. മാനന്തവാടിവരെ വേണ്ട നാല് വരിപാത അമ്പായത്തോട് മുതല്‍ മട്ടന്നൂര്‍ വരെ മാത്രമാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ നിവാസികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഇതിനിടെ മാനന്തവാടി ഭാഗത്താകട്ടെ നാല് വരി പാത ഉപേക്ഷിച്ച് രണ്ട് വരിയുള്ള മലയോര ഹൈവേ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
നാലുവരിപാതയുടെ പ്രാരംഭ സര്‍വയിലും സര്‍ക്കാര്‍ ഉത്തരവിലും മാനന്തവാടിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എത്തുന്ന റോഡ് നാല് വരി പാതയാണെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അമ്പായത്തോട് വരെ മാത്രം നാലുവരി പാതയാക്കാന്‍ ആണ് തീരുമാനം. കഴിഞ്ഞ ഒക്ടോബര്‍ 7 ലെ ഉത്തരവുപ്രകാരം അളന്ന് കിഫ്ബി അതിരടയാളകല്ലുകള്‍ സ്ഥാപിച്ചിട്ടുള്ളതും അമ്പായത്തോട് വരെയാണ്.
അമ്പായത്തോട് മുതല്‍ മാനന്തവാടി വരെ വിഭാവനം ചെയ്ത നാലുവരിപാത രണ്ടുവരി പാതയാക്കി നിര്‍മ്മിച്ചാല്‍ വലിയ ഗതാഗതക്കുരുക്കിനും, റോഡ് അപകടങ്ങള്‍ക്കും ഇത് കാരണമാകുമെന്നും നിവേദനത്തില്‍ പറയുന്നു. പദ്ധതിയില്‍ ആദ്യം വ്യക്തമാക്കിയ 63.5 കിലോമീറ്ററും നാലുവരി പാതയാക്കി നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കും, പൊതുമരാമത്ത് മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ഇവര്‍ ആവശ്യപ്പെടുന്നു. കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം, കൊട്ടിയൂര്‍ പഞ്ചായത്ത് റസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങളും ചേര്‍ന്ന സംഘമാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *