കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം ഉടൻ നൽകണം: പി.കെ. ജയലക്ഷ്മി.
കൽപ്പറ്റ: വേനൽ മഴയിലും കാലവർഷത്തിലെ കനത്ത കാറ്റിലും മഴയിലും കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്ന് മുൻ മന്ത്രിയും എ.ഐ. സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. വാഴ, ഇഞ്ചി, നെല്ല് ,തെങ്ങ്, കവുങ്ങ്, തുടങ്ങി വിവിധ വിളകൾ കാറ്റിലും മഴയിലും നശിച്ചതു കാരണം കർഷകരാകെ ദുരിതത്തിലാണ്. ഏകദേശം പത്ത് കോടിയുടെ കൃഷി വയനാട്ടിൽ നശിച്ചിട്ടുണ്ട്. വടക്കേവയനാട്ടിലെ വാഴകൃഷിക്കാണ് ഏറ്റവും കൂടുതൽ നാശമുണ്ടായിട്ടുള്ളത്. ജില്ലയിലാകെ പതിനഞ്ച് ലക്ഷത്തിലധികം കുലച്ച വാഴകളാണ് നിലംപൊത്തിയത്. ഇതിൽ ഭൂരിഭാഗവും ചെറുകിട നാമമാത്ര കർഷകരുടേതാണ്. കൃഷി വകുപ്പ് പറയുന്ന ഏഴ് കോടിയുടെ നാശനഷ്ടം മുഴുവൻ കണക്കും ശേഖരിക്കുന്നതിന് മുമ്പുള്ളതാണന്നും നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിക്കാൻ വൈകി പോയവർക്ക് കൃഷി ഭവനുകളിൽ അപേക്ഷ നൽകാൻ സമയം അനുവദിക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.
സംസ്ഥാന കൃഷിമന്ത്രി ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കണം, വിത്ത് നഷ്ടപ്പെട്ട മുഴുവൻ കർഷകർക്കും സൗജന്യമായി വിത്ത് നൽകണം. നഷ്ടപരിഹാര തുക കർഷകർക്ക് പണമായി നൽകണം. ഇതിൽ കാലതാമസമുണ്ടാകരുത്. രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു.





Leave a Reply