April 19, 2024

വയനാടിന്റെ മനസ്സ്‌ തൊട്ട് ജില്ലാ കളക്ടര്‍ എ.ഗീത പടിയിറങ്ങുന്നു

0
Img 20230313 194916.jpg
കൽപ്പറ്റ :കാലങ്ങളായി ഭൂമിയുടെ അവകാശത്തിന് വേണ്ടി കാത്തിരിക്കുന്ന അനേകം കുടുംബങ്ങള്‍, ആധികാരിക രേഖകള്‍ പ്രാപ്യമല്ലാതിരുന്ന ആദിവാസികള്‍, കര്‍ഷകരും സാധാരണക്കാരും ഏറെയുള്ള ജില്ലയുടെ ഇങ്ങനെയുള്ള സങ്കടങ്ങള്‍ക്ക് ഒരു പടി മുന്നില്‍ പരിഹാരം കാണാനായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ജില്ലാ കളക്ടര്‍ എ.ഗീത വയനാടിന്റെ പടിയിറങ്ങുന്നത്. പതിനെട്ട് മാസത്തോളം നീണ്ടു നിന്ന കളക്ടര്‍ പദവിയില്‍ വയനാടിന്റെ മുക്കിലും മൂലയിലുമായി നാനാവിധ പ്രശ്‌നങ്ങളില്‍ ഇടപെടാനും മലയോര ജില്ല നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാനുമായിരുന്നു സമയം കണ്ടെത്തിയിരുന്നത്. ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന ജില്ലയെന്ന നിലയില്‍ ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്കു കൂടുതല്‍ ശ്രദ്ധചെലുത്തി. കേന്ദ്ര സർക്കാറിന്റെ ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയിലുള്‍പ്പെടുന്ന ജില്ല ഡെൽറ്റാ റാങ്കിംഗിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടി. എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ആധികാരിക രേഖകള്‍ ഉറപ്പാക്കുന്ന എ.ബി.സി.ഡി ക്യാമ്പയിന്‍ രാജ്യത്ത് തന്നെ ശ്രദ്ധേയമായി നേട്ടമായി. ഓരോ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലും പ്രത്യേകമായി നടന്ന എ.ബി.സി.ഡി ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തി വിലയിരുത്തുകയും മേൽനോട്ടം വഹിക്കുകയും ചെയ്തു. നാനാ മേഖലയിലും മികവാര്‍ന്ന നേട്ടത്തിന് സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന റവന്യൂ പുരസ്‌ക്കാരങ്ങളെല്ലാം ജില്ലയിലെത്തി.  ജില്ലയുടെ രൂപീകരണത്തിന് ശേഷം ആദ്യമായി സംസ്ഥാനത്തെ മികച്ച കളക്ടറും മികച്ച കളക്‌ട്രേറ്റുമായി വയനാട് തെരഞ്ഞെടുക്കപ്പെട്ടു.
പട്ടയങ്ങൾ തുണയായി മാറുന്നു
1965 കാലം മുതല്‍ കൈവശരേഖക്കും പട്ടയത്തിനും അപേക്ഷ നല്‍കിയവര്‍ക്കു തുണയായി മാറുകയായിരുന്നു പട്ടയമേളകള്‍. ജില്ലാ കളക്ടര്‍ എ.ഗീത മുന്‍കൈയ്യെടുത്ത് 3181 പട്ടയങ്ങള്‍ ഈ കാലയളവില്‍ വിതരണം ചെയ്തു. പാരിസണ്‍ എസ്റ്റേറ്റ്, നരിക്കല്ല് വെള്ളറ, വുഡ്‌ലാന്‍ഡ് എസ്ചീറ്റ് ഭൂമി, ചീങ്ങേരി, ഈരംകൊല്ലി തുടങ്ങിയ ഭൂപ്രശ്‌നങ്ങള്‍ പതിറ്റാണ്ടിലേറെ പഴക്കമുള്ളതായിരുന്നു. ഇതിനെല്ലാം ഒരു പരിധിവരെ പരിഹാരം കാണുകയും അവകാശികള്‍ക്ക് ഭൂരേഖ വിതരണം തുടങ്ങുകയും ചെയ്തു. ഇരുളം മിച്ചഭൂമി സര്‍വ്വെ നടപടികളും തുടങ്ങി. ദേവസ്വം ലാന്‍ഡ് ട്രിബ്യൂണലിലെ എല്ലാ അപേക്ഷകളും തീര്‍പ്പാക്കി. പട്ടയങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന നടപടികളും പൂര്‍ത്തിയാക്കി. വൈത്തിരി പ്ലാന്റേഷനില്‍ 23 ഏക്കര്‍ ഏറ്റെടുക്കാനുളള നടപടികള്‍ തുടങ്ങി. മാനന്തവാടിയില്‍ 25 ഏക്കര്‍ ഏറ്റെടുത്തു. ഫ്രിങ്ങ് ഫോര്‍ഡ്, ആലത്തൂര്‍ എസ്റ്റേറ്റുകളും ഏറ്റെടുത്തു.
ജില്ലയിലെ ആദിവാസി ക്ഷേമത്തിൽ മുന്നേറ്റം
വയനാട് ജില്ലയില്‍ ഗോത്രവിഭാഗവുമായി ബന്ധപ്പെട്ടായിരുന്നു നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നത്. എ.ബി.സി.ഡി ക്യാമ്പ് വഴി 64670 പേര്‍ക്ക് ഒന്നര ലക്ഷത്തോളം ആധികാരിക രേഖകള്‍ ഉറപ്പാക്കി. 22888 ഡിജിറ്റല്‍ ലോക്കറില്‍ ഇവ ഇന്ന് സുരക്ഷിതമാണ്. ഭൂരഹിത ആദിവാസി കുടുംബങ്ങളെ കണ്ടെത്താനും ജില്ലയിലെ പട്ടികവര്‍ഗ്ഗ കോളനികളിലെ ഭൗതിക സാഹചര്യങ്ങള്‍ വിലയിരുത്താനുള്ള വെബ്ബ് പോര്‍ട്ടലും തയ്യാറായിരിക്കുകയാണ്. പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ വിദ്യാലയങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുന്നതിനായി നീതി ആയോഗുമായി സഹകരിച്ച് പ്രത്യേക നിരീക്ഷണ ആപ്ലിക്കേഷനും തയ്യാറായി വരികയാണ്. എം.ആര്‍.എസ്സ് വിദ്യാലയങ്ങളില്‍ നിരന്തരമായി സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികളുടെ കലാ കായികപരമായും പാഠ്യപരമായുള്ളതുമായ ഉന്നമനത്തിനായും പ്രചോദനം നല്‍കുന്നതിനും സമയം കണ്ടെത്തി. അവർക്ക് വിദ്യ നുകരാനും കായിക- വിനോദ യാത്രകൾക്കും അവസരമൊരുക്കി. കളക്‌ട്രേറ്റ് ഓഫീസ് സംവിധാനം ഇവരെ പരിചയപ്പെടുത്തുകയും ചെയ്തു. ആസ്പിരേഷണല്‍ ജില്ലാ പദ്ധതി പ്രവര്‍ത്തന മികവില്‍ വയനാടിന് 12 കോടി രൂപയും നീതി ആയോഗില്‍ നിന്നും ഇക്കാലയളവില്‍ നേടിയെടുക്കാനായി. നല്ലൂര്‍നാട് കാന്‍സര്‍ സെന്ററിനായി അഞ്ചുകോടി രൂപ ഇതില്‍ നിന്നും വകയിരുത്തി. എല്ലാ വകുപ്പുകളിലെയും ജീവനക്കാരുടെ അകമഴിഞ്ഞ പിന്തുണയും അര്‍പ്പണബോധവും ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സഹായകരമായതായി എ.ഗീത പറഞ്ഞു. പടിയിറങ്ങുന്ന കളക്ടര്‍ക്ക് ജീവനക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നല്‍കി.
കലാകാരിയായും തിളങ്ങി കളക്ടര്‍
ജില്ലാ കളക്ടറെന്ന നിലയില്‍ സതൃസധ ജോലി തിരക്കിനിടയിലും കലാകാരിയായും എ.ഗീത തിളങ്ങി. വയനാട്ടിലെത്തിയശേഷം ഏറെക്കാലം ആഗ്രഹിച്ചിരുന്ന കഥകളി പഠനത്തിനും സമയം കണ്ടെത്തി. കഥകളി ആചാര്യന്‍ കോട്ടയ്ക്കല്‍ സി.എം.ഉണ്ണികൃഷ്ണന്റെ ശിഷ്യത്വം സ്വീകരിച്ചു. വള്ളിയൂര്‍ക്കാവ് ക്ഷേത്ര സന്നിധിയിലായിരുന്നു അരങ്ങേറ്റം. പിന്നീട് ഏറെ പ്രിയപ്പെട്ട ദമയന്തി വേഷം ഏറെക്കാലത്തെ സ്വപ്ന സാഫല്യമായി ഗുരുവായൂര്‍ ക്ഷേത്രത്തിലും അവതരിപ്പിച്ചു. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ ചടങ്ങായ എന്റെ കേരളം പ്രദര്‍ശന വേദിയിലും ജില്ലാ കളക്ടര്‍ എ.ഗീതയും സഹപ്രവര്‍ത്തകരായ ജീവനക്കാരും ചേര്‍ന്ന് കേരളീയം നാട്യദൃശ്യാവിഷ്‌കാരവും അരങ്ങിലെത്തിച്ചിരുന്നു. എം.ആര്‍.എസ് വിദ്യാലയങ്ങളിലും വൃദ്ധ സദനങ്ങളിലുമെല്ലാം പ്രചോദനമായി അവരോടൊപ്പം കലാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനിടയിലും ജില്ലയിലെ ക്ഷണിക്കപ്പെട്ട കലാ സാംസ്‌കാരിക പരിപാടികളിലെല്ലാം സമയം തെറ്റാതെ എത്തുകയെന്നതും കളക്ടറുടെ കൃത്യനിഷ്ഠയായിരുന്നു.
2021 സെപ്റ്റംബർ 9 നാണ് വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റത്. തിരുവനന്തപുരം സ്വദേശിയായ എ.ഗീത 2014 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് ജില്ലാ കലക്ടറായിട്ടാണ് പുതിയ നിയമനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *