November 2, 2026

കുടകിൽ കൂലിപ്പണിക്കുപോകുന്ന ആദിവാസികള്‍ ദൂരൂഹസാഹ്യത്തില്‍ മരണപ്പെടുന്നതിൽ സമഗ്രാന്വേഷണം വേണം : എ.പി.സി.ആര്‍

0
20230810_170854.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കുടക് ഉള്‍പ്പെടെ ജില്ലകളില്‍ വയനാട്ടില്‍നിന്നു കൂലിപ്പണിക്കുപോകുന്ന ആദിവാസികള്‍ ദൂരൂഹസാഹ്യത്തില്‍ മരണപ്പെടുന്നതും കാണാതാകുന്നതും സമഗ്രാന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്(എ.പി.സി.ആര്‍) കേരള ചാപ്റ്റര്‍ കര്‍ണാടക മുഖ്യമന്ത്രി കെ.സിദ്ധരാമയ്യയ്ക്ക് നിവേദനം നല്‍കി. വയനാട്ടിലെ ഏതാനും പട്ടികവര്‍ഗ ഊരുകളില്‍ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ വസ്തുതാന്വേഷണം നടത്തി തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സഹിതമാണ് നിവേദനം അയച്ചതെന്ന് എ.പി.സി.ആര്‍ കേരള ചാപ്റ്റര്‍ സെക്രട്ടറി സി.എ.നൗഷാദ്, പി.യു.സി.എല്‍ സംസ്ഥാന സെക്രട്ടറി പി.എ.പൗരന്‍, ആദിവാസി വനിതാപ്രസ്ഥാനം പ്രസിഡന്റ് അമ്മിണി കെ.വയനാട്, നീതിവേദി പീപ്പിള്‍സ് ട്രിബ്യൂണല്‍ അംഗം ഡോ.പി.ജി.ഹരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കര്‍ണാടകയില്‍ കൂലിപ്പണിക്ക് കര്‍ഷകര്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനയും ജില്ലയിലെ ആദിവാസികളെ കൊണ്ടുപോകുന്നുണ്ട്. കൃഷിയിടങ്ങളില്‍ തുറന്ന ജയിലിനു സമാനമായ സാഹചര്യങ്ങളില്‍ കഴിയാന്‍ നിര്‍ബന്ധിതരാകുന്ന ആദിവാസികളുടെ മരണവും തിരോധാനവും തുടര്‍ക്കഥയാണ്. 2008ല്‍ നീതിവേദി സംഘടിപ്പിച്ച പീപ്പിള്‍സ് ട്രിബ്യൂണലില്‍ 122 ആദിവാസി ദുരൂഹമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതര സംസ്ഥാനങ്ങളില്‍ കൂലിപ്പണിക്ക് കൊണ്ടുപോകുന്ന ആദിവാസികളുടെ വിവരം തൊഴിലുടമകള്‍ സമീപത്തെ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് 2007ല്‍ വയനാട് കലക്ടര്‍ ഉത്തരവായെങ്കിലും ഹ്രസ്വകാലം മാത്രമാണ് ഇത് പ്രാവര്‍ത്തികമായത്.
കര്‍ണാടകയില്‍ ജോലിക്കുപോയതില്‍ മൂന്ന് ആദിവാസികളുടെ മരണം ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരന്‍ കുടകിലെ ഉതുക്കേരിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. മൃതസംസ്‌കാരം കഴിഞ്ഞാണ് മരണവിവരം വീട്ടുകാര്‍ അറിഞ്ഞത്. അന്വേഷിച്ചെത്തിയ ബന്ധുക്കളോട് ശ്രീധരന്‍ വെള്ളത്തില്‍വീണു മരിച്ചെന്നാണ് പോലീസ് പറഞ്ഞത്. ശ്രീധരന്റെ വസ്ത്രങ്ങളും മരിച്ചുകിടക്കുന്ന ചിത്രവും മാത്രമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കുടുംബത്തിന് പോലീസ് ഇതുവരെ കൈമാറിയില്ല. ജൂണില്‍ പുല്‍പള്ളി പാളക്കൊല്ലി കോളനിയിലെ ശേഖരനെ കൃഷിയിടത്തില്‍ ബോധരഹിതനായി കണ്ടെത്തി. വിവരം അറിഞ്ഞ് സഹോദരന്‍ എത്തിയാണ് അദ്ദേഹത്തെ സര്‍ഗൂരിലെ ആശുപത്രിയിലാക്കിയത്. വൈകാതെ മരണം സംഭവിച്ചു. മൃതദേഹവുമായി ആംബുലന്‍സില്‍ നാട്ടിലേക്ക് വരുമ്പോള്‍ ശേഖരന്റെ ഉദരഭാഗത്ത് ആഴമുള്ള മുറിവ് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മുറിവ് ഉണ്ടായിരുന്നില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നില്ല. അവയവ അപഹരണം നടന്നതിന്റെ ലക്ഷണമായാണ് ഈ മുറിവിനെ ബന്ധുക്കളില്‍ ചിലര്‍ കണ്ടത്. എങ്കിലും അവര്‍ പരാതിക്കു മുതിരാതെ മൃതദേഹം സംസ്‌കരിക്കുകയാണുണ്ടായത്.
നെന്‍മേനി പഞ്ചായത്തിലെ കൊയ്ത്തുപാറ കാട്ടുനായക്ക ഊരിലെ സന്തോഷിനെ ജൂലൈയില്‍ ജോലിസ്ഥലത്തിനു സമീപം മുങ്ങിമരിച്ച നിലയില്‍ കണ്ടതിലും ദുരൂഹതയുണ്ട്. തിരുനെല്ലി പഞ്ചായത്തിലെ കാളിന്ദി ഊരില്‍നിന്നു ജോലിക്കുപോയ അരുണ്‍ എന്ന യുവാവിനെ രണ്ടര മാസമായി കാണാനില്ല. ഇക്കാര്യങ്ങള്‍ കര്‍ണാടക മുഖ്യമന്ത്രിക്കു അയച്ച നിവേദനത്തില്‍ വിശദീകരിക്കുന്നുണ്ട്. ആദിവാസികളുടെ മരണവും തിരോധാനവും കൃഷിയിടങ്ങളിലെ സാഹചര്യവും അന്വേഷിക്കുന്നതിന് പ്രാപ്തനും സത്യസന്ധനുമായ പോലീസ് അധികാരിയെ ചുമതലപ്പെടുത്തണമെന്ന ആവശ്യവും നിവേദനത്തിലുണ്ട്.
ഉതുക്കേരിയില്‍ മരിച്ച ശ്രീധരന്റെ സഹോദരന്‍ അനിലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ശ്രീധരന്റെ മരണത്തില്‍ വിശദാന്വേഷണത്തിന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതായി അദ്ദേഹം അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *