May 15, 2026

കലിതുള്ളി നാടിലെങ്ങും തെരുവ് നായകള്‍.. പൊതുസ്ഥലങ്ങളില്‍ തെരുവ് നായ ശല്ല്യം രൂക്ഷമാകുന്നു; പരിഹാരം കാണണമെന്ന് നാട്ടുകാര്‍

0
20231122 140849
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: കല്‍പ്പറ്റ ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായശല്ല്യം അനുദിനം വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. നേരമിരുളുന്നതോടെ ടൗണിലെ കടവരാന്തകളിലും, ബസ് സ്റ്റാന്റുകളിലും തെരുവ് നായ്ക്കള്‍ സ്ഥാനം പിടിച്ചിരിക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍  നിരവധി പേര്‍ക്കാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കടിയേറ്റിട്ടുള്ളത്.

കല്‍പ്പറ്റ ടൗണ്‍, വെയര്‍ഹൗസ് പരിസരം, മുണ്ടേരി, മണിയങ്കോട്, കോക്കുഴി, കോട്ടത്തറ അമ്പിലേരി, എമിലി, ചുഴലി തുടങ്ങിയ നിരവധി പ്രദേശങ്ങളിലും കൂട്ടമായെത്തുന്ന തെരുവ് നായ്ക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.

ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് പ്രദേശവാസികളില്‍ ഭീതി ഉയര്‍ത്തിയിട്ടുണ്ട്. തെരുവ് നായ്ക്കളുടെ എണ്ണം കുറക്കുവാന്‍ പദ്ധതിയുണ്ടായിട്ടും അവ കൃത്യമായി നടപ്പിലാക്കാത്തതും, ഫലപ്രദമാക്കാത്തതും നായ്ക്കളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കുന്നുവെന്ന പരാതിയും പ്രദേശവാസികള്‍ക്കുണ്ട്. ഒരിടവേളയ്ക്ക് ശേഷം തെരുവുനായ ശല്ല്യം വര്‍ധിച്ചതോടെ രാത്രികാലയാത്രകള്‍ സുരക്ഷിതമല്ലാതായിരിക്കുകയാണ്.

രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ക്ക് മുന്നില്‍ തെരുവ് നായകള്‍ ചാടുന്നത് നിത്യസംഭവമായിരിക്കുകയാണ്. ബൈക്കുകളുടെ പിന്നാലെ നായകള്‍ കൂട്ടത്തോടെ ഓടുന്നതും, കടിയേല്‍ക്കാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുമ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രകാര്‍ക്ക് പരിക്കേല്‍ക്കുന്നതും പതിവ് സംഭവമാണ്.

പകല്‍ സമയങ്ങളിലും കൂട്ടമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കള്‍ ആക്രമിക്കുമോയെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്.

ഇത്തരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായകള്‍ പ്രഭാതസവാരിക്ക് പോകുന്നവരെയും, മറ്റു കാല്‍നടയാത്രക്കാരെയും കുട്ടികളെയും ആക്രമിക്കുന്ന സംഭവങ്ങളും ഈ പ്രദേശങ്ങളില്‍ പതിവ് കാഴ്ച്ചയായിരിക്കുകയാണ്.

പൊതുനിരത്തില്‍ വലിച്ചെറിയുന്ന മത്സ്യ മാംസാവശിഷ്ടങ്ങളും തെരുവ് നായകളുടെ വര്‍ധനവിന് കാരണമാകുന്നു. ഇത്തരം മാലിന്യങ്ങള്‍ റോഡിലും അരുവികളിലും നായ്ക്കള്‍ കടിച്ചു കൊണ്ടിടുന്നതും ഇത് ജലാശയങ്ങളിലും കുടിവെള്ള സ്രോതസുകളിലും മറ്റും കലരുന്നതായും പരാതിയുണ്ട്.

ടൗണുകളിലും മറ്റും സൂക്ഷിച്ചിട്ടുള്ള മാലിന്യവും, കടകളിലെ സാധനസാമഗ്രികളും തെരുവ് നായകള്‍ വലിച്ച് റോഡിലിടുന്നത് വ്യാപാരികളെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.

വൈകുന്നേരമായാല്‍ കല്‍പ്പറ്റയിലെ ഫിഷ് മാർക്കറ്റ് പരിസരത്ത് നിരവധി തെരുവ് നായ്ക്കള്‍ തമ്പടിക്കുന്നു. ഈ സമയത്ത് ഇതുവഴി പോകുന്ന കാല്‍നടയാത്രക്കാരെ നായ്ക്കള്‍ കൂട്ടമായെത്തി ആക്രമിക്കുന്നു. തലനാരിഴക്കാണ് പലരും നായ്ക്കളുടെ കടിയേല്‍ക്കാതെ രക്ഷപ്പെടുന്നത്. അടഞ്ഞുകിടക്കുന്ന സ്‌കൂളുകളും, വ്യാപാര സ്ഥാപനങ്ങളും, പണി നടക്കുന്ന കെട്ടിടങ്ങളുമാണ് ഇത്തരത്തില്‍ അലഞ്ഞു തിരിയുന്ന നായ്ക്കള്‍ താവളമാക്കിയിരിക്കുന്നത്. റോഡിലെ വെളിച്ചകുറവും നായശല്ല്യം രൂക്ഷമാക്കുന്നു.

തെരുവ് നായ ശല്യം രൂക്ഷമായിട്ടും അധികൃതര്‍ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇത്തരത്തില്‍ ടൗണില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ ബന്ധപ്പെട്ട അധികാരികളുടെ മേല്‍നോട്ടത്തില്‍ പിടികൂടി ജനങ്ങളുടെ ഭീതിയും, ആശങ്കയും അകറ്റണമെന്നാണ് ആവശ്യമുയരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *