കോട്ടത്തറക്കാരൻ മൊയ്തു ഇനി എളേറ്റിൽ മൊയ്തുക്ക എന്നറിയപ്പെടും.: വയനാടൻ മണ്ണിൽ നന്മ മരങ്ങൾ പൂത്തുലയുന്നു.
കോട്ടത്തറക്കാരൻ മൊയ്തുക്കായും എളേറ്റിൽ എം.ജെ സ്കൂളും തമ്മിൽ എന്താണു ബന്ധം? മഹാപ്രളയം താണ്ഡവമാടിയ വയനാട് ജില്ലയിലെ കോട്ടത്തറ പഞ്ചായത്തിൽ മൈലാടിയിൽ താമസിക്കുന്ന മൊയ്തുക്ക ജീവിതത്തിൽ ഇതു വരെ എളേറ്റിൽ വട്ടോളി കണ്ടിട്ടില്ല.പക്ഷേ എളേറ്റിൽ എം.ജെ സ്കൂളിനെയും അവിടെയുള്ള കുട്ടികളെയും മൊയ്തുക്കാക്ക് മറക്കാനും കഴിയില്ല.
കേരളം പ്രളയക്കെടുതിയിലായ ദിന രാത്രങ്ങൾ.വയനാട് വെള്ളത്തിൽ ഒറ്റപ്പെട്ടു പോയ ദിനങ്ങൾ.ബാണാസുര ഡാമിന്റെ ഷട്ടർ തുറന്നപ്പോൾ ഒഴുകുന്ന സ്ഥലത്തായിരുന്ന വീട് . ആർത്തലച്ച് വന്ന മഴവെള്ളത്തിൽ 4 ദിവസം വീട് മുങ്ങിപ്പോയി. ഇഷ്ടിക കൊണ്ട് നിർമ്മിച്ച വീട് തകർന്നു തരിപ്പണമായി. വീടിന്റെ പിൻ ഭാഗത്തുള്ള ഒരു ചുമർ മാത്രം ബാക്കിയായി. .വീട്ടു സാധനങ്ങളെല്ലാം ഒഴുകിപ്പോയി.ന്യൂസ് പേപ്പർ വിതരണം ചെയ്ത് കുടുംബം പോറ്റുന്ന മൊയ്തുക്കയുടെ ജീവിതം കൊണ്ട് ഉണ്ടാക്കിയ വീട് ആ വെള്ളത്തിൽ അലിഞ്ഞില്ലാതായി .മൊയ്തുക്കയും ഭാര്യയും മകളും എന്തു ചെയ്യണമെന്നറിയാതെ പകച്ച് നിന്നു പോയ നിമിഷങ്ങൾ..വെള്ളം ഇറങ്ങിയതോടെ തകർന്ന വീട് കാണാൻ സന്ദർശ്ശകരുടെ തിരക്ക് കൂടി,എല്ലാവരും ആശ്വാസ വാക്കുകൾ പറയും, നിസ്സഹായ അവസ്ഥയിൽ പരിതപിച്ച് മടങ്ങും.സർക്കാർ സംവിധാനങ്ങൾ റിപ്പോർട്ട് ചെയ്തു,മൊയ്തുക്കാക്ക് വീട് കിട്ടാനോ നഷ്ടപരിഹാരം കിട്ടാനോ ഉള്ള എല്ലാ അർഹതയുമുണ്ട്.പക്ഷെ അതിനൊക്കെ സമയമെടുക്കും.അയൽവാസിയുടെ വീട്ടിൽ തൽക്കാലം താമസിക്കുന്ന മൊയ്തുക്കായുടെ ദയനീയ കഥ വീസെറ്റിലെ ജോസഫ് സാറാണു എളേറ്റിൽ എം ജെ ഹയർ സെക്കണ്ടറിയിലെ അധ്യാപകരോട് പറഞ്ഞത്.അവർ അത് വിദ്യാർത്ഥികളോട് പറഞ്ഞു.പിന്നെ നടന്നത് അത്ഭുതമായിരുന്നു.വിദ്യാർത്ഥികളും അധ്യാപകരും പണം കണ്ടെത്തി.വെറും 4 ദിവസം കൊണ്ട് തൽക്കാലം താമസിക്കാനുള്ള രണ്ട് റൂമും ബാത്ത് റൂമും അടുക്കളയുമുള്ള ഒരു ചെറിയ വാസസ്ഥലം റെഡിയായി.ഹയർ സെക്കണ്ടറിയിലെ സ്കൗട്ട്, എൻ.എസ്.എസ്. വിദ്യാർത്ഥികളാണു ഈ സംരംഭത്തിനു നേതൃത്വം നൽകിയത്.മൊയ്തുക്കാക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം..നിങ്ങളെ ഞാനൊരിക്കലും മറക്കില്ലെന്നു സംസാരത്തിനിടയിലൊക്കെ ആവർത്തിക്കുന്നുണ്ടായിരുന്നു.വെള്ളത്തിൽ മുങ്ങിത്താഴുന്നവനു രക്ഷയായി കയർ എറിഞ്ഞു കൊടുത്തവരെ മറക്കാൻ കഴിയില്ലല്ലോ..വണ്ടിയിൽ കയറി തിരിച്ചു വരുമ്പോൾ മൊയ്തുക്കാ പറഞ്ഞ വാക്കുകളിതാണു.. കുട്ടികളോട് എന്റെ നന്ദി പറയണം.അവർക്ക് വേണ്ടി ഞാൻ മരിക്കും വരെ പ്രാർതഥിക്കും.മൊയ്തുക്കയുടെ വാക്കുകൾ നൂറ് കണക്കിന് കാതുകളിൽ മുഴങ്ങുന്നു.
വിവരങ്ങൾക്ക് കടപ്പാട്: ഗഫൂർ വെണ്ണിയോട് )






Leave a Reply