കമ്പളക്കാട് ടൗണ്‍ സൗന്ദര്യവത്കരണം ; ധനസമാഹരണം നടത്തുന്നത് അഴിമതിയെന്ന് കണിയാമ്പറ്റ സി. പി.എം ലോക്കല്‍ കമ്മിറ്റി
കല്‍പ്പറ്റ: കമ്പളക്കാട് ടൗണ്‍ സൗന്ദര്യവത്കരണത്തിനു കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വ്യാപാരികള്‍ക്കടക്കം കത്ത് നല്‍കി ധനസമാഹരണം നടത്തുന്നത് വിവാദമായി. പൂച്ചട്ടികളും ചെടികളും വാങ്ങുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചാണ് വൈസ് പ്രസിഡന്റിന്റെ കത്ത്. ഇതിനെതിരേ സിപിഎം കണിയാമ്പറ്റ ലോക്കല്‍ കമ്മിറ്റി രംഗത്തുവന്നു. പഞ്ചായത്ത് ഭരണസമിതിയുടെ അനുമതിയില്ലാതെയാണ് വൈസ് പ്രസിഡന്റിന്റെ ധനസമാഹരണമെന്നും ഇത് അഴിമതിയാണെന്നും സിപിഎം കണിയാമ്പറ്റ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. ഇബ്രാഹിം, കമ്മിറ്റിയംഗങ്ങളായ എം. മുഹമ്മദ്, എം.എം. ഷൈജല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സര്‍ക്കാര്‍ അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ച് കമ്പളക്കാട് ടൗണ്‍ നവീകരിച്ചിരുന്നു. ഫുട്പാത്ത് മെച്ചപ്പെടുത്തല്‍, കൈവരി പിടിപ്പിക്കല്‍, തെരുവുവിളക്ക് സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികള്‍ നടത്തി. സൗന്ദര്യവത്കരണത്തിന് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ കൈവരിയില്‍ ഇടവിട്ടും കച്ചവടസ്ഥാപനങ്ങള്‍ക്കു മുന്നിലും പൂച്ചെടികള്‍ സ്ഥാപിച്ചു. എന്നിരിക്കെയാണ് പൂച്ചട്ടികളുടെയും ചെടികളുടെയും പേരില്‍ വൈസ് പ്രസിഡന്റിന്റെ പിരിവ്. ടൗണ്‍ സൗന്ദര്യവത്കരണത്തിനു പിരിവെടുക്കുന്നതില്‍ വാര്‍ഡ് വികസന സമിതി, ടൗണ്‍ വികസന സമിതി എന്നിവയുമായും വൈസ് പ്രസിഡന്റ് കൂടിയാലോചന നടത്തിയില്ല.
യുഡിഎഫ് ഭരണസമിതി ആദ്യമായല്ല പണപ്പിരിവ് നടത്തുന്നത്. ആംബുലന്‍സ് വാങ്ങുന്നതിന് സ്ഥാപനങ്ങളില്‍നിന്നു ഫണ്ട് കണ്ടെത്താന്‍ ഭരണസമിതി തീരുമാനിച്ചിരുന്നു. ആംബുലന്‍സിനുള്ള പണം കൊച്ചിന്‍ ഷിപ്പ് യാര്‍ഡും കൈരളി ടിഎംടിയും നല്‍കി. ഇക്കാര്യം മറച്ചുവച്ച് അന്നത്തെ വൈസ് പ്രസിഡന്റിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങി ധനസമാഹരണം നടത്തി. സമൂഹിക മാധ്യമങ്ങളെയും പിരിവിന് ഉപയോഗപ്പെടുത്തി. ഇതു സംബന്ധിച്ച് വിജിലന്‍സ് കേസ് നിലവിലുണ്ട്.
ഭരണസമിതി തോന്നുംപോലെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ട്രാഫിക് പരിഷ്‌കരണത്തിന്റെ പേരില്‍ നാലുമാസം മുന്‍പ് കമ്പളക്കാട് ടൗണില്‍ ബോര്‍ഡുകള്‍ വച്ചു. എന്നാല്‍ പരിഷ്‌കരണം നടപ്പാക്കിയില്ല. മുന്‍പ് സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്ത് പുതിയത് സ്ഥാപിക്കുകയാണ്. ടൗണില്‍ മാലിന്യ ശേഖരണം നിലച്ചിട്ട് മാസങ്ങളായെന്നും സിപിഎം ഭാരവാഹികള്‍ കുറ്റപ്പെടുത്തി.





Leave a Reply