അവകാശങ്ങളുയർത്തി കെഎസ്ടിഎ;അധ്യാപകരുടെ ഉജ്വല മാർച്ചും ധർണയും സംഘടിപ്പിച്ചു
കൽപ്പറ്റ:-സംസ്ഥാന വ്യാപക അധ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിൽ ഉജ്വല മാർച്ചും ധർണയും നടത്തി കെഎസ്ടിഎ. ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക, വിദ്യാഭ്യാസ രംഗത്തെ വർഗീയവൽക്കരണം അവസാനിപ്പിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകീകരണ നടപടികൾ ത്വരിതപ്പെടുത്തുക, വിദ്യാഭ്യാസ മേഖലയ്ക്കുള്ള കേന്ദ്രവിഹിതം വർധിപ്പിക്കുക, ചരിത്ര–-ശാസ്ത്ര പാഠഭാഗങ്ങൾ ഒഴിവാക്കുന്നത് തിരുത്തുക, സംസ്ഥാന സർക്കാരിന്റെ ബദൽ നയങ്ങൾക്ക് ശക്തിപകരുക തുടങ്ങി നാൽപ്പതോളം ആവശ്യങ്ങൾ ഉയർത്തിയായിരുന്നു മാർച്ച്. ബത്തേരി, മാനന്തവാടി, വൈത്തിരി ഉപജില്ലാ കമ്മിറ്റിയിലെയും പനമരം എരിയാ കമ്മിറ്റിയിലെയും അധ്യാപകർ പ്രകടനത്തിൽ അണിനിരന്നു. കൽപ്പറ്റ നഗരത്തെ പ്രകമ്പനം കൊള്ളിച്ച പ്രകടനത്തിനുശേഷം സിവിൽ സ്റ്റേഷൻ പരിസരത്തു നടന്ന ധർണ സിഐടിയു ജില്ലാ ട്രഷറർ പി ഗാഗാറിൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രത്തെ മാറ്റിനിർത്തി അന്ധവിശ്വാസത്തെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിൽ ചേർക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് പ്രശാന്ത്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ വിൽസൺ തോമസ്, വി എ ദേവകി, എന്നിവർ അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു. ആയിരത്തിലധികം അധ്യാപകർ അണിനിരന്ന മാർച്ചിന് ജില്ലാ ജോ. സെക്രട്ടറിമാരായ പി ഉമേഷ്, എൻ എം വിനോദ്, അനൂപ് കുമാർ, എം കെ സ്വരാജ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ബിനുമോൾ ജോസ്, ജാസ്മിൻ തോമസ്, എം വി സമിത ഉപജില്ല ,ഏരിയ നേതാക്കളായ പി. ബിജുകുമാർ,കെ.ഡി ബിജു,രാഗേഷ് ഇ.,എംദിനേശൻ കെ.വൈശാഖൻ, കെ റെജി,സുദീപ് കുമാർ എസ്മജീഷ് കുമാർ ബി.സി എന്നിവരും ജില്ലാ കമ്മറ്റി അംഗങ്ങളും നേതൃത്വം നല്കി. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എ. ഇ സതീഷ് ബാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ സെക്രട്ടറി ടി രാജൻ സ്വാഗതവും ട്രഷറർ പി ബിജു നന്ദിയും പറഞ്ഞു.





Leave a Reply