ചൂരൽമല – മുണ്ടക്കൈ ദുരന്തം; ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഡി.സി.സിയുടെ നേതൃത്വത്തിൽ അവലോകനയോഗം നടത്തി
ചൂരൽമല – മുണ്ടക്കൈ ദുരന്തത്തിൽ അടിയന്തിര ദുരിതാശ്വാസമായി സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ഇതുവരെയും ദുരിതബാധിതർക്ക് വിതരണം ചെയ്തിട്ടില്ല എന്ന് യോഗം വിലയിരുത്തി. മാത്രമല്ല, പ്രഖ്യാപിച്ച അടിയന്തിര ദുരിതാശ്വാസം തീരെ അപര്യാപ്തമാണെന്നും, കുറഞ്ഞത് ഒരു കുടുംബത്തിന് 2 ലക്ഷം രൂപ വീതം അടിയന്തിര ദുരിതാശ്വാസം നൽകണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ക്യാമ്പുകളിൽ നിന്നും വാടകവീടുകളിലേക്ക് മാറേണ്ടിവരുന്ന വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് താമസയോഗ്യമായ നല്ല വീടുകൾ തന്നെ ലഭ്യമാക്കണമെന്നും, അവർക്ക് വാടക വീടുകളിലേക്ക് മാറുമ്പോൾ ആവശ്യമായ ഫർണിച്ചർ, അടുക്കള ഉപകരണങ്ങൾ, വസ്ത്രം, ഭക്ഷണ കിറ്റുകൾ എന്നിവ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വാടകവീടുകൾ ലഭിക്കുന്നതിന് വീട്ടുടമസ്ഥർ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. ആയതിന് പരിഹാരം കാണാനും സർക്കാർ തയ്യാറാകണം.
വീടുകൾ പൂർണമായോ, ഭാഗികമായോ നഷ്ടപ്പെട്ടവർക്ക് പുതിയ വീടുകൾ നിര്മ്മിച്ചുനൽകാൻ അനുയോജ്യമായ സ്ഥലം ഉടനെ കണ്ടെത്തി നല്കാൻ ജില്ലാ ഭരണകൂടം തയ്യാറാകണം. അങ്ങനെ കണ്ടെത്തുന്ന സ്ഥലം വീടുകൾ നിർമ്മിച്ചുനൽകാൻ സന്നദ്ധത അറിയിച്ച സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവർക്ക് നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിനായി ഉടൻ കൈമാറണം. തകർന്ന വീടുകളുടെ എണ്ണം സംബന്ധിച്ച് പുറത്ത് വന്നിട്ടുള്ള ഔദ്യോഗിക കണക്ക് വേണ്ടത്ര ആധികാരികമല്ല. വീട് നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങൾക്കും വീട് ലഭിക്കുന്നതിന് പര്യാപ്തമായ തലത്തിൽ കണക്ക് തയ്യാറാക്കാൻ അധികാരികൾ തയ്യാറാകണം.
മാധ്യമങ്ങളിലൂടെ വീടുകൾ നിര്മ്മിച്ചുനൽകാൻ തയ്യാറായവരുടെ ഓഫർ ലെറ്റർ അടിയന്തിരമായി ജില്ലാ ഭരണകൂടം ആവശ്യപ്പെടണം. മാധ്യമങ്ങളിലൂടെ മാത്രം നല്കുന്ന ഓഫറുകൾ ദുരിതം അനുഭവിച്ച ആളുകൾക്ക് സഹായം നഷ്ടപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കും.
മേപ്പാടി പ്രദേശത്തെ ഏതാണ്ട് എല്ലാ പ്ലാന്റേഷനുകളിലും രണ്ടാഴ്ചയോളമായി തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നില്ല. അത്കൊണ്ട് തന്നെ അവരുടെ ജീവിതം ദുസ്സഹമായി മാറിയിരിക്കുകയാണ്. ആയതിനാൽ തൊഴിലാളികൾക്ക് ഉടന് തൊഴിൽ ലഭ്യമാക്കാനുള്ള നടപടി ലേബർ ഡിപ്പാർട്മെന്റ് സ്വീകരിക്കണം.
ദുരന്ത മേഖലയിലെ അനേകം ആളുകൾക്ക് ദുരന്തത്തിന് ശേഷം ജീവിതമാർഗ്ഗമായ തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. അവരുടെ ലിസ്റ്റ് തയ്യാറാക്കുകയും അവർക്ക് ദൈനംദിന ചെലവുകൾക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള നടപടിയും ഉടൻ സ്വീകരിക്കണം.
യോഗം എ.ഐ.സി.സി. സെക്രട്ടറി പി.വി. മോഹൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം പി.കെ. ജയലക്ഷ്മി, കെ.പി.സി.സി. എക്സിക്യൂട്ടീവ് മെമ്പർ കെ.എൽ. പൗലോസ്, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, ഒ.വി. അപ്പച്ചൻ, എൻ.കെ. വർഗ്ഗീസ്, ശ്രീകാന്ത് പട്ടയൻ, എം.ജി. ബിജു, എൻ.സി. കൃഷ്ണകുമാർ, എ. പ്രഭാകരൻ മാസ്റ്റർ, അമൽ ജോയ് എന്നിവർ പങ്കെടുത്തു.





Leave a Reply