അപകട ഭീഷണിയുയര്‍ത്തി പഞ്ചായത്ത് സെപ്റ്റിക് ടാങ്ക് നിര്‍മ്മാണം. അസിസ്റ്റന്റ് എഞ്ചിനീയറുടെ അനാസ്ഥയെന്ന് പരാതി
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പഞ്ചായത്ത് ബസ്സ്റ്റാന്റില് നിര്‍മ്മിക്കുന്ന സോക് പിറ്റ് യാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നുവെന്ന് പരാതി. നിര്‍മ്മാണം പാതി വഴിയില്‍ ഉപേക്ഷിച്ചിരിക്കുന്നുവെന്നാണ് ആരോപണം. മതിയായ തുക അനുവദിക്കാത്തതാണെന്നാണ് കോണ്‍ട്രാക്ടറുടെ പ്രതികരണം. അസിസ്റ്റന്റ് എഞ്ചിനീയറുടെ നിര്‍ദ്ദേശപ്രകാരം എസ്റ്റിമേറ്റ് പ്രകാരമുള്ളതിനേക്കാള്‍ അധികം പണി ചെയ്ത് തീര്‍ത്തുവെന്നും കൂടുതല്‍ തുക വകയിരുത്തിയാല്‍ മാത്രമേ പദ്ധതി തുടരാന്‍ സാധിക്കുകയുള്ളൂ എന്നും കോണ്ട്രാക്ടര് പറയുന്നു.
കൃത്യമായ വീക്ഷണമില്ലാതെ അസിസ്റ്റന്റ് എഞ്ചിനീയര്‍ എസ്റ്റിമേറ്റില്‍ നടത്തിയ തിരുത്തലുകള്‍ കാരണമാണ് പദ്ധതി നിലവില്‍ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങാന്‍ കാരണം. കോണക്രീറ്റിനായി ഉപയോഗിച്ച കമ്പികളും മറ്റും ഉയര്‍ന്ന് നില്‍ക്കുന്നത് കാരണം വന്‍ അപകട സാധ്യത ഉണ്ടെന്ന് പ്രദേശത്തുള്ളവര്‍ പറഞ്ഞു. അസിസ്റ്റന്റ് എഞ്ചിനീയര്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്വം കാണിക്കണമെന്നും അപകടം വല്ലതും സംഭവിക്കുന്നത് വരെ കാത്തുനില്ക്കുന്ന അനാസ്ഥ ഉപേക്ഷിക്കണമെന്നും സമീപമുള്ള കച്ചവടക്കാര്‍ പറഞ്ഞു.





Leave a Reply