June 25, 2026

അക്ബർ കക്കട്ടിലിന്റേത് ആത്മകഥാംശം തുളുമ്പുന്ന രചനകൾ പത്മപ്രഭാ പൊതുഗ്രന്ഥാലയത്തിന്റെ 119- ാമത് പുസ്തക ചർച്ച

0
01-5
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: അക്ബർ കക്കട്ടിലിന്റെ രചനകളേറെയും ആത്മകഥാംശം തുളുമ്പുന്നവയാണെന്ന് പത്മപ്രഭാ സ്മാരക പൊതു ഗ്രന്ഥാലയം 119-ാമത് പുസ്തക ചർച്ച അഭിപ്രായപ്പെട്ടു. കക്കട്ടിലിന്റെ അധ്യാപക കഥകൾ എന്ന പുസ്തകമാണ് ഞായറാഴ്ച ചർച്ച ചെയ്തത്. 
അക്ബർ കക്കട്ടിലിന്റെ കഥകൾ പരിശോധിച്ചാൽ കേന്ദ്ര കഥാപാത്രമായി വരുന്ന എല്ലാ അധ്യാപകരും ഒരു അധ്യാപകന്റെ തന്നെ വ്യത്യസ്ത മുഖങ്ങളാണെന്ന് വ്യക്തമാവും. വടക്കൻ കേരളത്തിന്റെ ക്ളാസ് മുറികളിലേക്ക് നാട്ടുവഴികളിലൂടെ നമ്മെ ക്ഷണിച്ചു കൊണ്ടു പോവുന്ന അനുഭൂതിയാണ് അദ്ദേഹത്തിന്റെ കഥകൾ വായിക്കുമ്പോൾ അനുഭവപ്പെടുക. 
മിക്ക കഥകളിലെയും കുട്ടികളും, അവരുടെ ഭാഷാശൈലിയും ആസ്വാദ്യകരമാണ്. കഥകളിൽ  മലയാളം അധ്യാപകനായി കടന്നു വരുന്ന കേന്ദ്ര കഥാപാത്രം ഉൾക്കാഴ്ചയോടെയാണ് ക്ളാസ് മുറിയെ നോക്കി കാണുന്നത്. കഠിനമായ ഭാഷാപ്രയോഗങ്ങളില്ലാത്തത് വായനയെ എളുപ്പമാക്കുന്നു. എന്നെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം തേടലാണ് എന്റെ സാഹിത്യമെന്ന് അടിവരയിടുന്ന കക്കട്ടിൽ ഒരു പാട് ചോദ്യങ്ങൾ തന്നെയാണ് ആക്ഷേപ ഹാസ്യരൂപത്തിലും വിമർശനത്തിലൂടെയും പ്രണയത്തിലൂടെയുമെല്ലാം ഉന്നയിക്കുന്നത്. മറ്റു ജോലികളെ അപേക്ഷിച്ച് അധ്യാപന വൃത്തിയിൽ സന്തോഷം കണ്ടെത്തുന്ന കഥാകാരൻ കുട്ടികളുടെ നിലവാരത്തിലേക്ക് ഇറങ്ങി വന്ന് അവരുടെ മാനസികാവസ്ഥയ്കനുസരിച്ച് അവരിൽ ഒരാളായി നടന്നു നീങ്ങുന്നത് അദ്ദേഹത്തിന്റെ കഥകളിലൂടെ മനസ്സിലാക്കാൻ സാധിക്കും. 
മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ളസ്ടു വിദ്യാർഥിനി പൂജാ ശശീന്ദ്രൻ പുസ്തകം അവതരിപ്പിച്ചു. എഴുത്തുകാരി പ്രീത.ജെ. പ്രിയദർശിനി മോഡറേറ്ററായി. 
സി.കെ. കുഞ്ഞികൃഷ്ണൻ, എം. ഗാംഗാധരൻ, കെ. ഷാജി, ബാവ.കെ. പാലുകുന്ന്, ഏച്ചോം ഗോപി, പി.ഒ. രാമൻകുട്ടി, പി. ലക്ഷ്മണൻ, സി. ദിവാകരൻ, സി.വി. ഉഷ, വേലായുധൻ കോട്ടത്തറ, പി.എ. ജലീൽ, കെ. അനിൽകുമാർ, ശിവൻ പള്ളപ്പാട്ട്, കെ. സുധാകരൻ, എൻ.കെ. സുനിൽ, ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ, ഇ. ശേഖരൻ എന്നിവർ സംസാരിച്ചു. പുസ്തക ചർച്ചയുടെ ഭാഗമായി റാട്ടക്കൊല്ലി മാനിവയൽ കോളനിയിലെ  കവയിത്രി ബിന്ദു ദാമോദരൻ കവിത അവതരിപ്പിച്ചു 
പത്മപ്രഭാ പപാതുഗ്രന്ഥാലയത്തിലെ 120-ാമത് പുസ്തക ചർച്ച ഡിസംബർ പത്തിനു നടക്കും. കെ.പി. സുരേഷ് ബാബു ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ചിദംബര സ്മരണ’ എന്ന പുസ്തകം അവതരിപ്പിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *