കേരളകൗമുദി വയനാട് ബ്യൂറോ ആക്രമണം: മുഖ്യപ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു
കൽപ്പറ്റ: പോസ്‌കോ കേസിൽ റിമാന്റിലായ കമ്പളക്കാട് പാമ്പോടൻ ആഷിഖ് റഹ്മാന്റെ വാർത്ത പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് കേരളകൗമുദി വയനാട് ബ്യൂറോ ഓഫീസ് ആക്രമിച്ച കേസിൽ മുഖ്യ പ്രതിയും പ്രതിയുടെ പിതാവുമായ പാമ്പോടൻ സുലൈമാൻ, മൂത്ത മകൻ അനീഷ് എന്നിവരുടെ പേരിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. സെക്ഷൻ 452 വകുപ്പു പ്രകാരമാണ് കേസെടുത്തത്.അതിക്രമിച്ചു കയറി കയ്യേറ്റം ചെയ്തതിന് ചുമത്തുന്ന വകുപ്പാണിത്. അന്വേഷണം തുടരുകയാണെന്നും പൊലിസ് പറഞ്ഞു. അതിക്രമത്തിനു ശേഷം അടുത്ത ദിവസം ബ്യൂറോ ചീഫ് പ്രദീപ് മാനന്തവാടിയെ ഫോണിൽ വിളിച്ച് വധ ഭീഷണി മുഴക്കിയ പാമ്പോടൻ സുലൈമാനെതിരെ അന്വേഷണം ഊർജ്ജിതമാക്കി.ഫോൺ കോൾ പരിശോധന അനുമതിക്കായി കോടതിക്ക് സമർപ്പിക്കുമെന്ന് കൽപ്പറ്റ ഡിവൈഎസ് പി പ്രിൻസ് അബ്രഹാം പറഞ്ഞു.ഈ കേസിൽ തുടർനടപടികൾ പിന്നിടുണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.അതിക്രമത്തെ വിവിധ മേഖലകളിൽ നിന്നും ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ബ്യൂറോ ചീഫ് പ്രദീപ് മാനന്തവാടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. സി കെ ശശീന്ദ്രൻ എം എൽ എ പ്രസ് ക്ലബ് പ്രസിഡണ്ട് രമേശ് എഴുത്തച്ഛൻ എന്നിവർ വയനാട് ബ്യൂറോ സന്ദർശിച്ചു. പ്രതികൾ ഒളിവിലാണെന്നാണ് സൂചന.






Leave a Reply