പൊള്ളമ്പാറ പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞ് തകർന്നു
വാളാട്: തവിഞ്ഞാൽ – തൊണ്ടർനാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന
പൊള്ളമ്പാറ പാലത്തിന്റെ സമീപന റോഡ് ഇടിഞ്ഞ് തകർന്നു.കനത്ത മഴയെ തുടർന്ന് ഞായറാഴ്ച പുലർച്ചയോടെയാണ് റോഡ് പൊട്ടി തകർന്നത്.200 മീറ്ററോളം നീളമുള്ള ഒരു ഭാഗത്തെ സമീപന റോഡിന്റെ 100 മീറ്ററിനടുത്ത് ഇടിഞ്ഞു.വിള്ളൽ വ്യാപിക്കുന്നത് പാലത്തിനും, റോഡിനും വൻ ഭീഷണിയാകുന്നുണ്ട്. ആറ് മാസം മുമ്പാണ് പൊള്ളമ്പാറ പാലത്തിന്റെ രണ്ട് ഭാഗത്തേയും സമീപന റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.അരിക് എട്ട് മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് ചെയ്ത് 12 മിറ്റർ വീതിയിൽ റോഡ് മണ്ണിട്ട് നികത്തുകയായിരുന്നു.തുടർന്ന് റോഡ് ടാറിംങ് ചെയ്തു.എന്നാൽ ഓവുചാൽ ഇല്ലാത്തതുമൂലം കനത്ത മഴയിൽ വെള്ളം മണ്ണിലേക്ക് ഒലിച്ച് ഇറങ്ങുകയും കോൺക്രീറ്റ് തകരുകയുമായിരുന്നു.പാലത്തിന്റെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും ഇതിനകം പൂർത്തീകരിച്ചിരുന്നു. ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ് സമീപന റോഡ് തകർന്നത്.ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും നിലവിൽ വാഹനങ്ങൾ ഇതുവഴി ഓടുന്നുണ്ട്. റോഡ് തകർന്നതോടെ ഇതുവഴിയുള്ള വാഹനങ്ങളുടെ ഓട്ടവും നിലച്ചു.
നാല് വർഷം മുമ്പാണ് ഇവിടെ കോൺക്രീറ്റ് പാലത്തിന്റെ നിർമ്മാണം തുടങ്ങിയത്.പൊതുമാരാമത്ത് വകുപ്പ് ഏഴ് കോടി 28 ലക്ഷം രൂപ ചെലവഴിച്ചാണ് ഇവിടെ പാലം യാഥാർത്ഥ്യമാക്കിയത്.വാളാട് ടൗണിനെയും പുതുശ്ശേരി ടൗണിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്.






Leave a Reply