May 18, 2024

മുത്തങ്ങയിലെ ആനക്കാര്യം വനം വകുപ്പിന് തലവേദനയായി.

0
Img 20180611 Wa0015
വയനാട്ടിലെ മുത്തങ്ങ ആന പന്തിയിൽ  മറ്റൊരു അതിഥിക്കു കൂടി കൂടൊരുങ്ങി. ആക്രമണകാരിയായ വടക്കനാട് കൊമ്പനെ പിടികൂടി പരിചരിക്കാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുമ്പോഴും കാട്ടാനകളെ പിടിച്ച് കൂട്ടിലിടുന്നത് ശരിയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിൽ ഷെഡ്യൂൾ ഒന്നിലെ മൃഗമായ ആനയെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റ അനുമതിയോടെ പിടികൂടാമെന്ന് വന്യ ജീവി സംരക്ഷണ നിയമം സെക്ഷൻ പതിനൊന്നിൽ പറയുന്നുണ്ട്. എന്നാൽ പിടികൂടുന്ന ആനകളെ തുടർന്ന് എന്ത് ചെയ്യണമെന്ന തീരുമാനം അധികൃതരിൽ നിന്നും ഉണ്ടാകുന്നില്ല. കാട്ടിൽ നിന്നും നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും ,ജനങ്ങളുടെ ജീവന് ഭീഷണിയാവുകയും ചെയ്ത രണ്ട് ആനകളാണ് ഇപ്പോൾ മുത്തങ്ങ ആനപ്പന്തിയിൽ ഉള്ളത്. കല്ലൂർ കൊമ്പനും, ആറളത്തു നിന്നും പിടികൂടിയ ശിവ എന്ന ആനയും .പ്രശ്നക്കാരായ കാട്ടാനകളെ പിടികൂടി സ്ഥിരമായി കൂട്ടിലടക്കുന്നത് അവയെ കൊല്ലുന്നതിന് സമമാണ്.
       മുത്തങ്ങ പന്തിയിൽ തടവിൽ കഴിയുന്ന കല്ലൂർ കൊമ്പനെ മയക്കു വെടിവെച്ച് കൂട്ടിലാക്കിയിട്ട് രണ്ട് വർഷം തികയാൻ പോകുന്നു. താത്കാലികമായി മുത്തങ്ങ പന്തിയിൽ തടവിലാക്കിയ ആനയെ ഒരു മാസത്തിനു ശേഷം അന്നത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശ പ്രകാരം പറമ്പിക്കുളം വന്യജീവി സങ്കേതത്തിൽ തുറന്നു വിടാൻ നിർദ്ദേശം ലഭിച്ചതോടെ ഒരു ദിവസത്തെ വനം വകുപ്പിന്റെ അധ്വാനഫലമായി ആനയെ മയക്കുവെടിവെച്ച് കൂട്ടിൽ നിന്നും അനിമൽ ആംബുലൻസിലേക്ക് കയറ്റി വാഹനം പുറപ്പെടാൻ നേരത്താണ് ആനയെ തിരിച്ചിറക്കി കൂട്ടിലിടാൻ സന്ദേശം ലഭിച്ചത്.പറമ്പിക്കുളത്തേക്ക് കൊണ്ടു ചെല്ലുന്നതിന്  നാട്ടുകാരുടെ എതിർപ്പ് മൂലമായിരുന്നു ഈ ഉത്തരവ്. തുടർന്ന് മണിക്കുറുകളോളം പണിപ്പെട്ടാണ് വീണ്ടും കൊമ്പനെ കൂട്ടിലാക്കിയത്. ഇപ്പോഴും കൊമ്പൻ തടവറയിൽ തന്നെയാണ്. 
      ഇവിടെ വേദന അനുഭവിക്കുന്നത് മിണ്ടാപ്രാണിയായ ആനയാണ്. രണ്ട് കൂടുകളിലായി കല്ലൂർ കൊമ്പനും ,ശിവയും മുത്തങ്ങ ആന പന്തിയിൽ ഉണ്ട്. ജനങ്ങളെ ഉപദ്രവിക്കുന്ന ആനകളെ പിടികൂട്ടേണ്ടത്  അത്യാവശ്യമാണ്. എന്നാൽ ഇത്തരത്തിൽ പിടികൂടുന്ന ആനകളെ സെമി വൈൽഡ് കണ്ടീഷനിൽ കുങ്കിയാനകളാക്കി വനം വകുപ്പിനൊപ്പം നിർത്തുന്നതാണ് നല്ലതെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
     .കൂടൊരുക്കി കാത്തിരിപ്പ് തുടങ്ങിയിട്ട് ആഴ്ച ഒന്നായെങ്കിലും വടക്കനാട് കൊമ്പൻ ഇപ്പോഴും കർണാടകത്തിൽ തന്നെയാണ്. റേഡിയോ കോളർ ഘടിപ്പിച്ചതിനാൽ ആനയുടെ ചലനങ്ങൾ നിരീക്ഷിച്ച് അതിർത്തി കടന്ന് കേരളത്തിലെത്തിയാൽ ഉടൻ മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങയിലെ ആന പന്തിയിലാക്കാനാണ് നീക്കം.
    ജയരാജ് ബത്തേരി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *