May 9, 2026

കാടാശ്ശേരിയിൽ നീതി നടപ്പായില്ലങ്കിൽ തങ്ങൾ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് നാട്ടുകാർ

0
kadasseri
By ന്യൂസ് വയനാട് ബ്യൂറോ
വടുവഞ്ചാല്‍ കാടാശേരിയില്‍ ഭൂമി അളക്കാന്‍ എത്തിയ ഉദ്യോഗസ്ഥ സംഘത്തെ ഭൂമി കൈവശക്കാര്‍ തടഞ്ഞു. മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘത്തിന് ഭൂമി അളക്കാന്‍ സാധിച്ചില്ല. നീതി നാപ്പായില്ലങ്കിൽ തങ്ങൾ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ജനങ്ങൾ.
ഉദ്യോഗസ്ഥരെ തടഞ്ഞതിന് ഒമ്പത് സ്ത്രീകളെയും 11 പുരുഷന്‍മാരെയും അടക്കം 20 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ഇന്നലെ രാവിലെയാണ് ഭൂമി അളക്കാന്‍ കോടതിയില്‍നിന്നുളള കമ്മീഷനും സംഘവും കാടാശ്ശേരിയില്‍ എത്തിയത്. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തത്തെ തുടര്‍ന്ന് ഇവര്‍ക്ക് നടപടികള്‍ പൂര്‍ത്തീകരിക്കാനായില്ല. തര്‍ക്കത്തിലുളള ഭൂമി അളക്കാന്‍ ബത്തേരി സബ് കോടതിയുടെ ഉത്തരവുമായെത്തിയവരെയാണ് സമരസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞത്. ഇത് എട്ടാംതവണയാണ് കോടതിയില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ കാടാശ്ശേരിയിലെ ഭൂമി അളക്കാനെത്തുന്നത്.
കഴിഞ്ഞ ഏഴുതവണയും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഭൂമിയളക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. ഇത്തവണ നൂറോളം പോലീസുകാരുടെ അകമ്പടിയോടെയാണ് കോടതി നിയോഗിച്ച കമ്മീഷന്‍ കാടാശ്ശേരിയില്‍ എത്തിയത്. രണ്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവുമായാണ് സംഘം എത്തിയത്. സമരക്കാരെ നേരിടാന്‍ ജലപീരങ്കിയടക്കമുളളവ സജ്ജമാക്കിയിരുന്നു. സംഘര്‍ഷത്തിനിടെ ശശി എന്നയാളാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. നിലമ്പൂര്‍ കോവിലകത്തിന്റെ പേരിലുള്ളതാണ് കാടാശേരിയിലെ ഭൂമി. 
നിലമ്പൂര്‍ കോവിലകത്തു നിന്ന് കൊടുവള്ളി സ്വദേശി അഹമ്മദ്ഹാജി എന്നയാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമി പാട്ടത്തിനെടുത്തിരുന്നു. നിലവില്‍ ഇയാളുടെ മക്കളാണ് ഭൂകൈവശക്കാരെ ഒഴിപ്പിക്കാന്‍ കോടതിയെ സമീപിച്ചത്. ബത്തേരി സബ് കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭൂമി കൈവശക്കാര്‍ പറഞ്ഞു. 
1969 മുതല്‍ നിലമ്പൂര്‍ കോവിലകത്തിന്റെ ഭൂമിയില്‍ ജോലി ചെയ്ത് പിന്നീട് ആ ഭൂമി ലഭിച്ചവരാണ് നിയമനടപടി നേരിടുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 38 പേര്‍ക്കെതിരേയാണ് അഹമ്മദ്ഹാജിയുടെ മക്കള്‍ കേസ് നല്‍കിയത്. 1972ല്‍ അഹമ്മദ് ഹാജി കോവിലകത്തു നിന്ന് ഭൂമി പാട്ടത്തിനെടുത്തതായാണ് അദേഹത്തിന്റെ മക്കള്‍ പറയുന്നത്. 1981ല്‍ ഭൂ പരിഷ്‌ക്കരണ നിയമം നടപ്പാക്കിയപ്പോള്‍ കുടിയാന്‍മാരായ തൊഴിലാളികള്‍ക്ക് കോവിലകത്തിന്റെ ഭൂമി നിയമപ്രകാരം ലഭിച്ചുവെന്നാണ് സമരസമിതി ചൂണ്ടിക്കാട്ടുന്നത്. ഏക്കറിന് 600 രൂപ തോതില്‍ അടച്ചാണ് കോവിലകത്തു നിന്നും ഭൂമിയുടെ രേഖകള്‍ കൈവശക്കാര്‍ സമ്പാദിച്ചതെന്നും ജന്മം തീറാധാര പ്രകാരമായിരുന്നു കൈമാറ്റമെന്നും ഭൂ കൈവശക്കാര്‍ പറഞ്ഞു. ഈ ഭൂമി പിന്നീട് പല തവണ കൈമാറ്റം ചെയ്യപ്പെട്ടു. ഇതിനിടെ 2006ലാണ് അഹമ്മദ്ഹാജിയുടെ മക്കള്‍ ഭൂമിക്ക് അവകാശമുന്നയിച്ച് കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചത്. മൂന്നു സെന്റ് മുതല്‍ 3 ഏക്കര്‍ ഭൂമി വരെ കൈവശം വെക്കുന്നവരാണ് നിയമനടപടി നേരിടുന്നത്. 1978 മുതല്‍ ഭൂ കൈവശക്കാരില്‍ പലരും പ്രസ്തുത ഭൂമിക്ക് നികുതി അടച്ചിട്ടുണ്ട്. കോവിലകത്തിന്റെ ഭൂമിയില്‍ പള്ളി, സ്‌കൂള്‍, അങ്കണവാടി തുടങ്ങിയ പൊതു സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നുമുണ്ട്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *