September 26, 2026

ജനവാസ കേന്ദ്രത്തിലെ മരത്തിൽ പുലിയും കുട്ടികളും : പുലി പേടിയൊഴിയാതെ അതിർത്തി ഗ്രാമങ്ങൾ

0
IMG-20190218-WA0076
By ന്യൂസ് വയനാട് ബ്യൂറോ
സിജു വയനാട്
പെരിക്കല്ലൂർ: പുലിപ്പേടിയൊഴിയാതെ ഭീതിയിലായി അതിർത്തി ഗ്രാമമായ ബൈരക്കുപ്പയും സമീപ പ്രദേശങ്ങളും. പകൽ സമയത്ത് പോലും വന്യമൃഗങ്ങൾ  ജനവാസ കേന്ദ്രത്തിലിറങ്ങുന്നത് നിത്യ കാഴ്ചയായി മാറുന്നു. ഇന്ന് രാവിലെ 9.30 ഓടെ ഒരു പെൺപുലിയും രണ്ട് കുട്ടികളും  ബൈരക്കുപ്പയ്ക്ക് സമീപം ജനവാസ കേന്ദ്രത്തിലെ മരത്തിൽ കയറിയിരുന്നത് ഗ്രാമവാസികളെ ആകെ ഭീതിയിലാഴ്ത്തി. പകൽ സമയത്ത്  ഗ്രാമവാസികൾക്ക്  പുറത്തിറങ്ങാൻ ഭയമായിരിക്കുന്നു. മിക്ക കുടുംബങ്ങളും പുറത്തിറങ്ങാതെ വീട് അടച്ചു പൂട്ടി അകത്ത് ഭീതിയോടെ കഴിയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വനാതിർത്തിയിൽ വലിയ ട്രഞ്ചുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും രാത്രിയാകുമ്പോഴേയ്ക്കും അവയെല്ലാം മറികടന്ന് ആന ജനവാസ കേന്ദ്രത്തിലിറങ്ങുന്നത് പതിവാകുന്നു.  നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ഗ്രാമവാസികൾ പറയുന്നു.അതിർത്തി പ്രദേശമായതുകൊണ്ട് നിരവധി മലയാളികളും കുടുംബമായി ബൈരക്കുപ്പയിലും സമീപ പ്രദേശങ്ങളിലും  താമസിക്കുന്നുണ്ട് .മിക്ക മലയാളി കുടുംബങ്ങളിലെ  കുട്ടികളും പെരിക്കല്ലൂർ സ്കൂളിലാണ് പഠിക്കുന്നത്. ഇത്തരത്തിൽ പകൽ സമയത്തുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം രക്ഷിതാക്കളെ ഏറെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. ദിനവും സ്കൂളിൽ പോകുന്ന കുട്ടികളുടെ സംരക്ഷണാർത്ഥം ഇപ്പോൾ രക്ഷിതാക്കളും സ്കൂളിൽ പോകേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു. കൂടാതെ ചെന്നായ് കൂട്ടം കൂട്ടമായി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതുമൂലം കന്നുകാലികളെ കൃഷിയിടത്തിൽ മേയാൻ വിടാൻ കഴിയാത്ത സ്തിഥിയാണുള്ളത്. ഇത്തരത്തിൽ ഒരു ഗ്രാമം തന്നെ ഭീതിയിലായിരിക്കുന്ന അതി ഭീകരമായ  അവസ്ഥയാണ് അതിർത്തി പ്രദേശങ്ങളിൽ. ഏതാനം ദിവസം മുൻപ് പെരിക്കല്ലൂരിലും പരിസര പ്രദേശങ്ങളിലും കടുവ എത്തിയിരുന്നു നാട്ടുകാർ റോഡ് ഉപരോധം ഉൾപ്പെടെ വിവിധ സമര പരിപാടികളും ആസൂത്രണം ചെയ്തിരുന്നു. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള പ്രഖ്യാപനങ്ങളല്ല വേണ്ടത് യഥാർത്ഥ തീരുമാനമാണ് ഇതിനാവശ്യമെന്നും ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ആവശ്യം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *