കൽപ്പറ്റ ‘മതനിരപേക്ഷ ഇന്ത്യക്ക‌് സമരോത്സുക യൗവനം’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ‌്ഐ വയനാട‌് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ‌്ച്ച സെക്കുലർ മാർച്ച‌് സംഘടിപ്പിക്കും. പകൽ 12.30ന‌് മീനങ്ങാടിയിൽ ഡിവൈഎഫ‌്ഐ സംസ്ഥാന പ്രസിഡന്റ‌് എസ‌് സതീഷ‌് മാർച്ച‌് ഉദ‌്ഘാടനം ചെയ്യും. അയ്യായിരത്തോളം യുവജനങ്ങൾ തൂവള്ള വസ‌്ത്രങ്ങൾ ധരിച്ച‌് 13 കിലോമീറ്റർ കാൽനടയായി കൽപ്പറ്റയിലേക്ക‌് മാർച്ച‌് ചെയ്യും. വൈകിട്ട‌് അഞ്ചിന‌് കൽപ്പറ്റയിൽ പൊതുയോഗത്തിൽ ഡിവൈഎഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് പി എ മുഹമ്മദ‌് റിയാസ‌്, സംസ്ഥാന സെക്രട്ടറി എ എ റഹീം എന്നിവർ പങ്കെടുക്കും. രാജ്യത്തെ മതനിരപേക്ഷത തകർക്കാനുള്ള വർഗീയ ശക്തികളുടെ നീക്കത്തിനെതിരെയും തൊഴിലില്ലായ‌്മ പരിഹരിക്കുമെന്ന‌് പറഞ്ഞ‌് അധികാരത്തിലെത്തി യുവജന വഞ്ചന നടത്തിയ മോഡി സർക്കാരിന്റെ നിലപാടുകൾക്കെതിരെയുമാണ‌് യുവജനങ്ങളുടെ മാർച്ച‌്. ജാഥ, ചിത്രപ്രദർശനം, വിശദീകരണ യോഗങ്ങൾ, കലാ–-കായിക മത്സരങ്ങൾ തുടങ്ങിയ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചാണ‌് സെക്കുലർ മാർച്ചിന‌് യുവജനങ്ങളെ സജ്ജരാക്കിയത‌്.
Leave a Reply