കിടപ്പ് രോഗികള്‍ക്കൊരു കൈത്താങ്ങ്: ആവേശമായി പാലിയേറ്റീവ് അഖില കേരള വടംവലി മത്സരം
കാവുംമന്ദം: നാല് ചുമരുകള്‍ക്കുള്ളില്‍ പുറംലോകം കാണാതെ കഴിയുന്ന കിടപ്പ് രോഗികള്‍ക്കുള്ള സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്തുന്നതിന് വേണ്ടി, തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് സംഘടിച്ച അഖില കേരള വടംവലി മത്സരം ആവേശകരമായി. മത്സരം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ തമ്പി ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ആന്‍റണി അദ്ധ്യക്ഷത വഹിച്ചു. ഫൈനല്‍ മത്സരത്തില്‍ പാലക്കാട് ജെ വി സി കാറല്‍മണ്ണയെ പരാജയപ്പെടുത്തി, ജാസ് വണ്ടൂര്‍ മലപ്പുറം ജേതാക്കളായി.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുമായി നിരവധി പ്രമുഖ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്‍റ് കാണുന്നതിന് ജില്ലയിലെ വിവിധ പ്രദേശങ്ങഞളില്‍ നിന്നായി നിരവധി കാണികള്‍ എത്തിച്ചേര്‍ന്നു. യു എ ഇ പ്രവാസി വയനാടിന്‍റെ സഹായത്തോടെ, ഐ ആര്‍ ഇ വടംവലി അസോസിയേഷന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ മത്സര വിജയികള്‍ക്ക് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം പപ്പന്‍ പിണങ്ങോട് നല്‍കിയ പ്രൈസ് മണിയും ട്രോഫിയും മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജേഷ്, രണ്ടാം സ്ഥാനക്കാര്‍ക്ക് ബ്രഡ് & ബട്ടര്‍ നല്‍കുന്ന പ്രൈസ് മണിയും ട്രോഫിയും ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സില്‍ അംഗം എ ഡി ജോണ്‍ എന്നിവര്‍ വിതരണം ചെയ്തു.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അംഗം ആന്‍സി ആന്‍റണി, സബ് ഇന്‍സ്പെക്ടര്‍ രാജന്‍, മുരളീധരന്‍, ഹമീദ് കൂരിയാടന്‍, നൂറുദ്ദീന്‍ പനമരം, പപ്പന്‍ പിണങ്ങോട്, വിന്‍സന്‍റ് മൂലക്കര, കെ എം ജോര്‍ജ്ജ്, ജിമ്മി കൊടികുളം, സജി വെള്ളച്ചിമൂല, ജാസര്‍ പാലക്കല്‍, പി വി ജെയിംസ്, സഞ്ജിത്, പ്രദീപ് തണല്‍, ഷൈന്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പാലിയേറ്റീവ് ഗ്രൂപ്പ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി സ്വാഗതവും എം ശിവാനന്ദന്‍ നന്ദിയും പറഞ്ഞു.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന് കീഴില്‍ പടിഞ്ഞാറത്തറ, തരിയോട്, കോട്ടത്തറ, വെങ്ങപ്പള്ളി, പൊഴുതന പഞ്ചായത്തുകളില്‍ നിന്നുള്ള വിദഗ്ദ പരിചരണം ആവശ്യമായ രോഗികള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിച്ച് വരുന്നതാണ് ഈ പാലിയേറ്റീവ് കൂട്ടായ്മ. ഹോംകെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇതിലൂടെ ചെയ്ത് വരുന്നുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥമാണ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചത്. മുസ്തഫ പറക്കാട്, കെ ടി ഷിബു, സലിം വാക്കട, ശാന്തി അനില്‍, അനില്‍കുമാര്‍, ജോസ്, റെജി, രാജു, മോളി ജോയ്, സനല്‍രാജ്, ജൂലി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.






Leave a Reply