March 29, 2024

‘വയനാട് സ്‌പൈസ് വില്ലേജ്’ പ്രവര്‍ത്തനസജ്ജമായി

0
Albin
പുല്‍പ്പള്ളി: ഗുണമേന്മയുള്ള കാപ്പിപ്പരിപ്പ് കയറ്റുമതി ചെയ്യുകയെന്ന ലക്ഷ്യത്തോടെ പുല്‍പ്പള്ളി സുരഭിക്കവലയില്‍ 'വയനാട് സ്‌പൈസ് വില്ലേജ്' പ്രവര്‍ത്തനസജ്ജമായി. 27-കാരനായ പുല്‍പ്പള്ളി സുരഭിക്കവല ഉണ്ണിപ്പള്ളില്‍ ആല്‍ബിന്‍ മാത്യു എന്ന എം ബി എ ബിരുദധാരിയാണ് സ്‌പൈസ് വില്ലേജ് എന്ന ആശയത്തിന് പിന്നില്‍. വയനാടന്‍ കാപ്പിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് കാപ്പിപ്പരിപ്പാക്കിമാറ്റി വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാണ് സ്‌പൈസ് വില്ലേജ് കൊണ്ട് ലക്ഷ്യമിടുന്നത്. കര്‍ഷകരില്‍ നിന്നും മാര്‍ക്കറ്റ് വിലയെക്കാള്‍ കൂടുതല്‍ പണം നല്‍കിയാണ് ആല്‍ബിന്‍ കാപ്പിക്കുരു ശേഖരിക്കുന്നത്. കാപ്പി പരിപ്പാക്കുന്നതിനായി സ്‌പൈസ് വില്ലേജില്‍ അത്യാധുനീക ഉപകരണങ്ങളും സജ്ജമായി കഴിഞ്ഞു. കാപ്പിയുടെ ഗുണമേന്മയനുസരിച്ച് ഏഴ് ഗ്രേഡായി കാപ്പിപ്പരിപ്പ് തരംതിരിക്കാന്‍ ശേഷിയുള്ള  വൈബോ ഗ്രാഡര്‍, കാപ്പിയുടെ തൊണ്ട് കളയുന്ന 'ചാറ്റഡോര്‍' തുടങ്ങിയ മെഷീനുകള്‍ പ്രവര്‍ത്തനക്ഷമമായി കഴിഞ്ഞു. മറ്റ് രണ്ട് മെഷീനുകള്‍ കൂടി ഉടന്‍ സ്‌പൈസ് വില്ലേജിലെത്തും. വേര്‍തിരിക്കുന്ന കാപ്പിപ്പരിപ്പ് 60 കിലോ പാക്കറ്റാക്കി മാറ്റിയാണ് കയറ്റുമതി ചെയ്യുന്നത്. ഒന്നരകോടി രൂപയോളമാണ് ആല്‍ബിന് സ്‌പൈസ് വില്ലേജ് യൂണിറ്റ് തുടങ്ങാന്‍ ചിലവായത്. ഇതില്‍ ഒരു കോടി രൂപയും മെഷീനുകള്‍ക്കാണ്. യൂണിറ്റ് ആരംഭിച്ചതോടെ പ്രദേശവാസികളായ നിരവധി പേര്‍ക്ക് ജോലിയും നല്‍കി. 600 കര്‍ഷകരെ ഉള്‍പ്പെടുത്തിക്കൊണ്ട് വയനാട് സ്‌പൈസ് വില്ലേജ് ആന്റ് ഓര്‍ഗാനിക് ഫാമിംഗ് സൈസൈറ്റി എന്ന പേരില്‍ സൊസൈറ്റിയുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ആല്‍ബിന്‍. സൊസൈറ്റി തുടങ്ങിയാല്‍ നെതര്‍ലന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെയ്ന്‍ഫോറസ്റ്റ് ആന്റ് യുറ്റ്‌സ് സര്‍ട്ടിഫിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാനാണ് ആല്‍ബിന്‍ ലക്ഷ്യമിടുന്നത്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്താല്‍ ഉല്പന്നങ്ങള്‍ വില്‍പ്പനകാരിലെത്തിക്കാന്‍ എളുപ്പമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ബാംഗ്ലൂരിലെ എച്ച് എഫ് ബി സി ബാങ്കില്‍ ജോലി ചെയ്തുവരുന്നതിനിടെ നോട്ട് നിരോധനത്തെ തുടര്‍ന്ന് കരാര്‍ തൊഴിലാളികളുടെ ജോലി കമ്പനി മരവിച്ചതിന്റെ ഭാഗമായാണ് ആല്‍ബിന് വയനാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. ഇതിനിടയിലാണ് ആല്‍ബിന്‍ കാര്‍ഷികമേഖലയെ കുറിച്ച് പഠിക്കുന്നത്. കാര്‍ഷികവിളകള്‍ മൂല്യവര്‍ധിത ഉല്പന്നങ്ങളായി ബ്രാന്റ് ചെയ്യുകയെന്ന ചിന്തയാണ് ഇപ്പോള്‍ സ്‌പൈസ് വില്ലേജിലെത്തി നില്‍ക്കുന്നത്. ജൈവരീതിയില്‍ കൃഷി ചെയ്യുന്ന വിളകളാവുമ്പോള്‍ വിദേശരാജ്യങ്ങളിലടക്കം അതിന് ഏറെ പ്രധാന്യം ലഭിക്കുമെന്ന് ആല്‍ബിന്‍ മനസിലാക്കി. അങ്ങനെയാണ് വയനാട്ടിലെ പ്രധാന വിളയായ കാപ്പി തിരഞ്ഞെടുത്തത്. സ്‌പൈസ് വില്ലേജിനെ കുറിച്ചുള്ള ആലോചനകള്‍ക്കിടെ ജോലി ചെയ്തിരുന്ന ബാങ്ക് തിരികെ വിളിച്ചെങ്കിലും ആല്‍ബിന്‍ അത് നിരസിച്ചു. വീടിനോട് ചേര്‍ന്ന് തന്നെ നിര്‍മ്മിച്ചിരിക്കുന്ന സ്‌പൈസ് വില്ലേജില്‍ ആല്‍ബിന് എല്ലാവിധ പിന്തുണയുമായി പിതാവ് മാത്യുവും ഒപ്പമുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *