ജീവനക്കാർക്ക് ശമ്പളമില്ലാത്ത ഓണക്കാലം: അടിയന്തര ശ്രദ്ധ വേണമെന്ന് ചവറ ജയകുമാർ
സംസ്ഥാനത്തെ സങ്കീർണ്ണമായ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകൃതമായ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ഓഫീസുകളിലെ ജീവനക്കാർക്ക് രണ്ട് മാസമായി ശമ്പളം മുടങ്ങിയിരിക്കുകയാണ്. സർക്കാരിന്റെ തുടർച്ചാനുമതി ആവശ്യമുള്ള ഇത്തരം ഓഫീസുകളിൽ നിലവിൽ തുടർച്ചാനുമതി ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം, 23-6-17 ലെ സർക്കാർ ഉത്തരവ് പ്രകാരം 31.03.2019 വരെയാണ് നിലവിൽ തുടർച്ചാനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ ലാന്റ് റവന്യു കമ്മീഷണറുടെ കീഴിലുള്ള 1733 ജീവനക്കാർക്കും സ്പെഷ്യൽ ഡപ്യൂട്ടി കളക്ടർമാരുടെ ഓഫീസുകളിലെ 40 ജീവനക്കാർക്കും സ്പെഷ്യൽ റവന്യൂ റിക്കവറി ഓഫീസുകളിലെ 218 ജീവനക്കാർക്കും ഈ ഓണക്കാലത്ത് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. തുടർച്ചയായി വരുന്ന അവധികൾ മൂലം ഈ ആഴ്ച ശമ്പളം വിതരണം ചെയ്യുന്നതിന് ഉത്തരവ് ലഭിച്ചില്ലെങ്കിൽ സെപ്തംബർ 16-ന് ശേഷം മാത്രമേ എന്തെങ്കിലും നടപടി സ്വീകരിക്കുവാൻ സാധിക്കുകയുള്ളു. തുടർച്ചാനുമതിക്കായുള്ള ഫയൽ ധനവകുപ്പിലെത്തിയിട്ട് മാസങ്ങളായെങ്കിലും റവന്യു വകുപ്പിലേക്ക് കൈമാറാത്തതിനാലാണ് ഉത്തരവ് ലഭ്യമാകാതിരിക്കുന്നത്. ഓണക്കാലത്ത് പോലും ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്ന സാഹചര്യമുണ്ടാകുന്നത് അത്യന്തം പ്രതിഷേധാർഹമാണെന്നും സർക്കാറിന്റെ അടിയന്തര ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാകണമെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ചവറ ജയകുമാർ ആവശ്യപ്പെട്ടു.





Leave a Reply