വയനാട് രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ല: മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം നടത്തി
കൽപറ്റ: രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയായി വയനാടിനെ പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി മന്ത്രി ടി. സിദ്ദീഖിന്റെ അധ്യക്ഷതയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ഇ- മാലിന്യമുക്ത വയനാടെന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ തദ്ദേശസ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വ്യക്തികൾ, കുടുംബങ്ങൾ, സ്ഥാപനങ്ങൾ എന്നിവ ഉത്തരവാദിത്വത്തോടെ പങ്കാളികളാകണമെന്ന് മന്ത്രി അഭ്യർഥിച്ചു. ജില്ലയിലെ മുഴുവൻ വാർഡുകളും പഞ്ചായത്തുകളും നവംബർ ഒന്നോടെ ഇ- മാലിന്യ മുക്തമായി പ്രഖ്യാപിക്കും.
വ്യാപാര സ്ഥാപനങ്ങൾ, റസ്റ്ററന്റുകൾ, റിസോർട്ടുകൾ, വീടുകൾ, പൊതു ഇടങ്ങൾ ഉൾപ്പെടെ ജില്ലയിലെ മുഴുവൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇ-മാലിന്യ ശേഖരണം പൂർത്തിയാക്കണം. ഇതിനായി ഹരിത കർമസേനയെ പൂർണസജ്ജമാക്കണമെന്നും മന്ത്രി പറഞ്ഞു. ത്രിതല പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മാലിന്യശേഖരണത്തിനും ശാസ്ത്രീയ സംസ്കരണത്തിനും ആവശ്യമായ ഇടപെടലുകൾ പൂർത്തിയായി വരുന്നതായും ഇ-മാലിന്യമുക്ത പ്രഖ്യാപനം ജനപങ്കാളിത്തത്തോടെ വിപുലമായി സംഘടിപ്പിക്കണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷൻമാർ യോഗത്തിൽ വ്യക്തമാക്കി.
വയനാടിനെ ഇ-മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി മന്ത്രി ടി. സിദ്ദീഖിന്റെ അധ്യക്ഷതയിൽ വിവിധ സന്നദ്ധ സംഘടനകളുടെ ഓൺലൈൻ യോഗം ചേർന്നു. ചരിത്രപരമായ ദൗത്യത്തിനു പരിപൂർണ പിന്തുണ നൽകുമെന്ന് യോഗത്തിൽ പങ്കെടുത്ത സംഘടനകൾ അറിയിച്ചു. തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി മജീദ്, ജില്ലാ പ്ലാനിങ് ഓഫിസർ എം. കലാമുദ്ദീൻ, ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ കെ.എസ്. സജീഷ്, പ്രോഗ്രാം ഓഫിസർ കെ. അനൂപ്, വിവിധ സംഘടന പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു




Leave a Reply