March 29, 2024

വയനാടിന്റെ ” മുത്തുമണി ” മിന്നു മണി ബംഗ്ലാദേശ് പര്യടനത്തിന്

0
20190912 110746.jpg

മാനന്തവാടി  :  ഇന്ത്യ എ വുമണ്‍ ക്രിക്കറ്റ് ടീമിലും മലയാളി സാനിധ്യം. ഒക്‌ടോബര്‍ നാല് മുതല്‍ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലാണ് വയനാട്ടുകാരി മിന്നുമണിയും ഇടം നേടിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈയില്‍ ഇംഗ്ലണ്ടിനെതിരെ മത്സരിച്ച ബോര്‍ഡ് പ്രസിഡന്റ് ഇലവനിലും മിന്നുമണി ഇടം നേടിയിരുന്നു. ഈ  മാച്ചിലെ മികച്ച പ്രകടനമാണ് മിന്നുമണിക്ക് ഇന്ത്യ എ ടീമിലേക്ക് അവസരമൊരുക്കിയത്. കേരളത്തിന്റെ  ചരിത്രത്തിലാദ്യമായി ഒരു ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായപ്പോള്‍ ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍ നേടി ശ്രദ്ധ നേടിയ താരമാണ് മിന്നുമണി. ഈ ടൂര്‍ണമെന്റിലെ പ്രകടനം മിന്നുമണിക്ക് അണ്ടര്‍ 23 ടി.20യില്‍ ഇന്ത്യ റെഡിനായും ചലഞ്ചര്‍ ട്രോഫി സീനിയറില്‍ ഇന്ത്യ ബ്ല്യൂവിനായും പാഡണിയാന്‍ അവസരമൊരുക്കി. ബാറ്റിംഗ് ഓള്‍റൗണ്ടറായ മിന്നുമണി കേളരത്തിനായി അവസാനം കളിച്ച 20 മത്സരങ്ങളില്‍ നിന്നായി 22 വിക്കറ്റും ഒരു അര്‍ധശതകവും നേടിയിരുന്നു. നാലുതവണ 30ന് മുകളില്‍ റണ്‍ കണ്ടെത്താനും മിന്നുമണിക്കായിരുന്നു. കെ.സി.എയുടെ വുമണ്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍, ജൂനിയര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍, യൂത്ത് പ്ലയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡുകളും മിന്നുമണിയെ തേടിയെത്തിയിരുന്നു. ഇടംകൈ ബാറ്റ്‌സ്‌വുമണായ മിന്നുമണി ഓഫ് ബ്രേക്ക് ബൗളര്‍ കൂടിയാണ്. കേരളത്തിനായി അണ്ടര്‍ 16 കാറ്റഗറി മുതല്‍ സീനിയര്‍ കാറ്റഗറി വരെയുള്ള മുഴുവന്‍ ടൂര്‍ണമെന്റുകളിലും പാഡണിഞ്ഞിട്ടുണ്ട് ഈ 20കാരി. 2011ല്‍ മാനന്തവാടി ജി.വി.എച്ച്.എസ്.എസില്‍ എട്ടാംതരത്തില്‍ പഠനം ആരംഭിച്ചതോടെയാണ് മിന്നുമണിയിലെ ക്രിക്കറ്ററെ നാടറിയുന്നത്. സ്‌കൂളിലെ കായികാധ്യാപിക എല്‍സമ്മ ടീച്ചറാണ് മിന്നുമണിയിലെ ക്രിക്കറ്ററെ കണ്ടെത്തുന്നത്. തുടര്‍ന്ന് പരിശീലനം ആരംഭിച്ച മിന്നുമണിക്ക് കേരള വനിതാ ക്രിക്കറ്റ് ടീം സെലക്ടറായിരുന്ന അനുമോള്‍ ബേബി, വയനാട്ടിലെ ക്രിക്കറ്റ് പരിശീലകരില്‍ പ്രമുഖനായ ഷാനവാസ് എന്നിവര്‍ കളിയുടെ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ചു. ഇതോടെ ക്രിക്കറ്റ് അക്കാദമിയിലേക്ക് സെലക്ഷന്‍ ലഭിച്ച മിന്നുമണി രണ്ട് വര്‍ഷം തൊടുപുഴ ക്രിക്കറ്റ് അക്കാദമിയിലും പിന്നീട് തിരുവനന്തപുരം ക്രിക്കറ്റ് അക്കാദമിയിലും പരിശീലനം നടത്തി. പിന്നീട് വയനാട് ക്രിക്കറ്റ് അക്കാദമിയിലും പരിശീലനം നടത്തിയ മിന്നുമണി വയനാടിനായി എല്ലാ കാറ്റഗറികളിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. കൂലിപ്പണിക്കാരനായ അച്ഛന്‍ മണിയും വീട്ടമ്മയായ അമ്മ വസന്തയും ഒന്‍പതാം തരത്തില്‍ പഠിക്കുന്ന അനുജത്തി നിമിതയും നല്‍കുന്ന പിന്തുണ തന്റെ ക്രിക്കറ്റ് പ്രകടനത്തില്‍ മാറ്റങ്ങളുണ്ടാക്കിയെന്നാണ് മിന്നുമണിയുടെ അഭിപ്രായം. നാട്ടുകാരുടെ പിന്തുണയും ആവോളം കിട്ടിയിട്ടുണ്ട്. ഒക്‌ടോബര്‍ നാലു മുതലാണ് ബംഗ്ലാദേശ് പര്യടനം ആരംഭിക്കുന്നത്. ഒക്‌ടോബര്‍ 20 മുതല്‍ ശ്രീലങ്കയില്‍ നടക്കുന്ന വനിതാ ഏഷ്യാകപ്പിന് മുന്നോടിയായിട്ടുള്ള എമേര്‍ജിംഗ് ഏഷ്യാ കപ്പിനായാണ് ടീം ബംഗ്ലാദേശിലേക്ക് പറക്കുന്നത്. ഇവിടെ മൂന്ന് വീതം ഏകദിനവും ടി.20യുമാണ് ഇന്ത്യന്‍ ടീമിനുള്ളത്. ഈമാസം 19ന് ബംഗളുരുവിലേക്ക് പോകുന്ന മിന്നുമണി അവിടെ നിന്നും ഇന്ത്യ-എ ടീമിനൊപ്പം ചേരും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *