കബനി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
മാനന്തവാടി: കബനി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി മുരളിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ നടത്തിയ തിരച്ചിലിൽ പനമരം സി.എച്ച് റെസ്ക്യു ടീം അംഗങ്ങളാണ് മൃതദേഹം കണ്ടെടുത്തത്. ചങ്ങാടക്കടവ് അണക്കെട്ടിന് സമീപം 50 മീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ്, വാളാട് കാരുണ്യ റസ്ക്യു ടീം, വാളാട് പുത്തൂർ റസ്ക്യു ടീം അംഗങ്ങളും തിരച്ചിലിൽ പങ്കെടുത്തിരുന്നു. ഇന്നലെയാണ് മീൻപിടിക്കാനെത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേർ ഒഴുക്കിൽപ്പെട്ടത്. തടയണ മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടെയാണ് മൈസൂർ സ്വദേശി കുമാറും, തമിഴ്നാട് സ്വദേശി മുരളിയും ഒഴുക്കിൽപ്പെട്ടത്. ഇതിൽ കുമാറിനെ നാട്ടുകാർ രക്ഷിച്ചിരുന്നു. ഇയാൾ ജില്ലാശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് പോയി. ഇവരുടെ കൂടെയുണ്ടായിരുന്ന താമരശ്ശേരി സ്വദേശി മനുവാണ് അപകട വിവരം നാട്ടുകാരെ ആദ്യം അറിയിച്ചത്. തുടർന്ന് നാട്ടുകാരെത്തി ആദ്യം കുമാറിനെ രക്ഷിച്ചെങ്കിലും മുരളിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ എട്ട് മണിയോടെ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. പിന്നീട് പനമരത്ത് നിന്നെത്തിയ സി.എച്ച് റസ്ക്യു ടീമംഗങ്ങൾ പത്ത് മണിയോടെ മൃതദേഹം കണ്ടെത്തി. തടയണയിൽ നിന്നും അമ്പത് മീറ്ററോളം മാറിയാണ് മൃതദേഹം കിട്ടിയത്. പനമരം സി എച്ച് എച്ച് റെസ്ക്യൂ ടീമിലെ അജ്മൽ, ഹാരിസ് , അഷറഫ്, സെമിനാജ്, മുനാഫ്, ഫഹദ് അർഷാദ്, മുബഷിർ, അബ്ദുൽ മനാഫ്, റസാഖ് സാദിഖ്, കുട്ടൻ, കുഞ്ഞമ്മദ് റിയാസ്, ഫിറോസ്, ജാഫർ എന്നിവരടങ്ങുന്ന സംഘമാണ് മൃതദേഹം കണ്ടെത്തിയത്. . മാനന്തവാടി എസ്.ഐ അനിൽ കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും, വില്ലേജ് – റവന്യൂ അധികൃതരും സ്ഥലത്തെത്തിയിരുന്നു. മുരളിയുടെ മൃതദേഹം മാനന്തവാടി ജില്ലാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.





Leave a Reply