November 13, 2026

ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം: കർമ്മ സമിതി കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തി.

0
Photo.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധന പ്രശ്നത്തിന് പരിഹാരമായി നാറ്റ്പാക്ക് ശുപാര്‍ശ ചെയ്ത സുല്‍ത്താന്‍ ബത്തേരി-ചിക്കബര്‍ഗ്ഗി-ബേഗൂര്‍ ബൈപാസ്സ് റോഡ് നടപ്പാക്കാമോ എന്ന് പരിശോധിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിഥിന്‍ ഗഡ്കരി അറിയിച്ചു.  രാത്രിയാത്രാ നിരോധന പ്രശ്നത്തിന് പരിഹാരം തേടി ന്യൂഡല്‍ഹിയില്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയ വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ്, ദേശീയപാത സംരക്ഷണ കൗണ്‍സില്‍, നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി എന്നീ സംഘടനാ പ്രതിനിധികള്‍ക്കാണ് അദ്ദേഹം ഈ ഉറപ്പു നല്‍കിയത്.  രാത്രിയാത്രാ നിരോധനം തുടരട്ടെ എന്നും പകരമായി കുട്ട-ഗോണിക്കുപ്പ വഴിയുള്ള ബദല്‍പാത മതിയെന്നുമുള്ള നിലപാടില്‍ കേരള സര്‍ക്കാര്‍ എത്തിച്ചേരുകയും 2019 ഫെബ്രുവരി 18 ന് നടന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സെക്രട്ടറിതല ചര്‍ച്ചയില്‍ ഈ തീരുമാനം രേഖപ്പെടുത്തി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.  സുപ്രീംകോടതി 2019 ആഗസ്ത് 7 ന്‍റെ ഉത്തരവില്‍ ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയതോടെ കുട്ട-ഗോണിക്കുപ്പ ബദല്‍പാത തത്വത്തില്‍ അംഗീകരിക്കപ്പെട്ടു.  ഈ തീരുമാനം തിരുത്തുന്നതിനാവശ്യമായ നടപടികളൊന്നും തന്നെ കേരള സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.  ബദല്‍പാത മാത്രമേ പരിഗണിക്കൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ നിലവിലെ ദേശീയപാതയില്‍ നിന്ന് വിദൂരത്തുള്ളതും കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് മൈസൂറിലേക്ക് സൗകര്യപ്രദമായതുമായ ബദല്‍പാതകളാണ് കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്.  ഈ റോഡുകളൊക്കെത്തന്നെ വന്യജീവി സങ്കേതത്തിലും, കടുവാ സങ്കേതത്തിലും 25 കി.മി യിലധികം കടന്നുപോകുന്നവയാണ്.  എന്നാല്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിംഗ് & റിസര്‍ച്ച് സെന്‍റര്‍ പഠനം നടത്തി കണ്ടെത്തിയ നിലവിലെ ദേശീയപാതയില്‍ 101-ാമത്തെയും 167-മത്തെയും കിലോമീറ്ററിനുളളില്‍ വരുന്ന വള്ളുവാടി-ചിക്കബര്‍ഗ്ഗി- ബേഗൂര്‍ ബൈപാസ് നിര്‍ദ്ദേശം കേരള സര്‍ക്കാര്‍ അവഗണിക്കുകയാണ്.  ഈ പാത ചുരുങ്ങിയ ദൂരം മാത്രമാണ് വനത്തിലൂടെ കടന്നുപോകുന്നത്.  നിലവിലെ ദേശീയപാത 766 ല്‍ മൈസൂറിലേക്കുള്ള ദൂരത്തില്‍ 20 കി.മി ഈ പാത വഴി കുറവുണ്ടാവുകയും ചെയ്യും.  ഈ പാത നിലവില്‍ വരുന്നതിനെതിരെ ഒരു ലോബി ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.  ഈ സാഹചര്യത്തിലാണ് സംഘടനകള്‍ കേന്ദ്ര മന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തിയത്.  ചര്‍ച്ചയില്‍ ജെ.എസ്.എസ് മഠാധിപതി സ്വാമി ശ്രീ ശിവനാഗരാജു, വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ജോണി പാറ്റാനി, അഡ്വ:പി.വേണുഗോപാല്‍, ഡോ:സതീഷ് നായ്ക്ക്, വി.ആര്‍.സതീഷ്, സാജന്‍ മാത്യു, ബിജു ശിവരാമന്‍, കെ.ജി.തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു.  
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *