April 25, 2024

വരള്‍ച്ചയും പ്രതിരോധിക്കും : ഏഴിന നിര്‍ദ്ദേശങ്ങളുമായി ജില്ലാ ഭരണകൂടം

0

        കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ജില്ലയുടെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ഉത്തരവിറക്കി ജില്ലാ ഭരണകൂടം. ജലസ്രോതസ്സുകളില്‍ ജലനിരപ്പ് കുറഞ്ഞുവരുന്നതും ചിലയിടങ്ങളില്‍ വരള്‍ച്ചാ ഭീഷണി രൂക്ഷമാകുന്ന സാഹചര്യത്തിലുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ജില്ലാ ഭരണകൂടം രംഗത്തിറങ്ങിയത്. ഇതിന്റെ ഭാഗമായി വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍  ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസിനെ നോഡല്‍ ഓഫീസറായി നിയമിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും മുന്‍കരുതലുതലുകളും സ്വീകരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. 
     കിണറുകളിലും കുളങ്ങളിലും വെള്ളം കുറഞ്ഞു തുടങ്ങുകയും പലയിടത്തും തോടുകളിലെ ഒഴുക്കു നിലച്ച സാഹചര്യവുമാണ് നിലവിലുളളത്. നീര്‍ച്ചാലുകള്‍ വറ്റിവരളുന്നതും പുഴകളിലെ ജലനിരപ്പ് കുറയുന്നതും ജലക്ഷാമത്തിനും വരള്‍ച്ചക്കും ഇടയാക്കുമെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് സാമൂഹ്യ ജീവിതത്തെയും മൃഗങ്ങളെയും പക്ഷികളെയും സാരമായി ബാധിച്ചേക്കാം. വന്യമൃഗങ്ങള്‍ വെളളം തേടിയിറങ്ങുന്നതും സംഘര്‍ഷത്തിന് ഇടയാക്കാം. ഈ സാഹചര്യത്തിലാണ് വരള്‍ച്ചാ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാന്‍ ഏഴിന നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് അദ്ദേഹം ജില്ലാഭരണകൂടത്തിന് സമര്‍പ്പിച്ചത്. പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ;
 1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജലസേചന വകുപ്പ് ,വാട്ടര്‍ അതോറിറ്റി, കൃഷി വകുപ്പ് എന്നിവയ്ക്ക് കീഴിലുള്ള മുഴുവന്‍ തടയണകളും ഷട്ടറുകളിട്ട് ഒഴുകി നഷ്ടപ്പെടുന്ന വെള്ളം സംഭരിച്ചു നിര്‍ത്തണം.
2. തടയണകളില്‍ നിന്നും ചെറിയ നിലയില്‍ മണ്ണ് നീക്കം ചെയ്ത് തടയണകളുടെ സംഭരണശേഷി കൂട്ടണം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണം.
3 ഗ്രാമ പഞ്ചായത്തു മെമ്പര്‍മാരുടെ നേതൃത്വത്തില്‍ പ്രാദേശിക യൂസര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ച് നീര്‍ച്ചാലുകളിലും തോടുകളിലും ഇടക്കിടെ താല്‍ക്കാലിക ജൈവ തടയണകള്‍ നിര്‍മ്മിക്കണം. ഇത് പ്രദേശത്തെ ജലവിതാനം കുറയാതിരിക്കുന്നതിനും അതുവഴി കിണറുകള്‍ വറ്റാതിരിക്കുന്നതിനും സഹായിക്കും.
4. ജില്ലയിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കിയോസ്‌കകളുടെ നിലവിലെ സ്ഥിതി പരിശോധിക്കണം.ഉപയോഗിക്കുവാന്‍ കഴിയുന്നവ ജലവിതരണത്തിനായി സജ്ജമാക്കണം.
5. പുതിയ കിയോസ്‌കൂകള്‍ സ്ഥാപിക്കേണ്ട സ്ഥലവും എണ്ണവും സ്രോതസ്സും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ച് അനുമതി വാങ്ങുക.
6. ടാങ്കര്‍ ലോറികളിള്‍ വെള്ളം എത്തിക്കേണ്ട സ്ഥലങ്ങളുണ്ടെങ്കില്‍ അതിവേഗം നടപടികള്‍ പൂര്‍ത്തികരിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വെള്ളം എത്തിക്കണം.

7. വിവിധ വകുപ്പുകള്‍ മുഖേനയും തദ്ദേശസ്വയംഭരണവകുപ്പ് മുഖേനയും നിര്‍മ്മാണം ആരംഭിച്ച് പൂര്‍ത്തീകരണ ഘട്ടത്തില്‍ എത്തിയ ജലസംഭരണ നിര്‍മ്മിതികള്‍ പൂര്‍ത്തികരിക്കാന്‍ നടപടി സ്വീകരിക്കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *