April 25, 2024

മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസ് : സി.പി.എമ്മിന്റേത് വിലകുറഞ്ഞ രാഷ്ട്രീയമെന്ന് മുസ്ലീം ലീഗ്

0

കല്‍പ്പറ്റ: വിശക്കുന്നവന് ഭക്ഷണം നല്‍കുന്നത് പോലും രാഷ്ട്രീയമായിക്കണ്ട് പൊലീസിനെ ഉപയോഗിച്ച് ജില്ലയില്‍ സി.പി.എം വ്യാപകമായി മുസ്്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുപ്പിക്കുന്നത് അപലപനീയവും വിലകുറഞ്ഞ രാഷ്ട്രീയവുമാണെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി എന്നിവര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയപകപോക്കല്‍ ലക്ഷ്യം വെച്ചും മുസ്്‌ലിം ലീഗ് നടത്തുന്ന തുല്യതയില്ലാത്ത റിലീഫ് പ്രവര്‍ത്തനങ്ങളില്‍ അസൂയ പൂണ്ടും സി.പി.എം നേതാക്കള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ പൊതുജനം വിലയിരുത്തും. സി.പി.എം എന്ന സമ്പന്ന പാര്‍ട്ടി ചെയ്യാത്ത സേവനപ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുന്നത് കാണുമ്പോള്‍ പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. റിലീഫ് കിറ്റുകളുമായി പോവുന്ന ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്ന ആവേശം ഇടതുസഹായ സ്ഥാപനങ്ങളില്‍ യോഗം നടത്തുന്നവര്‍ക്കെതിരെ ഇല്ലാതെ പോവുകയാണ്. ആസ്പത്രിക്കിടക്കകളില്‍ ചുവന്ന ഷീറ്റ് വിരിക്കുന്നത് കൊണ്ടും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കടക്കം പാര്‍ട്ടി നേതാക്കളുടെ കവിതകളും പുസ്തകങ്ങളും നല്‍കി കമ്യൂണിസം രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന വിചാരം പ്രബുദ്ധ കേരളം പരിഹാസത്തോടെയാണ് കാണുന്നത്. വയലാറിലും പുന്നപ്രയിലും കയ്യൂരിലും കരിവെള്ളൂരിലും ജന്മി ഭരണകൂട മേധാവികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് കൊണ്ടാണ് എന്ന് പറയുന്ന നേതാക്കളാണ് ഇപ്പോള്‍ ഭരണത്തിന്റെ തണലില്‍ രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെയും പാവപ്പെട്ടവന് ജീവിതാശ്വാസം നല്‍കുന്നവനെയും കേസില്‍ കുടുക്കി നിശ്ശബ്ദരാക്കാമെന്നും തങ്ങളുടെ സെല്‍ഭരണം നടത്താമെന്നും വ്യാമോഹിക്കുന്നവര്‍ ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാത്തവരാണ്. കോവിഡ് മാഹാമാരിയെ ഒറ്റക്കെട്ടായി നേരിടുന്നതിന് പകരം രാഷ്ട്രീയ നേട്ടം വെച്ചുള്ള പി.ആര്‍ പ്രവര്‍ത്തനങ്ങളും മറ്റും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും സി.പി.എം പിന്തിരിയണമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *