September 28, 2026

കുമാരന്‍ വൈദ്യരുടെ മരണം- വിട പറഞ്ഞത് ഒരു നാടൊന്നടങ്കം നെഞ്ചിലേറ്റിയ ഭിഷഗ്വരന്‍

0
101328885_249010373048103_3363789854759452672_o.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
വെള്ളമുണ്ട;ജില്ലയില്‍ വിരലിലെണ്ണാന്‍ പോലും ഡോക്ടര്‍മാരില്ലാത്ത 1970-85 കാലഘട്ടങ്ങളില്‍ തരുവണ പ്രദേശത്തുകാരുടെ ഡോക്ടര്‍ സങ്കല്‍പ്പത്തില്‍ ഒരൊറ്റ പേര് മാത്രമെ ഉണ്ടായിരുന്നുള്ളു.അത് ഞായറാഴ്ച മരിച്ച  കമ്പോണ്ടറെന്ന കുമാരന്‍ വൈദ്യരുടെതായിരുന്നു.ചെറുതും വലുതുമായ ഏത് രോഗത്തിനും പ്രദേശങ്ങളില്‍ നിന്നെല്ലാം ആദ്യം ഓടിയെത്തിയിരുന്നത് തരുവണ സ്‌കൂളിന് മുമ്പിലുള്ള ശാന്തക്ലിന്ക് എന്ന് ബോര്‍ഡ് വെച്ച ഒറ്റ മുറിപ്പീടികയിലേക്കായിരുന്നു.ഇവിടെ ഡോക്ടറായും നെഴ്‌സായും ഫാര്‍മസിസ്റ്റായും സഹായിയുമെല്ലാം നിറഞ്ഞു നിന്ന കുമാരന്‍ വൈദ്യര്‍ എന്ന കമ്പോണ്ടറുടെ വാക്കുകള്‍ ചികിത്സാരംഗത്ത് അവസാനവാക്കായിട്ടാണ് നാട്ടുകാര്‍ കണക്കാക്കിയിരുന്നത്.തനിക്ക് ചികിത്സിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ എത്രയും വേഗത്തില്‍ മുന്തിയ ചികിത്സക്കായി റഫര്‍ ചെയ്തും അത്യാവശ്യഘട്ടത്തില്‍ പ്രാഥമികചികിത്സ നല്‍കിപ്പറഞ്ഞയച്ചും ചെറുതും വലുതുമായ പലരോഗങ്ങളും സുഖപ്പെടുത്തിയും തരുവണയിലെയും പരിസരങ്ങളിലെയും പ്രിയപ്പെട്ടഡോക്ടറായി മാറി. ആധുനികചികിത്സാ സംവിധാനങ്ങളുള്ളപ്പോഴും ഒരു മാസം മുമ്പ് വരെ സജീവമായി ഈരംഗത്തുണ്ടായിരുന്നു.രോഗികള്‍ക്ക് ചികിത്സാചിലവിനെക്കുറിച്ചാലോചിക്കാതെ എപ്പോഴും കടന്നുവരാവുന്ന സ്ഥാപനമായിരുന്നു ഇദ്ദേഹത്തിന്റെ ക്ലിനിക്.1968 ലാണ് തൃശ്ശൂര്‍സ്വദേശിയായ കുമാരന്‍വൈദ്യര്‍ വയനാട്ടിലെത്തുന്നത്.പാരമ്പര്യ വൈദ്യകുടുംബത്തിലെ അംഗമായിരുന്ന ഇദ്ദേഹം കണ്ണൂരില്‍ നിന്നും രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ യോഗ്യതയുമായി ആയുര്‍വ്വേദരംഗത്തും അലോപ്പതിരംഗത്തും ശ്രദ്ധയൂന്നിയായിരുന്നു ചികിത്സ നടത്തിയിരുന്നത്.ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം അയല്‍ക്കാരിയായ തങ്കത്തെ മിശ്രവിവാഹം ചെയ്ത് തരുവണയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.ചികിത്സാരംഗത്ത് ഒരിക്കല്‍ പോലും പിഴവ് പറ്റിയിട്ടില്ലാത്ത വിധം വിശ്വസ്തതയോടെയുള്ളതും മരുന്നിന്റെ വില മാത്രം ഈടാക്കി ചികിത്സ നടത്തിയതും സൗമ്യമായ പെരുമാറ്റവും കൊണ്ട് ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവരായി മാറുകയായിരുന്നു ഇദ്ദേഹം.പ്രായം വര്‍ദ്ധിച്ചതിനാലും നാട്ടില്‍ ജോലിയിലുള്ള മക്കളുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങിയും കഴിഞ്ഞമാസം ചികിത്സാരംഗത്ത് നിന്നും വിട്ട് നില്‍ക്കാന്‍ ഇദ്ദേഹം തീരുമാനിക്കുകയും തരുവണയിലെ കൂട്ടായ്മ കോവിഡ്കാലത്ത് കഴിയുന്ന വിധത്തില്‍ യാത്രയയപ്പ് നല്‍കുകുയും ചെയ്തിരുന്നു.വിപുലമായ യാത്രയപ്പ് നല്‍കാനായിഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ശനിയാഴ്ച നെഞ്ച് വേദനയെ തുടര്‍ന്ന് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയും ഇന്നലെ രാവിലെ മരണപ്പെടുകയും ചെയ്തത്.ഭാര്യ തങ്കം രോഗ്യവകുപ്പില്‍ നിന്നും വിരമിച്ചതാണ്. മക്കള്‍-സന്തോഷ്,സ്മിത.മൃതദേഹം ജന്മനാട്ടില്‍ തിങ്കളാഴ്ച  സംസ്‌കരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *