April 25, 2024

ഇ -പാഠശാല ജൂണ് 15 നകം പഠന കേന്ദ്രങ്ങള്‍ സജ്ജമാകും

0

     കൈറ്റ് വിക്‌റ്റേഴ്‌സ് ചാനലിലൂടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കല്‍പ്പറ്റ മണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ജൂണ് 15 നകം ലഭ്യമാകും. ക്ലാസുകള്‍ ലഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഈ പാഠശാല അവലോകന യോഗം വിലയിരുത്തി. വൈത്തിരി താലൂക്കിലെ പൊതു ഗ്രന്ഥശാലകളും ഓണ്‍ലൈന്‍  പഠന കേന്ദ്രങ്ങളായി മാറ്റും. താലൂക്കിലെ 60 ലൈബ്രറികളില്‍ 41 എണ്ണത്തിലും ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യം ഒരുക്കിയതായി യോഗം വിലയിരുത്തി. വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത കേന്ദ്രങ്ങളില്‍ വൈദ്യുതി നല്‍കുന്നതിന് കെ.എസ്.ഇ.ബിയുടെ സഹകരണം തേടും. കേബിള്‍ കണക്ഷന്‍ സൗജന്യമായി നല്‍കാന്‍ കേബിള്‍  ടി വി  ഓപ്പറേറ്റര്‍മാര്‍ സന്നദ്ധമാണെന്നും യോഗത്തെ അറിയിച്ചു. മണ്ഡലത്തില്‍ ആകെയുള്ള മുപ്പത്തിനാലായിരം വിദ്യാര്‍ത്ഥികളില്‍ 217 പൊതുകേന്ദ്രങ്ങളിലായി 2579 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സിനുള്ള സൗകര്യം ലഭ്യമല്ല. ഈ  കേന്ദ്രങ്ങളില്‍ 203 ഇടങ്ങളില്‍ ടെലിവിഷനും കേബിള്‍ കണക്ഷനും, 4 കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷനും 56 കേന്ദ്രങ്ങളില്‍ വൈദ്യുതി കണക്ഷനും ആവശ്യമാണ്. പൊതു ഇടങ്ങളിലേക്ക് ആവശ്യമായ ടെലിവിഷനുകള്‍ വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, സഹകരണ സ്ഥാപനങ്ങള്‍ മുഖേന സ്‌പോണ്‍സര്‍ഷിപ് വഴി സ്വരൂപിക്കും. ഇത്തരത്തില്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ കല്‍പ്പറ്റ എം.എല്‍.എ ഓഫീസുമായോ, എസ് എസ് കെ യുമായോ ബന്ധപ്പെടാം.
ഓരോ പഠനകേന്ദ്രത്തിന്റെയും സുഗമമായ നടത്തിപ്പിനായി അതാത് കേന്ദ്രങ്ങളില്‍ ഉപദേശക സമിതികള്‍ രൂപികരിക്കും.കുടുംബശ്രീ അനിമേറ്റര്‍മാര്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍, വിദ്യാ വളണ്ടിയര്‍മാര്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, പ്രദേശത്തെ സ്‌കൂള്‍ അധ്യാപകര്‍, പൊതു പ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, മെന്റര്‍ ടീച്ചര്‍മാര്‍, എന്നിവര്‍ ഉപദേശക സമിതിയിലെ അംഗങ്ങളായിരിക്കും. പൊതു കേന്ദ്രങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാധ്യമായ ഇടങ്ങളില്‍ ഭക്ഷണം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ ഫണ്ട് ഇതിനായി ഉപയോഗിക്കാനുള്ള സാധ്യത ആരായുന്നതിന് പ്രോജക്റ്റ് ഓഫീസറെ യോഗം ചുമതലപ്പെടുത്തി. ആദിവാസി വിദ്യാര്‍ത്ഥികളെ പൊതു കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് ഗോത്ര സാരഥി പദ്ധതി ഉപയോഗപെടുത്താന്‍ യോഗത്തില്‍ ധാരണയായി. പൊതു കേന്ദ്രങ്ങളില്‍ ഫര്‍ണിച്ചറുകള്‍, ശൗചാലയ സൗകര്യം, മാസ്‌ക്ക്, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ഉപദേശക സമിതി ഉറപ്പ് വരുത്തും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *