March 29, 2024

ഇ-സഞ്ജീവനി ടെലിമെഡിസിന്‍: കേരളം ഇന്ത്യയില്‍ ഒന്നാമതെത്തി

0


തിരുവനന്തപുരം: കൊവിഡ് കാലത്ത് ആശുപത്രികളില്‍ പോകാതെ വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പദ്ധതിയില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കേരളം രാജ്യത്ത് ഒന്നാമതെത്തി. 


കേരളം 3415 ടെലികണ്‍സള്‍ട്ടേഷനുകളുമായി മറ്റു സംസ്ഥാനങ്ങളെക്കാള്‍ വളരെ മുന്നിലാണ്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയുള്ള സമയം ഉപയോഗിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ആഴ്ചയില്‍ ഏഴു ദിവസവും ഇത് ലഭ്യമാണ്. 

കണ്‍സള്‍ട്ടേഷനുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ വിദഗ്ധരുടെ സേവനവും പ്രയോജനപ്പെടുത്തുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിസിന്‍റെ പിന്തുണ ഇപ്പോള്‍ തന്നെയുണ്ട്.  റീജനല്‍ കാന്‍സര്‍ സെന്‍റര്‍, മലബാര്‍ കാന്‍സര്‍ സെന്‍റര്‍, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, സിസികെ തുടങ്ങിയ സ്ഥാപനങ്ങളും ഉടന്‍ ഈ ശ്രേണിയിലെത്തും. 

കേരളത്തില്‍ ശരാശരി പത്തു മിനിട്ടില്‍ ഒരു കണ്‍സള്‍ട്ടേഷന്‍ നടക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇത് രണ്ടു മുതല്‍ മൂന്നു മിനിറ്റ് വരെ മാത്രമാണ്. ഡോക്ടറുടെ സേവനം ആവശ്യമുള്ള ഒരാള്‍ക്കും സേവനം നഷ്ടപ്പെടരുതെന്ന് ആരോഗ്യവകുപ്പിന്‍റെ കോള്‍സെന്‍ററായ ദിശ ഉറപ്പുവരുത്തുന്നുണ്ട്. 

ജൂണ്‍ പത്തിന് പ്രവര്‍ത്തന സജ്ജമായി രണ്ടാഴ്ചയ്ക്കുള്ളില്‍ കേരളം രണ്ടാം സ്ഥാനത്തെത്തിയിരുന്നു.  സാധാരണ രോഗങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ജനറല്‍ ഒ.പി. സേവനം കൂടാതെ പ്രമേഹം രക്താദിമര്‍ദം തുടങ്ങിയ  ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ഒ.പി.യും ഇപ്പോള്‍ ലഭ്യമാണ്. ഹൃദ്രോഗം, കാന്‍സര്‍ ചികിത്സ, മാനസിക പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കുള്ള കണ്‍സള്‍ട്ടേഷന്‍ ഉടനാരംഭിക്കും. 15 ഡോക്ടര്‍മാരാണ് മിക്ക ദിവസങ്ങളിലും ടെലിമെഡിസിന്‍ കണ്‍സള്‍ട്ടേഷന്‍ നടത്തുന്നത്. ശരാശരി 200-300 കോളുകളാണ് ലഭിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച 303 പേരാണ് വിളിച്ചത്. 

esanjeevaniopd.in/kerala എന്ന വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്തോ ദിശ കോള്‍ സെന്‍റര്‍ നമ്പരുകളായ 1056, 04712552056 എന്നിവയില്‍ വിളിച്ചോ ഇ-സഞ്ജീവനി സേവനം ഉറപ്പാക്കാം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *