April 19, 2024

ആദിവാസി വിഭാഗക്കാരുടെ പുനരധിവാസം: സര്‍വെ നടപടികള്‍ വേഗത്തിലാക്കണം – സി.കെ ശശീന്ദ്രന്‍ എം.എല്‍.എ

0
ജില്ലയിലെ പട്ടികവര്‍ഗ്ഗക്കാരുടെ പുനരധിവാസത്തിനായി കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച നിക്ഷിപ്ത ഭൂമിയിലെ സര്‍വെ നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു. വൈത്തിരി താലൂക്കിലെ ആദിവാസി ഭൂവിതരണവും മറ്റ് ഭൂ വിഷയങ്ങളുമായി ബന്ധപ്പെട്ട് കലക്ട്രേറ്റില്‍ നടന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
ജനുവരിയില്‍ നടന്ന പട്ടയമേളയില്‍ ഭൂമി നല്‍കിയ 462 കുടുംബങ്ങളുടെ ഭൂമിയുടെ സ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് കാണിച്ച് കൊടുക്കുന്നതിനുളള നടപടികള്‍ ജൂലൈ 31 നകം പൂര്‍ത്തീകരിക്കാനും നിര്‍ദ്ദേശിച്ചു. ബാക്കിയുളളവര്‍ക്കും ഭൂമി നല്‍കുന്നതിന് ആവശ്യമായ കോണ്ടൂര്‍ സര്‍വ്വെ നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ സര്‍വെ വകുപ്പ് ഉടന്‍ നടത്തണം. ആഗസ്റ്റ് 15 നകം സര്‍വെ നടപടികള്‍ പൂര്‍ത്തീകരിച്ച് ഭൂവിതരണം ഉറപ്പാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. വനാവകാശ നിയമപ്രകാരം ഭൂമി നല്‍കാന്‍ അവശേഷിക്കുന്ന 621 അപേക്ഷകളില്‍ സര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിച്ച് ജൂലൈ 30 നകം കൈവശ രേഖ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കാരാപുഴ പുനരധിവാസവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ വിട്ട് നല്‍കിയ ഭൂമി ഏറ്റെടുക്കുന്നതിനുളള നടപടികളും വേഗത്തിലാക്കണം. പദ്ധതി പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുളള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും നിര്‍ദ്ദേശിച്ചു. മൂപ്പൈനാട് വില്ലേജിലെ ഗോള്‍ഫ് ക്ലബ് മിച്ചഭൂമി എശ്ചീറ്റ് ഭൂമിയായി മാറ്റുന്നതിനുളള നടപടി സ്വീകരിക്കാന്‍ വൈത്തിരി തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുന്നത്തിടവക വില്ലേജിലെ അറമലഭൂമി പ്രശ്നം പരിഹരിക്കുന്നതിനുളള നടപടികളും സ്വീകരിക്കണം. സ്ഥലം അളക്കുന്നതിന് സര്‍വ്വെയറെ വിട്ട് നല്‍കാന്‍ ജില്ലാ സര്‍വ്വെ സൂപ്രണ്ടിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി. 
വെളളാരം കുന്ന്, പെരുംന്തട്ട മിച്ചഭൂമി കൈവശം വെക്കുന്നവരില്‍ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാനമായി. സര്‍വ്വെ നടപടികള്‍ 30 നകം പൂര്‍ത്തീകരിക്കും. 
മൂപ്പൈനാട്, കോട്ടപ്പടി, തൃക്കൈപ്പറ്റ, വെളളരിമല, കുന്നത്തിടവക  വില്ലേജുകളിലെ ഭൂ വിഷയത്തില്‍ സംയുക്ത പരിശോധന പൂര്‍ത്തിയായ താണെന്ന് ഡെപ്യൂട്ടി കളക്ടര്‍ ഇ. മുഹമ്മദ് യൂസഫ് അറിയിച്ചു. 1680 അപേക്ഷകളില്‍ 668 കേസുകളില്‍ വനംവകുപ്പ് അംഗീകരിച്ച സ്ഥലത്ത് സ്ഥലം അളന്ന് തിരിച്ച് സര്‍വ്വെ സ്‌കെച്ച് തയ്യാറാക്കിയിട്ടുണ്ട്. ഗൂഗിള്‍ മാപ്പില്‍ സ്‌കെച്ച് അപേക്ഷ അപ്‌ലോഡ് ചെയ്യുന്നതിനുളള നടപടികളാണ് ഇനി പൂര്‍ത്തീകരിക്കാനുളളത്. ഇത് നടത്തുന്നതിനായി കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന് (ക്ലിം) ഈയാഴ്ച്ച തന്നെ നടപടികള്‍ തുടങ്ങുമെന്ന് ക്ലിം അധികൃതര്‍ അറിയിച്ചു.  യോഗത്തില്‍ റവന്യൂ, ട്രൈബല്‍, വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *