ആഭ്യന്തര വിനോദസഞ്ചാരം പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതികളുമായി കേരളം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd

ഇതര സംസ്ഥാനങ്ങളുമായി സഹകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കൊവിഡ്-19 മഹാമാരിയെത്തുടര്‍ന്ന് തകര്‍ച്ച നേരിടുന്ന  വിനോദസഞ്ചാരമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള കേരളത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ ഇതര സംസ്ഥാനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കും.

  
സംസ്ഥാനാന്തര യാത്രകളിലെ തടസങ്ങള്‍ ഒഴിവാക്കാന്‍ കേരള ടൂറിസം മറ്റു സംസ്ഥാന ടൂറിസം വകുപ്പുകളുമായും കേന്ദ്ര സര്‍ക്കാരുമായും സഹകരിക്കുമെന്ന് വിനോദ സഞ്ചാര വകുപ്പു മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. അടുത്ത ഒന്നു രണ്ടു മാസത്തില്‍തന്നെ കേരളത്തിലേയ്ക്ക് വിനോദ സഞ്ചാരികളെ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

വിനോദസഞ്ചാരത്തിന്‍റെ ഭാവിയെക്കുറിച്ച്  വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും പ്രതിനിധികളെ പങ്കെടുപ്പിച്ച് ഇന്ത്യന്‍ വ്യവസായ-വാണിജ്യ മണ്ഡലങ്ങളുടെ ഫെഡറേഷന്‍  (ഫിക്കി) സംഘടിപ്പിച്ച  ദ്വിദിന ഇ-കോണ്‍ക്ലേവിന്‍റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തിനകത്ത് ആയുര്‍വേദം, പരിസ്ഥിതി ടൂറിസം, സാഹസിക ടൂറിസം എന്നീ മേഖലകളെ ശക്തിപ്പെടുത്തുമെന്നും തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയുടെ  പുനരുജ്ജീവനത്തിനായി കര്‍മപരിപാടി ആവിഷ്കരിക്കുകയാണെന്നും ടൂറിസം വ്യവസായത്തിലെ പങ്കാളികള്‍ക്കും ജീവനക്കാര്‍ക്കുമായി നിരവധി  സഹായ പദ്ധതികള്‍ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. 

കൊവിഡ്-19 കാലത്തെ ആരോഗ്യ പരിരക്ഷയും സൗഖ്യചികിത്സയും കണക്കിലെടുക്കുമ്പോള്‍ ആയുര്‍വേദത്തിന് വളരെയേറെ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കിടയില്‍ പരിസ്ഥിതി ടൂറിസവും സാഹസിക ടൂറിസവും പ്രോത്സാഹിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കുന്ന ഏകീകൃത മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും പെരുമാറ്റ ചട്ടങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണയുണ്ടാകും. ആഭ്യന്തര ടൂറിസം പുനരുജ്ജീവിപ്പിക്കാനും അതുവഴി ഇന്ത്യയെ മൂല്യവല്‍കൃത ലക്ഷ്യസ്ഥാനമാക്കി മാറ്റാനും ഈ മാര്‍ഗരേഖകള്‍ ഉപയുക്തമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 

അഭൂതപൂര്‍വമായ തകര്‍ച്ച നേരിടുന്ന ടൂറിസം മേഖല കേരളത്തില്‍ പക്ഷേ പതിയെ തിരിച്ചുവരവിന്‍റെ പാതയിലാണ്. ഏറെ ദൂരം മുന്നോട്ടുപോകാനുണ്ടെങ്കിലും ശരിയായ പാതയില്‍തന്നെയാണ് കേരളം. നിപ്പയും 2018-ലെ പ്രളയവും സൃഷ്ടിച്ച ആഘാതത്തെ അതിജീവിച്ച് അനുഭവ പരിചയമുള്ള കേരളത്തിന് കൊവിഡ് പ്രതിസന്ധിയെയും മറികടക്കാനാവും. ആഗോള ടൂറിസം വ്യവസായവുമായി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഈ മേഖലയ്ക്കുണ്ടായ ആഘാതം പരമാവധി കുറയ്ക്കാനാണ് കേരളം ശ്രമിക്കുന്നത്. കേരളത്തില്‍ പൊതു-സ്വകാര്യ 
മേഖലകളുടെ സംയോജിത പ്രവര്‍ത്തനം അതിജീവനത്തിന് കരുത്തേകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

മധ്യപ്രദേശ്, ഒഡിഷ, ഗുജറാത്ത്, ഛത്തീസ്ഗഡ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ ടൂറിസം മന്ത്രിമാരും കേന്ദ്ര ടൂറിസം മന്ത്രാലയത്തിലെ അഡിഷനല്‍ ഡയറക്ടര്‍ ജനറല്‍ ശ്രീമതി രുപീന്ദര്‍ ബ്രാര്‍ എന്നിവരും സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തു. 

രാജ്യത്ത് പ്രത്യക്ഷമാകാതെ കിടക്കുന്ന  മികച്ച ടൂറിസം കേന്ദ്രങ്ങളെ അനാവരണം ചെയ്യുന്നതിനെക്കുറിച്ചും വിനോദസഞ്ചാര മേഖലയില്‍ നൂതനത്വത്തിന്‍റെയും സാങ്കേതികവിദ്യയുടെയും പങ്കിനെക്കുറിച്ചും പുത്തന്‍ തൊഴില്‍ശക്തിയുടെ ആവിര്‍ഭാവത്തെക്കുറിച്ചും കോണ്‍ക്ലേവ് ചര്‍ച്ച ചെയ്തു. 
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *