അര്‍ബുദം തോല്‍ക്കുന്ന കൃഷിയിടം കുംഭ മണ്ണിലെഴുതുന്നു ജീവിതം


Ad
അര്‍ബുദം തോല്‍ക്കുന്ന കൃഷിയിടം
കുംഭ മണ്ണിലെഴുതുന്നു ജീവിതം
……
കെ. കെ.രമേഷ് കുമാർ വെള്ളമുണ്ട
……..
ജീവിതം അങ്ങിനെയാണ്. പലപ്പോഴായി പലവിധ പരീക്ഷണങ്ങളുടെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കേണ്ടി വരും. അത്തരത്തിലുള്ള കല്ലും മുള്ളും മാത്രം നിറഞ്ഞ വഴിയിലൂടെ സ്വന്തം മനക്കരുത്ത് കൊണ്ട് ഇഴഞ്ഞു കയറിയ ജീവിതമാണ് വെള്ളമുണ്ട സ്വദേശിയായ കുംഭാമ്മയ്ക്ക് പറയാനുള്ളത്. രണ്ടുകാലുകളും പോളിയോ ബാധിച്ച് ചെറുപ്പത്തിലെ തളര്‍ന്നു. അന്നുമുതല്‍ മണ്ണില്‍ ഇഴഞ്ഞാണ് ജീവിതം. പിന്നീട് അര്‍ബുദവും ക്ഷണിക്കാത്ത അതിഥിയായി ജീവിതത്തിലേക്ക് വന്നുകയറി. ഈ ദുരിതങ്ങളെയെല്ലാം കുംഭാമ്മ തോല്‍പ്പിച്ചത് മണ്ണില്‍ പണിയെടുത്താണ്. മനക്കരുത്തുകൊണ്ട് മണ്ണിന്റെ മനസ്സറിഞ്ഞ് രോഗങ്ങളെ ചെറുക്കുന്ന ഈ ആദിവാസി കര്‍ഷക ഇന്ന് നാടിന്റെ അഭിമാനമാണ്.  
വെള്ളമുണ്ട കൊല്ലിയില്‍ കുറിച്യതറവാടിന്റെ തലമുതിര്‍ന്ന കാരണവര്‍ കൂടിയാണ് ഇന്ന് കുംഭാമ്മ. എന്തിനും ഏതിനും കുംഭാമ്മയുടെ അഭിപ്രായത്തിന് തന്നെയാണ് വില. തറവാട്ടു വകയുള്ള കൃഷിഭൂമിയൊക്കെ തരിശായി കിടക്കാത്തതും ഇതുകൊണ്ട് തന്നെയാണ്. സമപ്രായക്കാരായ കുട്ടികളൊക്കെ സ്‌കൂളിലും മറ്റും പോയപ്പോള്‍ അമ്മയ്ക്കരികില്‍ നിന്നും ആ ജീവിതങ്ങളെ നോക്കി നിന്നു. ഒന്നിനും ആവതില്ല എന്നതില്‍ നിന്നും എല്ലാം കഴിയുമെന്ന ആത്മ വിശ്വാസത്തിന്റെ പാഠങ്ങളായിരുന്നു ഇക്കാലങ്ങളിലെല്ലാം കുംഭ പഠിച്ചെടുത്തത്.അമ്മയുടെ തണല്‍ വിട്ട് സ്വന്തം വഴികളിലേക്കുള്ള നിരങ്ങി നിരങ്ങിയുള്ള യാത്ര അന്ന് തുടങ്ങിയതാണ്. തണലായി ഏറെക്കാലം നിന്ന അച്ഛനും അമ്മയുമെല്ലാം പോയി. ജീവിതത്തില്‍ ഒറ്റപ്പെടലിന്റെ നൊമ്പരങ്ങള്‍ കൂടി  മുറിപ്പെടുത്തി. കുന്നിറിങ്ങി തലയില്‍ വെള്ളവുമായി വീട്ടിലേക്ക് തിരികെയെത്തി. കാട്ടില്‍ നിന്നും വിറക് കൊണ്ടു വന്ന് അടുപ്പ് പുകച്ചു. കൃഷിടയിടത്തില്‍ അവനവന് വേണ്ടതെല്ലാം കൃഷി ചെയ്തു. അങ്ങിനെ അങ്ങിനെ സ്വന്തം കൈകളില്‍ ഒരു ജീവിതം കുംഭയും തുടങ്ങുകയായിരുന്നു.
പിള്ളവാതം  ബാധിച്ചാണ് കുംഭയ്ക്ക് അരയക്ക് താഴെ പൂര്‍ണ്ണമായും തളര്‍ന്നുപോയത്.
ആര്‍ക്കും ഒരു ബാധ്യതയാവരുതെന്ന് ബാല്യം മുതലെ അടിയുറച്ചു പോയതാണ് മനസ്സിലൊരു തീരുമാനം. വളര്‍ന്നു വന്നപ്പോഴും മറ്റുള്ളവരുടെ ജിവിതം നോക്കി സമയം പാഴാക്കാന്‍ മെനക്കെട്ടില്ല.എനിക്കും എല്ലാം കഴിയുമെന്ന് തെളിയിച്ചു കൊണ്ടേയിരുന്നു.ഇക്കാലത്തിനിടയില്‍ ചുറ്റിലുമുള്ളവര്‍ക്കും നാടിനുമെല്ലാം ഈ ജീവിതം ഒരു മാതൃകയായി.
 മറ്റുള്ളവരുടെ സഹതാപങ്ങളെയെല്ലാം കണ്ടില്ലെന്ന് നടിച്ചു. അസുഖം മൂര്‍ച്ഛിച്ച് ഭര്‍ത്താവ് കുങ്കന്‍ എട്ടു വര്‍ഷം മുമ്പ് മരിച്ചു.മകന്‍ രാജുവിനെ പ്‌ളസ്ടു വരെ പഠിപ്പിച്ചെങ്കിലും തുടര്‍ന്ന് പഠിപ്പിക്കാന്‍ കഴിവില്ലാത്തതിനാല്‍ എല്ലാം നിലച്ചു..അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം  ഓട്ടോറിക്ഷകളില്‍ കയറി ഓഫീസുകളിലും മറ്റും പോകും.മറ്റുള്ളവര്‍ക്കിടയില്‍ ഈ ജീവിത ദൈന്യതകള്‍ അറിയിക്കണ്ടല്ലോ എന്ന് കരുതി സ്വന്തം വീട്ടിലെ കൃഷിയിടത്തില്‍ തന്നെ അന്തിയാവോളം പണിചെയ്ത് കുംഭ ഇക്കാലമെല്ലാം വിധിയെ തോല്‍പ്പിച്ചു തന്നെ നിന്നു. ഇതിനിടയില്‍ വിധി പിന്നെയും ക്രൂരതകാട്ടി. കഴിഞ്ഞ അഞ്ചു  വര്‍ഷമായി രണ്ടു ഓപ്പറേഷനുകള്‍ കഴിഞ്ഞു നില്‍ക്കുകയാണ്.പഴയതുപോലെ മനസ്സിനൊത്ത് ശരീരം വഴങ്ങുന്നില്ല. എങ്കിലും തോല്‍ക്കാനില്ല. മണ്ണില്‍ പണിയെടുക്കാതെ ഒരു ദിവസം പോലും ഇന്നിവരുടെ ജീവിതത്തിലില്ല. അനുകമ്പയും സഹതാപവുമായി വരുന്നവര്‍ക്കു മുന്നില്‍ സന്തോഷത്തിന്റെ  സന്ദേശങ്ങള്‍ മാത്രം  നല്‍കി. ആര്‍ക്കു മുന്നിലും കൈനീട്ടാതെ സ്വന്തം പ്രയത്‌നം കൊണ്ട് ഒരോ കാലത്തെയും പിന്നിലാക്കി.പയറും പാവലും വെള്ളരിയും ചേമ്പും തുടങ്ങി പച്ചക്കറികള്‍ യഥേഷ്ടം കുംഭയുടെ തോട്ടത്തില്‍ എക്കാലത്തുമുണ്ടാകും. പൊരി വെയിലലത്തുപോലും വിശ്രമമില്ലാതെ ഈ പച്ച തുരുത്തുകള്‍ക്കിടയില്‍ ഇവരുണ്ടാകും. സ്വപന്ങ്ങള്‍ നരച്ചു തുടങ്ങുന്ന വാര്‍ദ്ധക്യത്തിലെത്തുമ്പോഴും ഈ വീട്ടമ്മയ്ക്ക് വിശ്രമമില്ല.മാറി മാറി വരുന്ന ഓരോ കാലത്തും പാടത്ത് മണ്ണില്‍ നിരങ്ങി പച്ചക്കറി കൃഷിയില്‍ വ്യപൃതയാകുമ്പോള്‍ ഇനിയുമേറെ നേടാനുണ്ട് ഈ ജീവിതം കൊണ്ടെന്ന പ്രത്യാശയിലാണിവര്‍.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *