കൽപറ്റ മസ്ജിദ് മുബാറകിൽ സൗഹൃദ സന്ദേശവുമായി ജുമുഅ സംഗമം

കൽപറ്റ: മുഖംമൂടികൾ അണിഞ്ഞ് ജീവിക്കേണ്ടിവരുന്ന കാലത്ത് മനുഷ്യർക്കിടയിൽ മറയും വിദ്വേഷവും വേണ്ടെന്ന സന്ദേശവുമായി കൽപറ്റ മസ്ജിദ് മുബാറകിൽ നടന്ന സൗഹൃദ ജുമുഅ സംഗമം ശ്രദ്ധേയമായി. വെള്ളിയാഴ്ച ജുമുഅ പ്രഭാഷണം ശ്രവിക്കാനും ആരാധനാരീതികൾ മനസിലാക്കാനും സമൂഹത്തിെൻറ നാനാതുറകളിലുള്ള ഇതരമതാംഗങ്ങൾ പള്ളിയിലെത്തിയത് ജില്ലയിലെതന്നെ ആദ്യ അനുഭവമായി മാറി. ഇസ്ലാമും അതിെൻറ ആരാധനകളും ആരാധനാലയങ്ങളും സുതാര്യമാണെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ അകറ്റുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയിൽ ക്ഷണിക്കപ്പെട്ട വ്യക്തികളാണ് സംബന്ധിച്ചത്. ജീവിതത്തിൽ ആദ്യമായി മസ്ജിദിനകത്ത് പ്രവേശിക്കാനും ആരാധനകൾ കാണാനും കഴിഞ്ഞതിെൻറ സന്തോഷം ജുമുഅ നമസ്കാരാനന്തരം നടന്ന സൗഹൃദ സദസിൽ സംസാരിച്ചവർ പങ്കുവെച്ചു.
സാമൂഹിക അകലമെന്നത് മാനസിക അകലമാക്കി മാറ്റാനുള്ള ബോധപൂർവ ശ്രമങ്ങൾക്കുള്ള മറുപടിയാണ് ഈ സംഗമമെന്ന് ചടങ്ങിൽ സംസാരിച്ച അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു. വിവിധ കോണുകളിൽനിന്ന് മതധ്രുവീകരണം ഭയാനകമായ തോതിൽ സൃഷ്ടിക്കപെടുന്നതിനെ പ്രതിരോധിക്കാൻ എല്ലാവരും ജാഗ്രതപുലർത്തണമെന്ന് റിട്ട. ഐ.എ.എസ് ഓഫിസർ ബാലഗോപാലൻ ആഹ്വാനം ചെയ്തു. ജോലി സംബന്ധമായി പല ആരാധനാലയങ്ങളിലും പോവേണ്ടി വന്നപ്പോൾ എന്തിനാണ് ഇവിടെ വന്നത്, പുണ്യസ്ഥലമല്ലേ എന്നുപറഞ്ഞ് ഇറക്കിവിട്ട അനുഭവമുണ്ടായിട്ടുണ്ടെന്ന് ജോൺ മാത സൂചിപ്പിച്ചു. ജാതി-മത ഭേദമില്ലാതെതന്നെ ഒരുമിച്ചുകൂടാൻ കഴിയുന്ന മനസ്സുള്ളവരാവുകയും ഇതര മതങ്ങളിൽ ആരും കൈകടത്താതിരിക്കുകയും ചെയ്യുേമ്പാൾ ഉത്തമ കുടുംബമെന്ന സമൂഹം സൃഷ്ടിക്കപ്പെടുമെന്ന് പ്രസന്നകുമാർ അഭിപ്രായപ്പെട്ടു. അറിയാനും അറിയിക്കാനുമുള്ള വേദികളാണ് ഇത്തരം സംഭവങ്ങളെന്നും മനുഷ്യത്വത്തിന് മതമില്ലെന്നും മതേതരത്വം സംരക്ഷിക്കേണ്ട ഉത്തരാവാദിത്വം എല്ലാവർക്കുമുണ്ടെന്നും വിജയൻ കുരിക്കൾ വ്യക്തമാക്കി.
കൽപറ്റ നഗരസഭ കൗൺസിലർ വിനോദ്, കെ.കെ.എസ്. നായർ, രഞ്ജിത്ത്, വേലായുധൻ (എസ്.ബി.ഐ), പി.ടി. പ്രകാശൻ, ഡോ. ദുഷ്യന്തൻ, ജയൻ, സിജീഷ് പാൽവെളിച്ചം, അശോകൻ, ശങ്കരൻ, പി.ടി. വർഗീസ്, ശിവദാസൻ എന്നിവരും സംസാരിച്ചു. കൽപറ്റ മസ്ജിദ് മുബാറക് ഖത്തീബ് ടി.പി. യൂനുസ് നേതൃത്വം നൽകി. മസ്ജിദ് കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിരായിൻ ഹാജി അധ്യക്ഷത വഹിച്ചു. പി. മുഹമ്മദ് സ്വാഗതവും മസ്ജിദ് കമ്മിറ്റി സെക്രട്ടറി ഫാറൂഖ് സലീം നന്ദിയും പറഞ്ഞു.



Leave a Reply