September 18, 2024

അജൈവ മാലിന്യ ശേഖരണം യൂസര്‍ഫീ ഇനത്തില്‍ ഹരിത കര്‍മ്മ സേന സമാഹരിച്ചത് 55,87,768 രൂപ.

0
Img 20211216 064111.jpg
 
കൽപ്പറ്റ  :
അജൈവ മാലിന്യ ശേഖരണത്തില്‍ ജില്ലയില്‍ കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ യൂസര്‍ഫീ ഇനത്തില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ അരക്കോടിയിലധികം രൂപ സമാഹരിച്ചു . സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ആകെ 55,87,768 രൂപ യൂസര്‍ഫീ ലഭിച്ചത്. യൂസര്‍ഫീ വരുമാനം ഏറ്റവും കൂടുതല്‍ ലഭിച്ചത് അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലാണ് 7,88,040 രൂപ. തദ്ദേശസ്ഥാപനങ്ങളുടേയും വകുപ്പുകളുടേയും നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍ ശുചിത്വ മിഷന്റെ സഹകരണത്തോടെ പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിയ ഇടപെടലുകളുടേയും ക്യമ്പയിനുകളുടേയും ഫലമായാണ് യൂസര്‍ഫീ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാക്കാന്‍ സാധിച്ചത്. വീടുകളിലും സ്ഥാപനങ്ങളിലും എത്തി അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഹരിത കര്‍മ്മ സേനക്കു ലഭിക്കുന്ന വരുമാനമാണ് യൂസര്‍ഫീ. വീടുകളില്‍ നിന്ന് 50 രൂപയും സ്ഥാപനങ്ങളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവനുസരിച്ച് 100 രൂപയ്ക്ക് മുകളിലുമാണ് യൂസര്‍ഫീ നല്‍കേണ്ടത്. ജില്ലയിലെ 26 തദ്ദേശസ്ഥാപനങ്ങളിലും ഹരിത കര്‍മ്മ സേന രൂപീകരിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഒഴികെ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ഹരിത കര്‍മ്മ സേന സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട് . പുതു വര്‍ഷത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും ഹരിത കര്‍മ്മ സേന പ്രവര്‍ത്തനമാരംഭിക്കും. ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ എം.സി.എഫില്‍ വെച്ച് തരംതിരിച്ച് വിലയുള്ളവയാക്കി മാറ്റി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ഓരോ വിഭാഗം അജൈവ മാലിന്യത്തിനും ക്ലീന്‍ കേരള കമ്പനി നല്‍കുന്ന പണം ഹരിത കര്‍മ്മ സേനാംഗങ്ങളുടെ കണ്‍സോര്‍ഷ്യം അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഓരോ മാസവും ശേഖരിക്കേണ്ട അജൈവ മാലിന്യങ്ങളുടെ ഇനങ്ങളെ സംബന്ധിച്ച് ക്ലീന്‍ കേരള കമ്പനി നല്‍കിയ കലണ്ടര്‍ പ്രകാരമാണ് ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ശേഖരണം നടന്നു വരുന്നത്. ഹരിത കര്‍മ്മ സേനാംഗങ്ങളെ ശാക്തീകരിക്കുന്നതിനായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ക്ലീന്‍ കേരള കമ്പനിയുടേയും ശുചിത്വമിഷന്റേയും സഹകരണത്തോടെ തരം തിരിക്കല്‍ പരിശീലനവും ക്ലാസ്റൂം പരിശീലനവും നടന്നുവരുന്നുണ്ട്. ഹരിത കേരളം മിഷന്‍ നേരിട്ട് ഓരോ തദ്ദേശസ്ഥാപനത്തിലും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ യോഗങ്ങള്‍ എല്ലാ മാസവും നടത്തി വരുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളുടേയും ബന്ധപ്പെട്ട വകുപ്പുകളുടേയും സഹകരണത്തോടെ അജൈവ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ജില്ലക്ക് സാധിച്ചിട്ടുണ്ട്.അജൈവ മാലിന്യങ്ങള്‍ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും അവ വൃത്തിയാക്കി തരം തിരിച്ച് ഹരിത കര്‍മ്മ സേനയെ ഏല്‍പ്പിക്കേണ്ടതും അവര്‍ക്ക് കൃത്യമായി യൂസര്‍ഫീ നല്‍കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാണ് എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനുമായി ഹരിത കേരളം മിഷന്‍ ശുചിത്വ മിഷന്റെ സഹകരണത്തോടെ വിപുലമായ ക്യമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *