April 19, 2024

സ്പന്ദനം സാമൂഹ്യ വിവാഹ സംഗമം- ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 27 ന് 22 പേര്‍ സുമംഗലികളാവും. 10 പേര്‍ ഗോത്രവിഭാഗത്തില്‍ നിന്ന്

0
Img 20220319 180532.jpg
മാനന്തവാടി:വിവിധ ഗോത്രവിഭാഗങ്ങളില്‍പെട്ട 10 ദമ്പതികളുള്‍പ്പെടെ 22 പേരുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഈ മാസം 27 ആം തിയ്യതി ഞായറാഴ്ച മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂള്‍ ആഡിറ്റോറിയത്തിലാണ് സാമൂഹ്യ വിവാഹ സംഗമം ഒരുക്കുന്നത്.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സ്പന്ദനം എന്നപേരിലറിയപ്പെടുന്ന സന്നദ്ധസംഘടനയുടെ മുഖ്യരക്ഷാധികാരിയും മാനന്തവാടി താന്നിക്കല്‍ സ്വദേശിയുമായ ജോസഫ് ഫ്രാന്‍സിസ് വടക്കേടത്തിന്റെ രണ്ടു പുത്രന്മാരുടെ വിവാഹ സല്‍ക്കാരച്ചടങ്ങിനൊപ്പമാണ് സാമൂഹ്യ വിവാഹ സംഗമം ഒരുക്കുന്നത്.വധൂവരന്മാരുടെ കൂട്ടത്തില്‍ അട്ടപ്പാടിയില്‍ നിന്നുമുള്ള ഇരുള വിഭാഗം വരനും വയനാട്ടിലെ പ്രാക്തന ഗോത്രവിഭാഗമായ പണിയ വധുവുമുണ്ട്. കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ നിന്നും തമിഴ് നാട്ടിലെ ഗൂഡല്ലൂര്‍ നിന്നുമുള്ള യുവതീയുവാക്കളുണ്ട്.ജാതി മത വര്‍ഗ്ഗ പരിഗണനകള്‍ക്കപ്പുറം 'നാമൊരേ മാനവ സമൂഹം' എന്ന കാഴ്ച്ചപ്പാട് ഉയര്‍ത്തുകയാണ് സ്പന്ദനം ചെയ്യുന്നത്.
          മാര്‍ച്ച് 27 ന് മന്ത്രിമാര്‍ ഉള്‍പ്പെടെ വിവിധ തുറകളില്‍പ്പെട്ട ജനപ്രതിനിധികള്‍ പങ്കെടുക്കന്ന ചടങ്ങില്‍ സാംസ്‌ക്കാരിക സമ്മേളനവും പ്രശസ്ത ഓടക്കുഴല്‍ വാദകന്‍ രാജേഷ് ചേര്‍ത്തലയുടെ ഫ്യൂഷന്‍ സംഗീത വിസ്മയവും വയനാട്ടിലെ ഗോത്ര ജനവിഭാഗങ്ങളുടെ തനത് നൃത്തനൃത്യങ്ങളും അരങ്ങേറും. ഓരോ മിഥുനങ്ങള്‍ക്കും സ്വര്‍ണ്ണാഭരണവും വിവാഹ വസ്ത്രങ്ങളും നല്കുന്നതോടൊപ്പം ബന്ധുമിത്രാദികള്‍ക്കായി സ്‌നേഹവിരുനും സ്പന്ദനം ഒരുക്കുന്നുണ്ട്. 
ജോസഫ് ഫ്രാന്‍സിസിന്റെയും പത്‌നി ജോളി ജോസഫിന്റെയും പുത്രന്‍മാരായ ജോമോന്‍ പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ നായിക റെബ മോനിക്കയെയും ഇളയമകന്‍ ജോഫി, ബാംഗ്ലൂരിലെ പ്രമുഖ ഓര്‍ഗാനിക് ബ്രാന്‍ഡായ ഹാപ്പി മില്‍ക്ക്‌സ് ഉടമ മെഹല്‍ കെജ്രിവാളിനെയും ആണ് ഈയിടെ വിവാഹം കഴിച്ചത്.
സമൂഹവിവാഹ സംഗമത്തിന്റെ ഒരുക്കങ്ങള്‍ വിവരിക്കാന്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ സ്പന്ദനം പ്രസിഡണ്ട് ഡോ. ഗോകുല്‍ദേവ് , സെക്രട്ടറി ജോണ്‍ പി.സി., സംഘാടക സമിതി ചെയര്‍മാന്‍ ഫാ. വര്‍ഗ്ഗീസ് മറ്റമന , പി.ആര്‍. ഒ കെ..എം. ഷിനോജ്, ജസ്റ്റിൻ പനച്ചിയിൽ, പി.കെ. മാത്യു, കെ. മുസ്തഫ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *