May 30, 2023

കന്നുകാലികളുമായി ക്ഷീരകര്‍ഷകര്‍ ധര്‍ണ നടത്തി

0
newswayanad-copy-370.jpg
കല്‍പ്പറ്റ: ക്ഷീരമേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കന്നുകാലികളെയുമായി ക്ഷീരകര്‍ഷകര്‍ വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ ധര്‍ണ നടത്തി. പാലിന്റെ തറവില 50 രൂപയാക്കുക, അന്യസംസ്ഥാനത്ത് നിന്നും വരുന്ന പാലിന്റെ ഗുണനിലവാരം കര്‍ശനപരിശോധനയിലൂടെ ഉറപ്പുവരുത്തുക, കാലിത്തീറ്റ ഗുണനിലവാരം സര്‍ക്കാര്‍ ഉറപ്പുവരുത്തുക, ക്രമാധീതമായി വര്‍ധിപ്പിച്ച കാലിത്തീറ്റയുടെ വില നിയന്ത്രിക്കുക, കാലിത്തീറ്റക്ക് 50 ശതമാനം സബ്‌സിഡി അനുവദിക്കുക തുടങ്ങിയ പത്തോളം ആവശ്യങ്ങളുമുന്നയിച്ച് മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പശുക്കളെയുമായി വയനാട് കലക്ട്രേറ്റിന് മുമ്പില്‍ ധര്‍ണാസമരം നടത്തിയത്. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ക്ഷീരമേഖല നേരിടുന്നതെന്ന് ഉപരോധസമരത്തില്‍ സംസാരിച്ച വിവിധ നേതാക്കള്‍ പറഞ്ഞു. സഹകരണ സംഘങ്ങള്‍ മുഖേന അളക്കുന്ന പാല്‍ ലിറ്ററിനു ശരാശരി 35 രൂപയാണ് കര്‍ഷകര്‍ക്കു വില ലഭിക്കുന്നത്. ഉല്പാദനച്ചെലവുമായി പൊരുത്തപ്പെടുന്നതല്ല ഈ വില. ഒരു ലിറ്റര്‍ പാല്‍ ഉല്പാദിപ്പിക്കുന്നതിന് 40 മുതല്‍ 45 രൂപ വരെയാണ് നിലവില്‍ വരുന്ന ചിലവ്. ഒരു ലിറ്റര്‍ പാല്‍ 10 രൂപ നഷ്ടത്തിലാണ് കര്‍ഷകര്‍ ക്ഷീര സംഘങ്ങള്‍ക്കു നല്‍കുന്നത്. 2017-ല്‍  കാലിത്തീറ്റ 50 കിലോഗ്രാം ചാക്കിനു 800 രൂപയായിരുന്നു വിലയെങ്കില്‍ നിലവിലത് 1500 രൂപയാണ്. പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവയുടെ വിലയും ഓരോ വര്‍ഷവും കൂടുകയാണെന്നും നേതാക്കള്‍ പറഞ്ഞു. കലക്ട്രേറ്റിന് മുമ്പില്‍ നടന്ന ധര്‍ണ എം ഡി എഫ് എ സംസ്ഥാന പ്രസിഡന്റ് വേണു ചെറിയത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി താജ്മന്‍സൂര്‍ മുഖ്യുപ്രഭാഷണം നടത്തി. ജില്ലാപ്രസിഡന്റ് മത്തായി പുള്ളോര്‍കുടി അധ്യക്ഷനായിരുന്നു. വിമല്‍മിത്ര വാഴവറ്റ, ബാലു ടി നായര്‍, ബിജു സുരേന്ദ്രന്‍, ലില്ലിമാത്യു, അഭിലാഷ് പി എസ്, വിഷ്ണുപ്രസാദ്, എം ആര്‍ ജനകന്‍മാസ്റ്റര്‍, പി എന്‍ രാജന്‍മാസ്റ്റര്‍, ഇസ്മയില്‍, മനാഫ്, ശിവകുമാര്‍, അജിത് പി, ജെസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *