കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന സമയങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം
കൽപ്പറ്റ : കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന സമയങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യമുയരുന്നു. പനമരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറില്ലാത്തത് നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മണവയൽ സ്വദേശി വി എൻ രാജൻ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പരാതിപ്പെട്ടു.
തന്റെ അയൽവാസിയായ ചന്ദനെന്നയാളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പനമരം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോൾ ഡോക്ടറുടെ സേവനം ലഭ്യമല്ലായിരുന്നു എന്നും ഇതേത്തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചാണ് ചികിത്സ നൽകിയത് എന്നും രാജൻ പറഞ്ഞു. ഈ പ്രശ്നം ഗ്രാമ പഞ്ചായത്ത് അധികൃതരെ അറിയിച്ചപ്പോൾ ബ്ലോക്ക് പഞ്ചായത്തിനെ അറിയിക്കാൻ പറഞ്ഞ് ഒഴിഞ്ഞു മാറുകയും തന്നെ അവഹേളിക്കാൻ ശ്രമിക്കുകയും ചെയ്തു . തുടർന്ന് പനമരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് .കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് വി എൻ രാജൻ ആവശ്യപ്പെട്ടു. .
പലർക്കും സമാനമായ അവസ്ഥകൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ടെന്നും നിരവധി കോളനി നിവാസികൾ ഉള്ള ഈ പ്രദേശത്ത് രാത്രികാല ചികിത്സ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ ഈ വിഷയത്തിൽ ആവശ്യമായ ശ്രദ്ധ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply