ചുരം ഗതാഗത കുരുക്ക്: ബദല്‍ പാതകള്‍ക്കായി നിയമസഭയില്‍ ടി. സിദ്ധിഖ് എം എല്‍ എ

കല്‍പ്പറ്റ: ചുരത്തിലെ ഗതാഗതക്കുരുക്കു മൂലം വയനാട് ജില്ലയിലെയും മൈസൂര്‍ കൊല്ലഗല്‍ ദേശീയപാതയിലെയും യാത്രക്കാരും രോഗികളും നിരന്തരം ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കൊണ്ട് നേരത്തെ നല്‍കിയ നിവേദനങ്ങള്‍ക്ക് ശേഷം ഇന്ന്
നിയമസഭയില്‍ എംഎല്‍എ ശ്രദ്ധക്ഷണിക്കലില്‍ വിഷയം ഉന്നയിച്ചത്. താമരശ്ശേരി ചുരത്തിന് ബദല്‍ പാത എന്നത് വയനാട് ജില്ലയെ പോലെ തന്നെ കോഴിക്കോട് ജില്ല ഉള്‍പ്പെടുന്ന മലബാര്‍ മേഖലയുടെ മുഴുവന്‍ ആവശ്യമാണ്. 12 കി. മീറ്റര്‍ ദൂരം വരുന്ന ചുരത്തില്‍ 9 വളവുകളാണ് ഉള്ളത്. വളവുകളില്‍ വാഹനങ്ങള്‍ കുരുങ്ങുന്നതു മൂലം മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയാണ്. ആംബുലന്‍സ് പോലും ഗതാഗതകുരുക്കില്‍പെടുന്നത് ദുരിതം ഇരട്ടിയാകുന്നു. വയനാട്ടിലെ ചികിത്സ സൗകര്യങ്ങള്‍ അപര്യാപ്തമായതിനാല്‍ ചുരം വഴി കോഴിക്കോട് എത്തിയാലേ വിദഗ്ദ ചികിത്സ ലഭിക്കുകയുള്ളൂ. അതോടൊപ്പം തന്നെ വയനാട്ടില്‍ ക്വോറികള്‍ക്ക് നിയന്ത്രണം ഉള്ളതിനാലും മറ്റ് ജില്ലകളില്‍ നിന്ന് വരുന്ന ടിപ്പര്‍, ടോറസ് ലോറികളുടെ എണ്ണം ഏറെയാണ്. റോഡ് പണികള്‍ക്ക് ഉള്‍പ്പെടെ സാധന സാമഗ്രികള്‍ മറ്റ് ജില്ലകളില്‍ നിന്ന് എത്തിക്കേണ്ടതും ഗതാഗതകുരുക്കിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നു. വയനാട് ജില്ലയുടെ പ്രധാന വികസന സാധ്യതയായ ടൂറിസം മേഖലയെ കൂടി ഇത് ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. ടൂറിസ്റ്റുകള്‍ ജില്ലയിലേക്ക് എത്തുന്ന വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് കൂടുതല്‍ ഗതാഗതക്കുരുക്ക് നേരിടുന്നത്. വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന മലയോരപാത എന്നതിനപ്പുറം മൈസൂരിലേക്കും, ബാംഗ്ലൂരിലേക്കുമുള്ള അന്തര്‍ സംസ്ഥാന പാത കൂടിയാണ് താമരശ്ശേരി ചുരം. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 2625 അടി മുകളിലാണ് വയനാട് സ്ഥിതിചെയ്യുന്നത്. മഴക്കാലത്തും മറ്റും മണ്ണിടിച്ചിലും മറ്റു അപകടങ്ങള്‍ പതിവ് സംഭവങ്ങളാണ്. വനപാതയായതിനാല്‍ ചുരം പാതയുടെ കൊടും വളവുകള്‍ നിവര്‍ത്താന്‍ വനം വകുപ്പ് 2018 ല്‍ .96 ഹെക്ടര്‍ വനം ഭൂമി വിട്ട് നല്‍കിയിട്ടും നടപടി എടുക്കാത്ത സാഹചര്യം അടിയന്തിരമായി പരിഹരിക്കണം. ചുരത്തില്‍ വച്ച് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കും മണിക്കൂറുകളോളം നീളുകയും, ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സാഹചര്യവും നിരന്തരം അനുഭവപ്പെടാറുണ്ട്. ചുരം കയറി മാത്രം എത്തിപ്പെടാവുന്ന ജില്ലയായ വയനാടിന്റെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടി 4 കാര്യങ്ങള്‍ അടിയന്തിരമായി നീക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മനത്രിയോട് ആവശ്യപ്പെട്ടു. .96 ഹെക്ടര്‍ വനം ഭൂമി വിട്ട് കിട്ടിയ സാഹചര്യത്തില്‍ കൊടും വളവുകള്‍ മുഴുവന്‍ സമ്പൂര്‍ണ്ണ ഗതാഗതയോഗ്യമാക്കുവാനും ഗതാഗതകുരുക്ക് അഴിക്കാനുമുള്ള നടപടികള്‍ക്ക് നേതൃത്വം കൊടുക്കണം, ഒരു ദിവസം 25000 ത്തിലധികം വാഹനങ്ങള്‍ കടന്ന് പോകുന്ന ഈ ചുരത്തിന് താങ്ങാവുന്നതിലധികം വാഹനത്തിന്റെ ആധിക്യം ഉള്ളത് കൊണ്ട് അടിയന്തിരമായി ചുരം ബൈപ്പാസ് (ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ) യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം, 1994 ല്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ തറക്കല്ലിടുകയും 70 ശതമാനത്തോളം പൂര്‍ത്തീകരിക്കുകയും ചെയ്ത പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് ആവശ്യമുള്ള വനഭൂമി വിട്ട് കിട്ടാനും യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം കൊടുക്കണം, ആനക്കാപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത പ്രവൃത്തി ആരംഭിക്കാന്‍ നടപടികള്‍ ആരംഭിക്കണം. കര്‍ണ്ണാടകത്തില്‍ നിന്നും മലബാറിലേക്കുള്ള ചരക്ക് നീക്കം സുഖമമാക്കുന്നതിനും വ്യോമ-റെയില്‍-ജല ഗതാഗത സാധ്യതകളില്ലാത്ത വയനാടിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നതിന് ബദല്‍ റോഡുകള്‍ അനിവാര്യമാണ്. ശ്രദ്ധക്ഷണിക്കലിന്റെ ഉപചോദ്യത്തില്‍ പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് വേണ്ടി ഒരു പ്രത്യേക യോഗം വിളിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ചുരം ബൈപ്പാസിന്റെ സാധ്യത ടി. സിദ്ധിഖ് എം.എല്‍.എ യുടെ ആവശ്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. ആനക്കാംപൊയില്‍-കള്ളാടി തുരങ്ക പാതക്കുള്ള സാമൂഹ്യാഘാത പഠനമുള്‍പ്പെടെയുള്ള നടപടികള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അത് ഉടനെ ലഭ്യമാകുമെന്നും, ഈ പദ്ധതി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണെന്നും അത് യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ജാബദ്ധരാണെന്നും, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.



Leave a Reply