May 30, 2023

ഉത്സവപ്രതീതിയില്‍ ആശ ഫെസ്റ്റ്; ആഘോഷമാക്കി ആശമാര്‍

0
IMG_20230211_181309.jpg
പനമരം :മത്സരങ്ങളേക്കാളുമുപരി ഉത്സവമായിരുന്നു അവര്‍ക്ക്. ജോലിത്തിരക്കുകള്‍ക്കിടയില്‍ നിന്നു മാറി എല്ലാം മറന്നുല്ലസിക്കാനുള്ള ഒരു ദിനം. ഇടവേളകളില്‍ ആര്‍ത്തുല്ലസിച്ചും പാട്ടുകള്‍ക്കൊപ്പം ചുവടുവച്ചും ഈയൊരു ദിനം ആഘോഷമാക്കി അവര്‍. പനമരം സെന്റ് ജൂഡ് പാരിഷ് ഹാളില്‍ അരങ്ങേറിയ പെണ്മ-2023 ആശ ഫെസ്റ്റ് ആശാപ്രവര്‍ത്തകരുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പുറത്തെടുക്കാനുള്ള മികച്ച വേദിയായി. ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യമേഖലയുടെ മുന്നണിപ്പോരാളികളായ ആശാപ്രവര്‍ത്തകര്‍ പ്രായഭേദമന്യേ പരിപാടിയില്‍ സജീവമായി എന്നതാണ് ഇത്തവണത്തെ ഫെസ്റ്റിന്റെ ഏറ്റവും വലിയ സവിശേഷത. നിറഞ്ഞ സദസ്സില്‍ നാടന്‍പാട്ടും സംഘനൃത്തവും മൂകാഭിനയവുമായി ഇവര്‍ കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു. ഒരുക്കത്തിലെ ഒരുമ പ്രകടനത്തിലും കാത്തുസൂക്ഷിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു സംഘനൃത്തത്തില്‍ അരങ്ങേറിയവര്‍. കൈമുദ്രകളും നോട്ടങ്ങളും ചലങ്ങളുമൊക്കെ ഒരുപോലെ വരുമ്പോഴാണ് സംഘനൃത്തം ആസ്വാദ്യകരമാവുന്നതെന്നതിനാല്‍ ആശമാരുടെ പ്രകടനം വിധികര്‍ത്താക്കള്‍ക്കും ശ്രമകരമായ ജോലിയായി. സമകാലിക സംഭവങ്ങളുമായി കൈയ്യടി നേടിയാണ് മൂകാഭിനയ മത്സരം പര്യവസാനിച്ചത്. ഭാഷയുടെ വ്യാകരണസംഹിതകളില്‍ ഒതുങ്ങിനില്‍ക്കുന്നതിനു പകരം നാട്ടുഭാഷയില്‍ ഒരുങ്ങിയ നാടന്‍പാട്ട് മത്സരവും ശ്രദ്ധയമായി. ആദിവാസി ജനവിഭാഗങ്ങളുടെ ആചാരങ്ങളും സംസ്‌കാരങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന വിഷയങ്ങളാണ് മിക്ക ടീമുകളും മത്സരത്തില്‍ ഉള്‍ക്കൊള്ളിച്ചത്. രാവിലെ ഒമ്പതിന് തുടങ്ങിയ മത്സരങ്ങള്‍ വൈകീട്ട് അഞ്ചുവരെ നീണ്ടുനിന്നു. മൂന്നു വിഭാഗങ്ങളിലായി ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം കാഷ് പ്രൈസും മൊമന്റോയും ലഭിച്ചു. ശൈലി ആപ്പ് സര്‍വേയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ചുള്ളിയോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുത്തുവിനെ പരിപാടിയില്‍ ആദരിച്ചു. ഹാംലറ്റ് ആശമാര്‍ ഉള്‍പ്പെടെ ജില്ലയിലെ 860 ആശാപ്രവര്‍ത്തകരെ 12 ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങള്‍. മത്സരയിനങ്ങളായ മൂകാഭിനയം, സംഘനൃത്തം, നാടന്‍പാട്ട് എന്നിവയില്‍ ഒന്നാംസ്ഥാനം നേടിയ ഗ്രൂപ്പുകള്‍ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. പി. ദിനീഷ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. പ്രിയാ സേനന്‍, ഡോ. സാവന്‍ സാറാ മാത്യു, ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍ എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ മാസ് മീഡിയാ ഓഫിസര്‍ ഹംസ ഇസ്മാലി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.കെ ചന്ദ്രശേഖരന്‍ സംസാരിച്ചു. ജില്ലാ ആശാ കോ-ഓഡിനേറ്റര്‍ സജേഷ് ഏലിയാസ്, ബയോമെഡിക്കല്‍ എന്‍ജിനീയര്‍ സ്വപ്‌ന അനു ജോസഫ്, പാലിയേറ്റീവ് കോ-ഓഡിനേറ്റര്‍ പി. സ്മിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *