പൊതുവിദ്യാഭ്യാസ ഏകീകരണം രാഷ്ട്രീയ ലാഭത്തിനായി പൊതുവിദ്യാഭ്യാസത്തെ തകർക്കരുത് : വി ഡി സതീശൻ

ബത്തേരി :
രാഷ്ട്രീയ ലക്ഷ്യം മാത്രം മുൻ നിർത്തി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഹൈസ്കൂൾ – ഹയർ സെക്കണ്ടറി ഏകീകരണത്തിലൂടെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ തകർക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഭരണപക്ഷ സംഘടനയുടെ താല്പര്യത്തിനനുസരിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന് ഔദ്യോഗിക പരിവേഷം നൽകിയ ഖാദർ കമ്മറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുന്നത് പൊതുവിദ്യാലയങ്ങളെ താങ്ങി നിർത്തുന്ന ഹയർ സെക്കണ്ടറി മേഖലയെ തകർക്കുമെന്നും, ചർച്ചകളില്ലാതെ ഇത് കേരളത്തിൽ നടപ്പാക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്നും ഡിപ്പാർട്ട്മെന്റൽ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം കൂട്ടിച്ചേർത്തു. ഹയർസെക്കണ്ടറി മേഖലയിൽ കാലങ്ങളായി പരിഹാരമില്ലാതെ തുടരുന്ന ജൂനിയർ അധ്യാപക പ്രശ്നം, പ്രിൻസിപ്പൽ നിയമനത്തിലെ അനീതികൾ , ക്ലർക്ക് – പ്യൂൺ – നിയമനത്തിലെ അവഗണന തുടങ്ങിയവയിൽ ഇടതു സർക്കാർ ആറുവർഷമായി തുടരുന്ന നിസംഗത വ്യക്തമായ ഹയർ സെക്കണ്ടറി വിരുദ്ധതക്ക് ഉദാഹരണമാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാർ തീരുമാനമെടുത്ത ജൂനിയർ സ്ഥാനക്കയറ്റം ഉത്തരവാക്കാൻ വരും കാലങ്ങളിൽ യു ഡി എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
കേരളം കാലങ്ങളായി തുടർന്നു കൊണ്ടിരിക്കുന്ന ഗുണമേന്മാ വിദ്യാഭ്യാസത്തെ നിഷേധിക്കുന്ന തരത്തിൽ ഹയർസെക്കണ്ടറി മേഖലയെ അക്കാദമികമായും ഭരണപരമായും തകർക്കുന്ന പരിഷ്ക്കാരമാണ് ഏകീകരണമെന്ന പേരിൽ ഇടതു സർക്കാർ ഉദ്ദേശിക്കുന്നതെന്നും, ജനാധിപത്യ വിരുദ്ധമായ അനാവശ്യ നീക്കത്തിനെതിരെ ശക്തമായ സാമൂഹ്യ പ്രതിരോധം ഉയരുമെന്നും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ടി സിദ്ദീഖ് എം എൽ എ പറഞ്ഞു. കേരളത്തിലെ കുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശരാജ്യങ്ങളിൽ അഭയം തേടുന്നതിന്റെ മൂലകാരണം പൊതു വിദ്യാഭ്യാസ മേഖലയിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും ഒട്ടും ദീർഘവീക്ഷണമില്ലാതെ നടത്തുന്ന ഇത്തരം മണ്ടൻ പരിഷ്ക്കാരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ജീവനക്കാരുടെ മരവിപ്പിച്ച ആനുകൂല്യങ്ങൾ അനുവദിക്കുക, വിലക്കയറ്റം രൂക്ഷമാക്കുന്ന നികുതിക്കൊള്ള പിൻവലിക്കുക , പാഠ്യപദ്ധതി – പുസ്തക പരിഷ്കാരങ്ങളിലെ ചുവപ്പു വൽക്കരണ ശ്രമം അവസാനിപ്പിക്കുക, പരീക്ഷാ – മൂല്യനിർണ്ണയത്തിലെ അധ്യാപക ദ്രോഹനടപടികളിൽ നിന്ന് പിൻമാറുക, ഹയർ സെക്കണ്ടറി അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം പിൻവലിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ ആർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. യാത്രയയപ്പു – അനുമോദന സമ്മേളനം ഐ സി ബാലകൃഷ്ണൻ എം എൽ എ യും വനിതാ സമ്മേളനം മുൻമന്ത്രി പി കെ ജയലക്ഷ്മിയും ഉദ്ഘാടനം ചെയ്തു.
വയനാട് ഡി സി സി പ്രസന്റ് എൻ ഡി അപ്പച്ചൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം ജോർജ് , സംസ്ഥാന ട്രഷറർ ഡോ എസ് എൻ മഹേഷ് ബാബു , എഫ് എച്ച് എസ് ടി എ ചെയർമാൻ ആർ അരുൺ കുമാർ, എം സന്തോഷ് കുമാർ , ഡോ കെ വി മനോജ് , പി രാധാകൃഷ്ണൻ , സി ജോസ് കുട്ടി , എം റിയാസ് , എം വി അഭിലാഷ് , ടി എസ് ഡാനിഷ് , കെ വി ചന്ദ്രൻ , റോണി ജേക്കബ് , ഡോ സാബുജി വർഗീസ് , ബേബി ടി , വി എം ജയപ്രദീപ് , രാജൻ തോമസ് , നയനാദാസ് ,സുജാത ജി , നിഷ കെ യു , അബ്ദുൾ ലത്തീഫ് , രതി ടി , എസ് ശേഖർ, പി കെ പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.



Leave a Reply