സമസ്ത പ്രവാസി സെല്‍ സന്ദേശയാത്രക്ക് വയനാട്ടില്‍ സ്വീകരണം

കല്‍പ്പറ്റ: സമസ്ത പ്രവാസി സെല്‍ സന്ദേശയാത്രക്ക് വയനാട്ടില്‍ സ്വീകരണം നല്‍കി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന യാത്ര രണ്ടാം ദിനത്തിലാണ് വയനാട്ടിലെത്തിയത്. സ്വീകരണയോഗം സമസ്ത കേന്ദ്ര മുശാവറ അംഗവും മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ കെ.ടി ഹംസ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്റെ മുഖ്യപങ്കും വിദേശങ്ങളില്‍ ചിലവഴിച്ച് കുടുംബത്തിനൊപ്പം രാഷ്ട്രത്തിനും താങ്ങായവര്‍ തിരിച്ച് നാട്ടിലെത്തുമ്പോള്‍ അവര്‍ക്ക് ഒരു കൈത്താങ്ങാവാനാണ് സമസ്ത പ്രവാസി സെല്‍ രൂപീകരിച്ചതെന്നും ആത്മാര്‍ഥമായുള്ള പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സംഘടനക്ക് സാധിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കലില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ല സെല്ലിന്റെ പ്രവര്‍ത്തനം . ആ രീതിയില്‍ തന്നെ മുന്നോട്ട് പോകാന്‍ സംഘടനക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി സെല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.സി ഉമര്‍ മൗലവി കുപ്പാടിത്തറ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി മാന്നാര്‍ ഇസ്മയില്‍ കുഞ്ഞ് ഹാജി യാത്രയുടെ ലക്ഷ്യം വിശദീകരിച്ചു. കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ച് കൊണ്ടാണ് സംഘടന മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമസ്തയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് 100 പ്രവാസികള്‍ക്ക് സ്വയം തൊഴില്‍, ജീവിതത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളെ കണ്ടെത്തി അവര്‍ക്ക് ഉപജീവന പദ്ധതികള്‍ ആവിഷ്‌കരിക്കല്‍, ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഹെല്‍പ് ഡെസ്‌ക് അടക്കമുള്ള പദ്ധതികളാണ് ആദ്യഘട്ടത്തില്‍ നടപ്പില്‍ വരുത്താല്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജാഥാ അംഗങ്ങളെ കോര്‍ഡിനേറ്റര്‍ മജീദ് പത്തപ്പിരിയം പരിചയപ്പെടുത്തി. സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ വി.കെ മുഹമ്മദ്, ഹംസ ഹാജി മാനിയൂര്‍, അഷ്‌റഫ് പാലത്തായി, ഇസ്മായില്‍ ഹാജി എടച്ചേരി, അസീസ് പുള്ളാവൂര്‍, ഇസ്മായില്‍ ഹാജി ചാലിയം, എ.കെ ആലിപ്പറമ്പ്, ശരീഫ് ദാരിമി കോട്ടയം, ഹസ്സന്‍ ആലങ്കോട് സംസാരിച്ചു.



Leave a Reply