വിദേശത്തു ഉപരിപഠനം വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു

കൽപ്പറ്റ : വിദേശ യൂണിവേഴ്സിറ്റികളിൽ ഉപരിപഠനത്തിനു പ്രവേശനം വാങ്ങി നൽകാം എന്ന് വിശ്വസിപ്പിച്ച് വിദ്യാർത്ഥികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽഫ മേരി ഇന്റർനാഷണൽ എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിന്റെ എച്ച് ആർ മാനേജരായ കോഴിക്കോട് സ്വദേശി ആകാശ് ശശി (28) എന്നയാളെയാണ് വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷാജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. ബത്തേരി സ്വദേശിയായ ഡോക്ടർക്ക് സിങ്കപ്പൂരിൽ ഉപരിപഠനത്തിനു പ്രവേശനം വാങ്ങി നൽകാം എന്ന് വിശ്വസിപ്പിച്ചു 5 ലക്ഷം രൂപയും തലപ്പുഴ സ്വദേശിക്ക് യു.കെ യിൽ എം ബി എക്ക് സീറ്റ് നൽകാം എന്ന് വിശ്വസിപ്പിച്ച് 9 ലക്ഷം രൂപയും വാങ്ങിയാണ് അഡ്മിഷൻ നൽകാതെ ചതിച്ചത്. ഇവരുടെ പരാതിയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതിൽ ആൽഫ മേരി ഇന്റർനാഷണൽ എഡ്യൂക്കേഷൻ എന്ന സ്ഥാപനം സംസ്ഥാനത്ത് നിരവധിയാളുകളെ ഈ വിധം വഞ്ചിച്ചു പണം തട്ടിയെടുത്തതായി വ്യക്തമായിട്ടുണ്ട്. 23 ഓളം കേസുകൾ ഈ സ്ഥാപനത്തിന് എതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരുന്നു. ഡൽഹി, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ ഓഫീസ് ഉണ്ട് എന്നവകാശപെടുന്ന സ്ഥാപനത്തിന്റെ ഈ ഓഫീസുകൾ വർഷങ്ങൾക് മുന്പേ പൂട്ടി പോയതായി പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉടമയായ റോജർ എന്നയാളെ നേരെത്തെ പോലീസ് പിടികൂടിയിരുന്നു. HR മാനേജർ ആയ ആകാശ് ആണ് വിദ്യാർത്ഥികളെ തന്ത്രപൂർവ്വം ഈ തട്ടിപ്പിൽ വീഴ്ത്തികൊണ്ടിരുന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച പോലീസിന് തട്ടിപ്പ് കമ്പനിയിൽ നിന്നും ഭീമമായ പണം ഇയാൾ വാങ്ങിയെടുത്തതായി മനസിലാക്കിയിരുന്നു. പോലീസ് അന്വേഷിക്കുന്നതായി മനസിലാക്കിയ ഇയാൾ ഒളിവിൽ പോവുകയും പിന്നീട് ഹൈകോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകുകകയും ചെയ്തുവെങ്കിലും കോടതി ജാമ്യം തള്ളികളയുകയാണ് ഉണ്ടായത്. തുടർന്ന് അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്ത് കൽപ്പറ്റ സിജെഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.. അന്വേഷണ സംഘത്തിൽ എ എസ് ഐ ജോയ്സ് ജോൺ, എസ് സി പി ഒ . അബ്ദുൽ സലാം കെ എ., സി പി ഒ ജിസൺ ജോർജ് എന്നിവരും ഉണ്ടായിരുന്നു.



Leave a Reply