ധര്‍മ്മത്തെ നിലനിര്‍ത്തുക എന്നുള്ളതാണ് നമ്മുടെ രാജ്യത്തിന്റെ മുഖ്യ അജണ്ട:വത്സന്‍ തില്ലങ്കേരി

തലപ്പുഴ: ഹൈന്ദവര്‍ ഇപ്പോള്‍ അനാഥരല്ലെന്നും ഹൈന്ദവര്‍ക്ക് വേണ്ടി സംസാരിക്കുവാനും പ്രവര്‍ത്തിക്കുവാനും ഹിന്ദു ഐക്യവേദി പോലുള്ള നിരവധി സംഘടനകള്‍ ഉണ്ടെന്നും സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്‌വത്സന്‍ തില്ലങ്കേരി. തലപ്പുഴയില്‍ നടന്ന ഹിന്ദു ഐക്യവേദി മാനന്തവാടി താലൂക്ക് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാറാട് കലാപത്തെ തുടര്‍ന്ന് ഹൈന്ദവര്‍ക്ക് വിവേചനം നേരിട്ടപ്പോള്‍ രൂപം കൊണ്ട സംഘടനയാണ് ഹിന്ദു ഐക്യവേദി. കഴിഞ്ഞ 20 വര്‍ഷമായി കേരളത്തില്‍ അത് ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഹിന്ദു ഐക്യവേദി മാറാട് പ്രവര്‍ത്തനം ആരംഭിച്ച് വിഴിഞ്ഞത്ത് വരെ പ്രവര്‍ത്തന പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. സമ്മേളനങ്ങളുടെ മുദ്രാവാക്യം തന്നെ ധര്‍മ്മരക്ഷയ്ക്കായി ഒരുമിക്കുക സാമൂഹ്യനീതിക്കായി പോരാടാം എന്നാണ്. സനാതനധര്‍മ്മം ഹിന്ദു ധര്‍മ്മം എന്നൊക്കെ പറഞ്ഞാല്‍ അത് നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്.സുപ്രീംകോടതി വരെ അത് സ്ഥിരീകരിച്ചിട്ടുണ്ട്. ഹിന്ദു എന്നത് ഒരു മതത്തിന്റെ പേരല്ല. അതീ നാടിന്റെ പൈതൃകത്തിന്റെ പേരാണ്. ഈ പാരമ്പര്യം നമ്മള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നാട്ടില്‍ ഹിന്ദു വിഭാഗം അവഗണിക്കപ്പെടുകയാണ്. മറ്റാര്‍ക്കും ഇല്ലാത്ത ആനുകൂല്യങ്ങള്‍ രാജ്യത്ത് ഹിന്ദുവിന് വേണമെന്ന് ഒരു നിര്‍ബന്ധവുമില്ല. എന്നാല്‍ മറ്റുള്ളവര്‍ക്കും കൊടുക്കുന്ന ആനുകൂല്യങ്ങള്‍ ഹിന്ദുവിനും അവകാശപ്പെട്ടതാണ്. എല്ലാ വിശ്വാസത്തെയും ഒരുപോലെ കാണുക എന്നുള്ളതാണ് നമ്മുടെ യഥാര്‍ത്ഥ പൈതൃകം. ധര്‍മ്മത്തെ നിലനിര്‍ത്തുക എന്നുള്ളതാണ് നമ്മുടെ രാജ്യത്തിന്റെ മുഖ്യ അജണ്ട. താലിബാന്‍ പോലുള്ള ഭരണം നമ്മുടെ രാജ്യത്തും വരണമെന്ന് ചില കമ്മ്യൂണിസ്റ്റുകാര്‍ ആഗ്രഹിക്കുന്നുണ്ട്. താലിബാന്‍ വിസ്മയം ആണെന്ന് ചില മാധ്യമങ്ങളും എഴുതിപ്പിടിപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിഷ മോഹനന്റെ പ്രാര്‍ത്ഥനയോടു തുടങ്ങിയ ചടങ്ങില്‍ താലൂക്ക് പ്രസിഡന്റ് കെ.എസ്.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വാടേരി ശിവക്ഷേത്രം പ്രസിഡന്റ് ശ്രീവത്സന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എ.എം. ഉദയകുമാര്‍, ജനറല്‍ സെക്രട്ടറി സി.കെ. ഉദയന്‍ കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രം പ്രസിഡണ്ട് അഡ്വ.മണി, താലൂക്ക് സെക്രട്ടറി സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ സംസ്‌കൃത ഭാഷ പഠന ജേതാവ് ഇ.എസ്. വിഘ്‌നേഷ്, ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ കെ.എല്‍. ശിവകൃഷ്ണന്‍ എന്നിവരെ അനുമോദിച്ചു.



Leave a Reply