തീക്കാലം കഴിയുന്നതു വരെ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടണം;വയനാട് പ്രകൃതി സംരക്ഷണ സമിതി

കൽപ്പറ്റ : വേനൽ കടുക്കുകയും കാടുമുഴുവൻ വരണ്ടുണങ്ങുകയും കർണാടക – തമിഴ്നാട് കാടുകളിൽ മാത്രമല്ല, വയനാടൻ കാടുകളിലും തീ കത്തി തുടങ്ങുയും ചെയ്യുന്നതിനാൽ വയനാട്ടിലെ കാടിനുള്ളിൽ നടക്കുന്ന ഇക്കോ ടൂറിസം നിർത്തിവെക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉഷ്ണവും വരൾച്ചയും നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇക്കോ ടൂറിസത്തിൽ മുഴുകിയിരിക്കുന്ന ഗൈഡുമാരെയും മറ്റും തീ പ്രതിരോധ പ്രവർത്തനത്തിന് ഉപയോഗിക്കേണ്ടതാണ്. വയനാട്ടിലെ ഫോറസ്റ്റ് ഡിവിഷനുകളിലെ മാനേജ്മെന്റ് പ്ലാനിലും വർക്കിംഗ് പ്ലാനുകളിലും മാർച്ചിലും ഏപ്രിലിലും ഇക്കോ ടൂറിസം നിരോധിച്ചിരിക്കെ ചില തത്പര കക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങുകയാണ് ഫോറസ്റ്റുദ്യോഗസ്ഥർ. വേനൽ കടുക്കുന്നതോടെ വെള്ളവും തീറ്റയും അന്വേഷിച്ച് വന്യജീവികൾ കൂട്ടം കൂട്ടമായി വയനാടൻ കാടുകളിൽ എത്താറുണ്ട്. നൂറു കണക്കിനു അംഗങ്ങളുള്ള കാട്ടാനകൂട്ടങ്ങൾ പരമ്പതാഗതമായി ഇവിടെ തമ്പടിക്കുന്നു. കാട്ടിനുള്ളിൽ വാഹനവും മനുഷ്യരും വന്യജീവികളുടെ സ്വൈര്യം കെടുത്തുമ്പോൾ അവ മനുഷ്യ വാസം കേന്ദ്രങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുക സ്വാഭാവികമാണ്. ഇതൊക്കെ അറിയുന്നവരാണ് വനം ഉദ്യോഗസ്ഥർ. മാത്രമല്ല ഉണങ്ങി വരണ്ട കരിയിലകളും കുറ്റിക്കാടുകളും ചേർന്ന് വെടിമരുന്നു ശാലയുടെ പരുവത്തിൽ നിൽക്കുന്ന കാടുകളിൽ മനുഷ്യ സാന്നിദ്ധ്യം ഒട്ടും സുരക്ഷിതമല്ല. ടൂറിസ്റ്റുകളുടെ ജീവൻ പോലും അപകടത്തിലായേക്കാവുന്നതാണ് . ടൂറിസ്റ്റുകൾ മൂലം ചെമ്പ്രാ പീക്കിലും കുറുവയിലും അപ്പപ്പാറയിലും അടുത്ത കാലത്താണ് തീപ്പിടുത്തം ഉണ്ടായത്. ടൂറിസം കേന്ദ്രങ്ങൾ വേനൽ കഴിയുന്നതുവരെ അടച്ചിടണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ഫോറസ്റ്റ് സംരക്ഷണ സേനയുടെ തലവൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ, തീ പ്രതിരോധത്തിന്റെ നോഡൽ ഓഫീസർ എന്നിവർക്ക് നിവേദനം നൽകി. എൻ.ബാദുഷ, തോമസ്സ് അമ്പലവയൽ , പി.എം.സുരേഷ്, എം ഗംഗാധരൻ ,എ.വി മനോജ് എന്നിവർ പ്രസംഗിച്ചു.



Leave a Reply