വിശ്വനാഥന്റെ മരണം: കേസ് അട്ടിമറിക്കുന്നതിന് എതിരെ ഫ്രറ്റേണിറ്റി ലോങ് മാർച്ച് നാളെ

കൽപറ്റ: മോഷണക്കുറ്റം ആരോപിച്ചു ആൾക്കൂട്ടം വിചാരണ നടത്തുകയും വംശീയമായി അധിക്ഷേപിക്കുകയും പിന്നീട് മരിച്ചനിലയിൽ കാണപ്പെടുകയും ചെയ്ത ആദിവാസി യുവാവ് വിശ്വനാഥന്റെ കേസ് അട്ടിമറിക്കുന്നതിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ നാളെ ലോങ് മാർച്ച് നടത്തുന്നു. വിശ്വനാഥന്റെ കൽപ്പറ്റ അഡ്ലൈഡിലെ വീട്ടിൽ നിന്ന് വയനാട് കലക്ടറേറ്റിലേക്ക് നടത്തുന്ന ലോങ് മാർച്ച് വിശ്വനാഥന്റെ അമ്മ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന-ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10.30ന് ആരംഭിക്കുന്ന മാർച്ചിൽ വിശ്വനാഥന്റെ അമ്മ, സഹോദരന്‍, വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ, പൗരത്വ പ്രക്ഷോഭ നായിക ലദീദ ഫര്‍സാന, സംവിധായിക ലീല സന്തോഷ്, ആദിവാസി വനിത പ്രസ്ഥാനം നേതാവ് കെ. അമ്മിണി വയനാട് , സാമൂഹിക പ്രവര്‍ത്തകന്‍ കെ. അംബുജാക്ഷന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോവാസു, കെ.ഡി.പി ജില്ല സെക്രട്ടറി കെ.വി. രജിതന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. പി.ജി. ഹരി തുടങ്ങിയവര്‍ അണിചേരും. മാർച്ച് കലക്ടറേറ്റിലെത്തിയ ശേഷം പ്രതിഷേധ സംഗമം ചേരും.
കോഴിക്കോട് മെഡിക്കൽ കോളജിൽ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ചികിത്സക്ക് എത്തിയ വിശ്വനാഥന്റെ മരണത്തെകുറിച്ച് ബന്ധുക്കൾ അടക്കം ആദ്യഘട്ടത്തിൽ തന്നെ ദുരൂഹത ഉന്നയിച്ചിരുന്നു. എന്നാൽ പൊലീസ് കേസെടുക്കാൻ പോലും ആദ്യഘട്ടത്തിൽ സന്നദ്ധമായില്ല. അട്ടപ്പടിയിലെ മധുവിന്റേത് ഉൾപ്പടെ ആദിവാസികൾ നീതിക്കുവേണ്ടി നടത്തുന്ന വിവിധ കേസുകളിൽ സംഭവിക്കുന്നത് പോലെ വിശ്വനാഥന്റേതിലും സംഭവിക്കാതിരിക്കാൻ പൊതുസമൂഹത്തിന്റെ ജാഗ്രത അനിവാര്യമണെന്ന് ഭാരവാഹികൾ പറഞ്ഞു. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്താനും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ നിര്‍ത്താനും സര്‍ക്കാരും പൊലീസും ഉദാസീനത കാട്ടുകയാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. തശ്രീഫ് മമ്പാട്, ജില്ല പ്രസിഡന്റ് പി.എച്ച്. ലത്തീഫ്, ജില്ല ജനറൽ സെക്രട്ടറി മുഹ്‌സിന്‍ മുഷ്താഖ്, ജില്ലാ സെക്രട്ടറി ശര്‍ബിന ഫൈസല്‍, വസീം അലി പിണങ്ങോട്, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.കെ. ഗഫൂര്‍ എന്നിവര്‍ സംബന്ധിച്ചു.



Leave a Reply