സംസ്ഥാന സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് കുട്ടികളില്‍ നിന്ന് പണം പിരിച്ചെന്ന് പരാതി

കല്‍പ്പറ്റ : പെരുന്തട്ടയില്‍ നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ കുട്ടികളില്‍ നിന്ന് 1600 രൂപ പിരിച്ച നടപടിയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് നലകിയ പരാതിയില്‍ ഇതുവരെ നടപടികളൊന്നുമുണ്ടായില്ലെന്ന് പരാതിക്കാരനായ മുഹമ്മദ് നാജിദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മുന്‍കാലങ്ങളില്‍ രജിസ്‌ട്രേഷന്‍ ഫീസായി കുട്ടികളില്‍ നിന്ന് 50 രൂപയായിരുന്നു വാങ്ങിയത്. എന്നാല്‍ ഇത്തവണ വയനാട്ടിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നതെന്നതിനാല്‍ കുട്ടികള്‍ രജിസ്‌ട്രേഷന്‍ തുക വര്‍ധിപ്പിച്ചതാണെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ നിരവധി കുട്ടികള്‍ക്ക് ഇക്കാരണത്താല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയതെന്നും നാജിദ് ആരോപിച്ചു. ഇതേതുടര്‍ന്നാണ് പരാതിയുമായി രംഗത്തെത്തിയത്. കുട്ടികള്‍ക്ക് മത്സരത്തിനുള്ള ജഴ്‌സിക്ക് 600 രൂപയും ഭക്ഷണമടക്കമുള്ള മറ്റ് ചിലവുകളിലേക്കായി ബാക്കി തുകയും നല്‍കണമെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ജഴ്‌സി സ്‌പോണ്‍സര്‍ഷിപ്പിലാണ് ലഭിച്ചത്. കുട്ടികള്‍ക്ക് ഭക്ഷണമോ, വെള്ളമോ നല്‍കിയിട്ടില്ല. അവിടെ സ്റ്റാളുകളില്‍ പണം നല്‍കിയാണ് കുട്ടികള്‍ ഭക്ഷണവും വെള്ളവുമടക്കം വാങ്ങിയത്. ഇതാണ് വിഷയത്തില്‍ പരാതിയുമായി പോകാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും നാജിദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.



Leave a Reply