March 25, 2023

പ്രഥമ ജാഗ്രതാ സമിതി പുരസ്കാരം മീനങ്ങാടിക്ക്

IMG_20230309_083245.jpg
മീനങ്ങാടി: ജില്ലയിലേ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിക്ക് പിന്നാലെ വനിതാ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ജാഗ്രതാ സമിതിയ്ക്കുള്ള സംസ്ഥാനതല പുരസ്കാരവും മീനങ്ങാടിയെ തേടിയെത്തി. സ്ത്രീകളുടെ പദവിയും അഭിമാനവും ഉയര്‍ത്തിക്കൊണ്ട് പൊതു ഇടം തന്റേതുകൂടിയാണെന്ന അവബോധം സ്ത്രീകള്‍ക്കിടയില്‍ സൃഷ്ടിക്കുന്നതിനായി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്കാരം. സ്ത്രീകളും കുട്ടികളും കുടുംബങ്ങളിലും പൊതു ഇടങ്ങളിലും നേരിടുന്ന പ്രശ്നങ്ങള്‍ വാര്‍ഡുതലത്തിലും പഞ്ചായത്തുതലത്തിലും പരിഹരിച്ചു പോരുന്ന ജാഗ്രതാ സമിതികള്‍ക്കാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ജാഗ്രതാ സമിതിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ വനിതാ കമ്മീഷന്‍ അദാലത്തുകളിലേക്ക് പരാതികളെത്താതെ പഞ്ചായത്തുതലത്തില്‍ പരിഹരിക്കാനാവുന്നതും, വനിതാ കമ്മീഷന്‍ സെമിനാര്‍, വാര്‍ഡുതലത്തില്‍ സംഘടിപ്പിച്ച ജെന്‍ഡര്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ബൈക്ക് റാലി, മുതിര്‍ന്ന സ്ത്രീകള്‍ക്കായുള്ള സ്വയം പ്രതിരോധ ക്ലാസ്സുകള്‍, വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സ്കൂളുകളില്‍ നടത്തിയ ബോധവത്ക്കരണ കലാപരിപാടികള്‍, നിയമ സഹായ ക്ലാസ്സുകള്‍, ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ നൈറ്റ് വാക്ക് എന്നിവയാണ് മീനങ്ങാടിയെ അവാര്‍ഡിന് അര്‍ഹമാക്കിയത്.
 സ്ത്രീകളുടേയും കുട്ടികളുടേയും വിവിധങ്ങളായ പ്രശ്നങ്ങളില്‍ ഇടപെടുന്നതിനും, അവര്‍ക്കാവശ്യമായ പിന്തുണയും നിയമസഹായവും നല്‍കുന്നതിനുമായി പഞ്ചായത്തില്‍ പ്രത്യേക കൗണ്‍സിലിംഗ് സെന്ററും പ്രവര്‍ത്തിച്ചു വരുന്നു. ഇതിനായി മുഴുവന്‍ സമയ വുമണ്‍ ഫെസിലിറ്റേറ്ററേയും വേതനം നല്‍കി പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. നുസ്രത്ത്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗ്ഗീസ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ രാജേന്ദ്രന്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ അഞ്ജു കൃഷ്ണ, യംഗ് ഫെലോ ഓഫ് എന്‍.ഐ.ആര്‍.ഡി.പി.ആര്‍. നീന കൃഷ്ണന്‍ എന്നിവര്‍ തിരുവനന്തപുരത്ത് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *