ജലക്ഷാമം ; നീർവാരം ജലനിധി കുടിവെള്ള വിതരണം മുടങ്ങി

പനമരം : പുഴയിലെ ജലനിരപ്പ് കുറഞ്ഞതോടെ കുടിവെള്ള വിതരണം മുടങ്ങി. പനമരം നീർവാരത്തെ കുടിവെള്ളവിതരണമാണ് മുടങ്ങിയത്.. പനമരം ഗ്രാമപ്പഞ്ചായത്തിലെ അഞ്ച്, ആറ്, എട്ട് വാർഡുകളിൽപ്പെടുന്ന നീർവാരം, അമ്മാനി, കല്ലുവയൽ, കോളോംകടവ്, കുറ്റിപ്പിലാവ്, ചന്ദനക്കൊല്ലി, മണിക്കോട്, മുക്രമൂല തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളാണ് ഏക ആശ്രയമായ പൈപ്പ് ലൈൻ ശുദ്ധജല വിതരണവും താളംതെറ്റിയതോടെ പ്രയാസത്തിലാവുന്നത്. പുഴയിൽ വെള്ളം കുത്തനെ താഴ്ന്നതിനാൽ വെള്ളം പമ്പ് ചെയ്യുമ്പോൾ ജലനിധിയുടെ മോട്ടോറിൽ കയറുന്നില്ല. ഇതോടെ ജലനിധി അധികൃതരും നിസ്സഹായരാണ്.
മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ ജലക്ഷാമമാണ് പുഴയിൽ അനുഭവപ്പെടുന്നത്. പുഴയുടെ അടിഭാഗം വ്യക്തമായി കാണുംവിധം ജലനിരപ്പ് താഴ്ന്നതായി നാട്ടുകാർ പറയുന്നു. ആദിവാസിക്കോളനികൾ ഉൾപ്പെടെ ജനവാസമേഖലകളിലെല്ലാം ജലക്ഷാമം രൂക്ഷമാണിപ്പോൾ. ഉള്ള കിണറുകളെല്ലാം വറ്റിവരണ്ട അവസ്ഥയിലാണ്. മാസം 150 രൂപയോളം ജലനിധിക്ക് അടച്ചാണ് വീടുകളിലേക്ക് ശുദ്ധജലമെത്തുന്നത്.



Leave a Reply