ഗോവിന്ദമൂല ചിറ; വയനാട്ടില്‍ പുതിയ ടൂറിസം ഡെസ്റ്റിനേഷൻ ?

•റിപ്പോർട്ട് : സഞ്ജന.എസ്. കുമാർ•
ബത്തേരി: വയനാട്ടില്‍ പുതിയ ടൂറിസം ഡെസ്റ്റിനേഷൻ വരുന്നു. നെന്മേനി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ ഗോവിന്ദമൂല ചിറയിൽ വിനോദ സഞ്ചാര പദ്ധതിക്കാണ് സർക്കാറിന്റെ ഭരണാനുമതി ലഭിച്ചത്. ആകർഷകമായ പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബോട്ട് സവാരി അടക്കമുള്ള പദ്ധതികൾക്ക് 76,15,000 രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്.
ചിറയിൽ അപകട മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഭരണ സമിതിയുടെ അതിവേഗ ഇടപെടലുകളുടെ ഭാഗമായാണ് പദ്ധതിക്ക് അനുമതി ലഭിച്ചരിക്കുന്നത്. തൊട്ടടുത്ത മാസങ്ങളിലായി ചിറയിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങി മരിച്ചിരുന്നു. വിനോദ സഞ്ചാര വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തിയാണ് അംഗീകാരം.
സുരക്ഷാവേലി, കഫറ്റീരിയ, വിശ്രമകേന്ദ്രം, ബോട്ടിങ്, കയാക്കിങ്, ടെന്റുകൾ, മീൻ പിടുത്തത്തിനുള്ള പ്രത്യേക സ്ഥലം, കുട്ടികളുടെ പാർക്ക്, ട്രക്കിങിനുള്ള ഉപാധികൾ, സിമന്റ് ബെഞ്ചുകൾ, നടപ്പാത, വൈദ്യുതി അലങ്കാരങ്ങൾ തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപെടുത്തിയിരിക്കുന്നത്.
നിരവധി സഞ്ചാരികൾ ദിനംപ്രതി എത്തുന്ന എടക്കൽ ഗുഹക്ക് സമീപം ആയതിനാൽ തന്നെ പദ്ധതി ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാനാവുമെന്നാണ് പ്രതീക്ഷ. ഗുഹ പരിസരത്ത് മൂന്നേക്കർ ഭൂമിയിൽ ടൂറിസം പാർക്കിനുള്ള നീക്കങ്ങളും ഭരണസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
എടക്കൽ ഗുഹ, ഗോവിന്ദമൂലച്ചിറ, ടൂറിസം പാർക്ക്, എഴുത്ത് പാറ, തൊവരിമല എന്നിവയുൾപ്പെടുത്തി ടൂറിസം കോറിഡോറും അതുവഴി ഗ്രാമപഞ്ചായത്തിന് വരുമാനവും കൂടുതൽ തൊഴിലവസരവുമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
ആലോചന യോഗത്തിൽ പ്രസിഡന്റ് ഷീല പുഞ്ചവയൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, സ്ഥിരംസമിതി അധ്യക്ഷരായ ജയ മുരളി, കെ.വി. ശശി, സുജാത ഹരിദാസ്, അംഗങ്ങളായ യശോദ ബാലകൃഷ്ണൻ, ബിജു ഇടയനാൽ, ഷമീർ മാളിക, ദീപ ബാബു എന്നിവർ സംസാരിച്ചു.



Leave a Reply