മനം നിറക്കാൻ ജംബോ സർക്കസ്

ബത്തേരി : നീണ്ട നാളെത്തെ ഇടവേളയ്ക്കു ശേഷം സർക്കസ് കൂടാരങ്ങളിൽ വീണ്ടും പ്രേക്ഷകരുടെ നിറവ്. മെയ്‌വഴക്കവും ഏകാഗ്രതയും നിറഞ്ഞ സാഹസിക, വിസ്മയ പ്രകടനങ്ങളിൽ ആവേശഭരിതരാവുകയാണ് പുതിയ കാലത്തും കാണികൾ. രാജ്യത്തു തന്നെ നൂറിലധികമുണ്ടായിരുന്ന സർക്കസ് കമ്പനികൾ ഇന്ന് വെറും നാലെണ്ണമായി ചുരുങ്ങിയപ്പോൾ അതിലൊന്നായ ജംബോ സർക്കസ് ബത്തേരിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി നിറഞ്ഞ സദസ്സിലാണ് പ്രദർശനം തുടരുന്നത്.ആഫ്രിക്കൻ കലാകാരൻമാരുടെ വേറിട്ട പ്രകടനങ്ങളാണ് ജംബോ സർക്കസിന്റെ ഇത്തവണത്തെ മുഖ്യ ആകർഷണം. അമേരിക്കൻ സ്പേസ് വീൽ എന്ന അതിസാഹസികവും അപകടം നിറഞ്ഞതുമായ പുതുമയാർന്ന ഇനം ഏറെ പ്രേക്ഷക പ്രീതി നേടുന്നു. മണിപ്പൂർ അസം എന്നിവിടങ്ങളിലെ സർക്കസ് പ്രവർത്തകർ അവതരിപ്പിക്കുന്ന ഡബിൾ റിങ് റൊമാന്റിക് സാരി ബാലൻസ് പ്രകടനങ്ങളും ഡാർക്ക് ലൈറ്റ് ഗ്ലോബ്, ആഫ്രിക്കൻ കലാകാരുടെ ഫയർ ഡാൻസ്, പോൾ അക്രബേറ്റ് എന്നിവയും ശ്വസമടക്കിയാണ് കണ്ടിരിക്കാനാവുക.
അതിവേഗത്തിൽ നിർമിക്കപ്പെടുന്ന മനുഷ്യ പിരമിഡുകൾ പോലെ കാണപ്പെടുന്ന പിരമിഡ് ആക്രബേറ്റ്, റോളർ ബാലൻസ് തുടങ്ങിയവയും മെയ്‌വഴക്കവും ഏകാഗ്രതയും സാഹസികതയും ഒത്തിണങ്ങിയതാണ്. ജംബോ സർക്കസ് സ്ഥാപകൻ എം.വി. ശങ്കരന്റെ മക്കളായ അജയ് ശങ്കർ, അശോക് ശങ്കർ എന്നിവരാണ് ഇപ്പോൾ മേൽനോട്ടം വഹിക്കുന്നത് .ചെക്കോസ്ലോവാക്യൻ ലേസർ ലൈറ്റുകളും ഡിജിറ്റൽ ശബ്ദമികവും സർക്കസ് കൂടാരങ്ങളിൽ പുതിയ തരംഗമാണുയർത്തുന്നത്. ഉച്ചയ്ക്ക് 1നും വൈകിട്ട് 4നും 7നും മൂന്നു പ്രദർശനങ്ങളാണ് ബത്തേരിയിൽ നടക്കുന്നത്.



Leave a Reply